പഴയ നിയമംMOV
1ലെമൂവേൽരാജാവിന്‍റെ വചനങ്ങള്‍; അവന്‍റെ അമ്മ അവന് ഉപദേശിച്ചു കൊടുത്ത അരുളപ്പാട്.
2മകനേ, എന്ത്? ഞാന്‍ പ്രസവിച്ച മകനേ എന്ത്? എന്‍റെ നേര്‍ച്ചകളുടെ മകനേ, എന്ത്?
3സ്ത്രീകള്‍ക്കു നിന്‍റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവര്‍ക്കു നിന്‍റെ വഴികളെയും കൊടുക്കരുത്.
4വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കു കൊള്ളരുത്; ലെമൂവേലേ, രാജാക്കന്മാര്‍ക്ക് അത് കൊള്ളരുത്; മദ്യാസക്തി പ്രഭുക്കന്മാര്‍ക്ക് കൊള്ളരുത്.
5അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുത്.
6നശിക്കുമാറായിരിക്കുന്നവനു മദ്യവും മനോവ്യസനമുള്ളവനു വീഞ്ഞും കൊടുക്ക.
7അവന്‍ കുടിച്ചിട്ടു തന്‍റെ ദാരിദ്ര്യം മറക്കയും തന്‍റെ അരിഷ്ടത ഓര്‍ക്കാതിരിക്കയും ചെയ്യട്ടെ.
8ഊമനുവേണ്ടി നിന്‍റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നെ.
9നിന്‍റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്ക.
10സാമര്‍ഥ്യമുള്ള ഭാര്യയെ ആര്‍ക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
11ഭര്‍ത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്‍റെ ലാഭത്തിന് ഒരു കുറവുമില്ല.
12അവള്‍ തന്‍റെ ആയുഷ്കാലമൊക്കെയും അവനു തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.
13അവള്‍ ആട്ടുരോമവും ചണവും സമ്പാദിച്ചു താൽപര്യത്തോടെ കൈകൊണ്ടു വേല ചെയ്യുന്നു.
14അവള്‍ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.
15അവള്‍ നന്നാ രാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവര്‍ക്ക് ആഹാരവും വേലക്കാരത്തികള്‍ക്ക് ഓഹരിയും കൊടുക്കുന്നു.
16അവള്‍ ഒരു നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അതു മേടിക്കുന്നു; കൈനേട്ടംകൊണ്ട് അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
17അവള്‍ ബലംകൊണ്ട് അര മുറുക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
18തന്‍റെ വ്യാപാരം ആദായമുള്ളതെന്ന് അവള്‍ ഗ്രഹിക്കുന്നു; അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
19അവള്‍ വിടുത്തലയ്ക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിര്‍ പിടിക്കുന്നു.
20അവള്‍ തന്‍റെ കൈ എളിയവര്‍ക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
21തന്‍റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പുകമ്പിളി ഉണ്ടല്ലോ.
22അവള്‍ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.
23ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവ് പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു.
24അവള്‍ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
25ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓര്‍ത്ത് അവള്‍ പുഞ്ചിരിയിടുന്നു.
26അവള്‍ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.
27വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്ന് അഹോവൃത്തി കഴിക്കുന്നില്ല.
28അവളുടെ മക്കള്‍ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നത്:
29അനേകം തരുണികള്‍ സാമര്‍ഥ്യം കാണിച്ചിട്ടുണ്ട്; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
30ലാവണ്യം വ്യാജവും സൗന്ദര്യം വ്യര്‍ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
31അവളുടെ കൈകളുടെ ഫലം അവള്‍ക്കു കൊടുപ്പിന്‍; അവളുടെ സ്വന്തപ്രവൃത്തികള്‍ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.