പഴയ നിയമംMOV
1എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്‍റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവന്‍; മഹത്ത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു.
2വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
3അവന്‍ തന്‍റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്‍റെ തേരാക്കി, കാറ്റിന്‍ ചിറകിന്മേൽ സഞ്ചരിക്കുന്നു.
4അവന്‍ കാറ്റുകളെ തന്‍റെ ദൂതന്മാരും അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു.
5അവന്‍ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്‍റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
6നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പര്‍വതങ്ങള്‍ക്കു മീതെ നിന്നു.
7അവ നിന്‍റെ ശാസനയാൽ ഓടിപ്പോയി; നിന്‍റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു-
8മലകള്‍ പൊങ്ങി, താഴ്വരകള്‍ താണു- നീ അവയ്ക്ക് നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
9ഭൂമിയെ മൂടുവാന്‍ മടങ്ങിവരാതിരിക്കേണ്ടതിനു നീ അവയ്ക്കു കടന്നുകൂടാത്ത ഒരു അതിര്‍ ഇട്ടു.
10അവന്‍ ഉറവുകളെ താഴ്വരകളിലേക്ക് ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽക്കൂടി ഒലിക്കുന്നു.
11അവയിൽനിന്ന് വയലിലെ സകല മൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീര്‍ക്കുന്നു.
12അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകള്‍ വസിക്കയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
13അവന്‍ തന്‍റെ മാളികകളിൽനിന്നു മലകളെ നനയ്ക്കുന്നു; ഭൂമിക്കു നിന്‍റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
14അവന്‍ മൃഗങ്ങള്‍ക്ക് പുല്ലും മനുഷ്യന്‍റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;
15അവന്‍ ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്‍റെ മുഖത്തെ മിനുക്കുവാന്‍ എണ്ണയും മനുഷ്യന്‍റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉദ്ഭവിപ്പിക്കുന്നു.
16യഹോവയുടെ വൃക്ഷങ്ങള്‍ക്കു തൃപ്തിവരുന്നു; അവന്‍ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കള്‍ക്കു തന്നെ.
17അവിടെ പക്ഷികള്‍ കൂടുണ്ടാക്കുന്നു; പെരുഞ്ഞാറയ്ക്കു സരളവൃക്ഷങ്ങള്‍ പാര്‍പ്പിടമാകുന്നു.
18ഉയര്‍ന്ന മലകള്‍ കാട്ടാടുകള്‍ക്കും പാറകള്‍ കുഴിമുയലുകള്‍ക്കും സങ്കേതമാകുന്നു.
19അവന്‍ കാലനിര്‍ണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യന്‍ തന്‍റെ അസ്തമയത്തെ അറിയുന്നു.
20നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോള്‍ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
21ബാലസിംഹങ്ങള്‍ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു.
22സൂര്യന്‍ ഉദിക്കുമ്പോള്‍ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
23മനുഷ്യന്‍ തന്‍റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്‍റെ വേലയ്ക്കായി തന്നെ.
24യഹോവേ, നിന്‍റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെയൊക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്‍റെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു.
25വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള്‍ ഉണ്ട്.
26അതിൽ കപ്പലുകള്‍ ഓടുന്നു; അതിൽ കളിപ്പാന്‍ നീ ഉണ്ടാക്കിയ ലിവ്യാഥാന്‍ ഉണ്ട്.
27തക്കസമയത്ത് തീന്‍ കിട്ടേണ്ടതിന് ഇവയൊക്കെയും നിന്നെ കാത്തിരിക്കുന്നു.
28നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോള്‍ അവയ്ക്ക് നന്മകൊണ്ടു തൃപ്തിവരുന്നു.
29തിരുമുഖത്തെ മറയ്ക്കുമ്പോള്‍ അവ ഭ്രമിച്ചുപോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്ത് പൊടിയിലേക്കു തിരികെ ചേരുന്നു;
30നീ നിന്‍റെ ശ്വാസം അയയ്ക്കുമ്പോള്‍ അവ സൃഷ്‍ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
31യഹോവയുടെ മഹത്ത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്‍റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
32അവന്‍ ഭൂമിയെ നോക്കുന്നു, അതു വിറയ്ക്കുന്നു; അവന്‍ മലകളെ തൊടുന്നു, അവ പുകയുന്നു.
33എന്‍റെ ആയുഷ്കാലത്തൊക്കെയും ഞാന്‍ യഹോവയ്ക്കു പാടും; ഞാന്‍ ഉള്ളേടത്തോളം എന്‍റെ ദൈവത്തിന് കീര്‍ത്തനം പാടും.
34എന്‍റെ ധ്യാനം അവനു പ്രസാദകരമായിരിക്കട്ടെ; ഞാന്‍ യഹോവയിൽ സന്തോഷിക്കും.
35പാപികള്‍ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാര്‍ ഇല്ലാതെയാകട്ടെ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിന്‍.