പഴയ നിയമംMOV

സങ്കീര്‍ത്തനങ്ങള്‍ 106

1യഹോവയെ സ്തുതിപ്പിന്‍; യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കും ഉള്ളത്.

2യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വര്‍ണിക്കും? അവന്‍റെ സ്തുതിയെയൊക്കെയും ആര്‍ വിവരിക്കും?

3ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്‍ത്തിക്കുന്നവരും ഭാഗ്യവാന്മാര്‍.

4യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന്‍ കാണേണ്ടതിനും നിന്‍റെ ജനത്തിന്‍റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും നിന്‍റെ അവകാശത്തോടുകൂടെ പുകഴേണ്ടതിനും

5നിന്‍റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓര്‍ത്ത്, നിന്‍റെ രക്ഷകൊണ്ട് എന്നെ സന്ദര്‍ശിക്കേണമേ.

6ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.

7ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമിൽവച്ച് നിന്‍റെ അദ്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്‍റെ മഹാദയയെ ഓര്‍ക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽ വച്ചുതന്നെ മത്സരിച്ചു.

8എന്നിട്ടും അവന്‍ തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്‍റെ നാമംനിമിത്തം അവരെ രക്ഷിച്ചു.

9അവന്‍ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; അവന്‍ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.

10അവന്‍ പകയന്‍റെ കൈയിൽനിന്ന് അവരെ രക്ഷിച്ചു; ശത്രുവിന്‍റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.

11വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.

12അവര്‍ അവന്‍റെ വചനങ്ങളെ വിശ്വസിച്ചു; അവനു സ്തുതിപാടുകയും ചെയ്തു.

13എങ്കിലും അവര്‍ വേഗത്തിൽ അവന്‍റെ പ്രവൃത്തികളെ മറന്നു; അവന്‍റെ ആലോചനയ്ക്ക് കാത്തിരുന്നതുമില്ല.

14മരുഭൂമിയിൽവച്ച് അവര്‍ ഏറ്റവും മോഹിച്ചു; നിര്‍ജനപ്രദേശത്ത് അവര്‍ ദൈവത്തെ പരീക്ഷിച്ചു.

15അവര്‍ അപേക്ഷിച്ചത് അവന്‍ അവര്‍ക്കു കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.

16പാളയത്തിൽവച്ച് അവര്‍ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.

17ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്‍റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.

18അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.

19അവര്‍ ഹോറേബിൽവച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാര്‍ത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.

20ഇങ്ങനെ അവര്‍ തങ്ങളുടെ മഹത്ത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദൃശനാക്കിത്തീര്‍ത്തു.

21മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്‍റെ ദേശത്ത് അദ്ഭുതപ്രവൃത്തികളും

22ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.

23ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവന്‍ അരുളിച്ചെയ്തു; അവന്‍റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്‍റെ സന്നിധിയിൽ പിളര്‍പ്പിൽ നിന്നില്ലങ്കിൽ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.

24അവര്‍ മനോഹരദേശത്തെ നിരസിച്ചു; അവന്‍റെ വചനത്തെ വിശ്വസിച്ചതുമില്ല.

25അവര്‍ തങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നു.

26അതുകൊണ്ട് അവന്‍: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും

27അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവര്‍ക്കു വിരോധമായി തന്‍റെ കൈ ഉയര്‍ത്തി സത്യം ചെയ്തു.

28അനന്തരം അവര്‍ ബാൽപെയോരിനോടു ചേര്‍ന്നു; പ്രേതങ്ങള്‍ക്കുള്ള ബലികളെ തിന്നു.

29ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്ന് ഒരു ബാധ അവര്‍ക്കു തട്ടി.

30അപ്പോള്‍ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്‍ത്തലാകയും ചെയ്തു.

31അത് എന്നേക്കും തലമുറതലമുറയായി അവന് നീതിയായി എണ്ണിയിരിക്കുന്നു.

32മെരീബാവെള്ളത്തിങ്കലും അവര്‍ അവനെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു.

33അവര്‍ അവന്‍റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ട് അവന്‍ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.

34യഹോവ തങ്ങളോടു നശിപ്പിപ്പാന്‍ കല്പിച്ചതുപോലെ അവര്‍ ജാതികളെ നശിപ്പിച്ചില്ല.

35അവര്‍ ജാതികളോട് ഇടകലര്‍ന്ന് അവരുടെ പ്രവൃത്തികളെ പഠിച്ചു.

36അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരു കെണിയായിത്തീര്‍ന്നു.

37തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ ഭൂതങ്ങള്‍ക്കു ബലികഴിച്ചു.

38അവര്‍ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ ചൊരിഞ്ഞു; അവരെ അവര്‍ കനാന്യവിഗ്രഹങ്ങള്‍ക്കു ബലി കഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീര്‍ന്നു.

39ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കര്‍മങ്ങളാൽ പരസംഗം ചെയ്തു.

40അതുകൊണ്ട് യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരേ ജ്വലിച്ചു; അവന്‍ തന്‍റെ അവകാശത്തെ വെറുത്തു.

41അവന്‍ അവരെ ജാതികളുടെ കൈയിൽ ഏല്പിച്ചു; അവരെ പകച്ചവര്‍ അവരെ ഭരിച്ചു.

42അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി; അവര്‍ അവര്‍ക്കു കീഴടങ്ങേണ്ടിവന്നു.

43പലപ്പോഴും അവന്‍ അവരെ വിടുവിച്ചു; എങ്കിലും അവര്‍ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു.

44എന്നാൽ അവരുടെ നിലവിളി കേട്ടപ്പോള്‍ അവന്‍ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.

45അവന്‍ അവര്‍ക്കായി തന്‍റെ നിയമത്തെ ഓര്‍ത്തു; തന്‍റെ മഹാദയപ്രകാരം അനുതപിച്ചു.

46അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.

47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്‍റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വാനും നിന്‍റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കേണമേ.

48യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന്‍ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന്‍.