പഴയ നിയമംMOV

സദൃശവാക്യങ്ങള്‍ 17

1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.

2നാണംകെട്ട മകന്‍റെമേൽ ബുദ്ധിമാനായ ദാസന്‍ കര്‍ത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.

3വെള്ളിക്കു പുടം, പൊന്നിനു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.

4ദുഷ്കര്‍മി നീതികെട്ട അധരങ്ങള്‍ക്കു ശ്രദ്ധ കൊടുക്കുന്നു; വ്യാജം പറയുന്നവന്‍ വഷളത്തമുള്ള നാവിനു ചെവികൊടുക്കുന്നു.

5ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കയില്ല.

6മക്കളുടെ മക്കള്‍ വൃദ്ധന്മാര്‍ക്കു കിരീടമാകുന്നു; മക്കളുടെ മഹത്ത്വം അവരുടെ അപ്പന്മാര്‍ തന്നെ.

7സുഭാഷിതം പറയുന്ന അധരം ഭോഷനു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിനു എങ്ങനെ?

8സമ്മാനം വാങ്ങുന്നവന് അതു രത്നമായി തോന്നും; അതു ചെല്ലുന്നേടത്തൊക്കെയും കാര്യം സാധിക്കും.

9സ്നേഹം തേടുന്നവന്‍ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

10ഭോഷനെ നൂറ് അടിക്കുന്നതിനെക്കാള്‍ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നത് അധികം ഫലിക്കും.

11മത്സരക്കാരന്‍ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായൊരു ദൂതനെ അവന്‍റെ നേരേ അയയ്ക്കും.

12മൂഢനെ അവന്‍റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാള്‍ കുട്ടികള്‍ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.

13ഒരുത്തന്‍ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്‍റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.

14കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പേ തര്‍ക്കം നിര്‍ത്തിക്കളക.

15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്കു വെറുപ്പ്.

16മൂഢനു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാന്‍ അവന്‍റെ കൈയിൽ ദ്രവ്യം എന്തിന്?

17സ്നേഹിതന്‍ എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ഥകാലത്ത് അവന്‍ സഹോദരനായിത്തീരുന്നു.

18ബുദ്ധിഹീനനായ മനുഷ്യന്‍ കൈയടിച്ചു കൂട്ടുകാരനുവേണ്ടി ജാമ്യം നില്ക്കുന്നു.

19കലഹപ്രിയന്‍ ലംഘനപ്രിയന്‍ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവന്‍ ഇടിവ് ഇച്ഛിക്കുന്നു.

20വക്രഹൃദയമുള്ളവന്‍ നന്മ കാണുകയില്ല; വികടനാവുള്ളവന്‍ ആപത്തിൽ അകപ്പെടും.

21ഭോഷനെ ജനിപ്പിച്ചവന് അതു ഖേദകാരണമാകും; മൂഢന്‍റെ അപ്പനു സന്തോഷം ഉണ്ടാകയില്ല.

22സന്തുഷ്ടഹൃദയം നല്ലാരു ഔഷധമാകുന്നു; തകര്‍ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.

23ദുഷ്ടന്‍ ന്യായത്തിന്‍റെ വഴികളെ മറിക്കേണ്ടതിന് ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.

24ജ്ഞാനം ബുദ്ധിമാന്‍റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്‍റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.

25മൂഢനായ മകന്‍ അപ്പനു വ്യസനവും തന്നെ പ്രസവിച്ചവള്‍ക്കു കയ്പും ആകുന്നു.

26നീതിമാനു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേര്‍നിമിത്തം അടിക്കുന്നതും നന്നല്ല.

27വാക്ക് അടക്കിവയ്ക്കുന്നവന്‍ പരിജ്ഞാനമുള്ളവന്‍; ശാന്തമാനസന്‍ ബുദ്ധിമാന്‍ തന്നെ.

28മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.