പഴയ നിയമംMOV

സദൃശവാക്യങ്ങള്‍ 8

1ജ്ഞാനമായവള്‍ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവള്‍ തന്‍റെ സ്വരം കേള്‍പ്പിക്കുന്നില്ലയോ?

2അവള്‍ വഴിയരികെ മേടുകളുടെ മുകളിൽ പാതകള്‍ കൂടുന്നേടത്തു നില്ക്കുന്നു.

3അവള്‍ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:

4പുരുഷന്മാരേ, ഞാന്‍ നിങ്ങളോടു വിളിച്ചു പറയുന്നു; എന്‍റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.

5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്‍വിന്‍; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന്‍.

6കേള്‍പ്പിന്‍, ഞാന്‍ ഉൽക്കൃഷ്ടമായതു സംസാരിക്കും; എന്‍റെ അധരങ്ങളെ തുറക്കുന്നതു നേരിന് ആയിരിക്കും.

7എന്‍റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്‍റെ അധരങ്ങള്‍ക്കു അറപ്പാകുന്നു.

8എന്‍റെ വായിലെ മൊഴിയൊക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല.

9അവയെല്ലാം ബുദ്ധിമാനു തെളിവും പരിജ്ഞാനം ലഭിച്ചവര്‍ക്കു നേരും ആകുന്നു.

10വെള്ളിയെക്കാള്‍ എന്‍റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാള്‍ പരിജ്ഞാനവും കൈക്കൊള്‍വിന്‍.

11ജ്ഞാനം മുത്തുകളെക്കാള്‍ നല്ലതാകുന്നു; മനോഹരമായതൊന്നും അതിനു തുല്യമാകയില്ല.

12ജ്ഞാനം എന്ന ഞാന്‍ സൂക്ഷ്മബുദ്ധിയെ എന്‍റെ പാര്‍പ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാന്‍ കണ്ടുപിടിക്കുന്നു.

13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മാര്‍ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ പകയ്ക്കുന്നു.

14ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാന്‍ തന്നെ വിവേകം; എനിക്കു വീര്യബലം ഉണ്ട്.

15ഞാന്‍ മുഖാന്തരം രാജാക്കന്മാര്‍ വാഴുന്നു; പ്രഭുക്കന്മാര്‍ നീതിയെ നടത്തുന്നു.

16ഞാന്‍ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.

17എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തും.

18എന്‍റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്.

19എന്‍റെ ഫലം പൊന്നിലും തങ്കത്തിലും എന്‍റെ ആദായം മേത്തരമായ വെള്ളിയിലും നല്ലത്.

20എന്നെ സ്നേഹിക്കുന്നവര്‍ക്ക് വസ്തുവക അവകാശമാക്കി കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കയും ചെയ്യേണ്ടതിന്

21ഞാന്‍ നീതിയുടെ മാര്‍ഗത്തിലും ന്യായത്തിന്‍റെ പാതകളിലും നടക്കുന്നു.

22യഹോവ പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി, തന്‍റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.

23ഞാന്‍ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉൽപത്തിക്കുമുമ്പേ നിയമിക്കപ്പെട്ടിരിക്കുന്നു.

24ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നെ.

25പര്‍വതങ്ങളെ സ്ഥാപിച്ചതിനു മുമ്പേയും കുന്നുകള്‍ക്കു മുമ്പേയും ഞാന്‍ ജനിച്ചിരിക്കുന്നു.

26അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്തു തന്നെ.

27അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്‍റെ ഉപരിഭാഗത്തു വൃത്തം വരച്ചപ്പോഴും

28അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്‍റെ ഉറവുകള്‍ തടിച്ചപ്പോഴും

29വെള്ളം അവന്‍റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന് അതിര്‍ വച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

30ഞാന്‍ അവന്‍റെ അടുക്കൽ ശില്പിയായിരുന്നു; ഇടവിടാതെ അവന്‍റെ മുമ്പിൽ വിനോദിച്ചുകൊണ്ട് ദിനംപ്രതി അവന്‍റെ പ്രമോദമായിരുന്നു.

31അവന്‍റെ ഭൂതലത്തിൽ ഞാന്‍ വിനോദിച്ചുകൊണ്ടിരുന്നു; എന്‍റെ പ്രമോദം മനുഷ്യപുത്രന്മാരോടു കൂടെ ആയിരുന്നു.

32ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്‍വിന്‍; എന്‍റെ വഴികളെ പ്രമാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിന്‍; അതിനെ ത്യജിച്ചുകളയരുത്.

34ദിവസംപ്രതി എന്‍റെ പടിവാതിൽക്കൽ ജാഗരിച്ചും എന്‍റെ വാതിൽകട്ടളയ്ക്കൽ കാത്തുകൊണ്ടും എന്‍റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.

35എന്നെ കണ്ടെത്തുന്നവന്‍ ജീവനെ കണ്ടെത്തുന്നു; അവന്‍ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.

36എന്നോടു പിഴയ്ക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.