പഴയ നിയമംMOV

സദൃശവാക്യങ്ങള്‍ 14

1സ്ത്രീകളിൽ ജ്ഞാനമുള്ളവള്‍ തന്‍റെ വീടു പണിയുന്നു; ഭോഷത്തമുള്ളവളോ അതു സ്വന്ത കൈകളാൽ പൊളിച്ചുകളയുന്നു.

2നേരായി നടക്കുന്നവന്‍ യഹോവാഭക്തന്‍; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.

3ഭോഷന്‍റെ വായിൽ ഡംഭത്തിന്‍റെ വടിയുണ്ട്; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.

4കാളകള്‍ ഇല്ലാത്തേടത്തു തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ട്.

5വിശ്വസ്തസാക്ഷി ഭോഷ്ക് പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്ക് നിശ്വസിക്കുന്നു.

6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവനോ പരിജ്ഞാനം എളുപ്പം.

7മൂഢന്‍റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങള്‍ നീ അവനിൽ കാണുകയില്ല.

8വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.

9ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവര്‍ക്കോ തമ്മിൽ പ്രീതി ഉണ്ട്.

10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്‍റെ സന്തോഷത്തിലും അന്യന്‍ ഇടപെടുന്നില്ല.

11ദുഷ്ടന്മാരുടെ വീട് മുടിഞ്ഞുപോകും; നീതിമാന്‍റെ കൂടാരമോ തഴയ്ക്കും.

12ചിലപ്പോള്‍ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്‍റെ അവസാനമോ മരണവഴികള്‍ അത്രേ.

13ചിരിക്കുമ്പോള്‍ തന്നെയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്‍റെ അവസാനം ദുഃഖമാകുകയുമാവാം.

14ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവനു തന്‍റെ നടപ്പിൽ മടുപ്പു വരും; നല്ല മനുഷ്യനോ തന്‍റെ പ്രവൃത്തിയാൽതന്നെ തൃപ്തിവരും.

15അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.

16ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റി നടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്‍ഭയനായി നടക്കുന്നു.

17മുന്‍കോപി ഭോഷത്തം പ്രവര്‍ത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.

18അല്പബുദ്ധികള്‍ ഭോഷത്തം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

19ദുര്‍ജനം സജ്ജനത്തിന്‍റെ മുമ്പിലും ദുഷ്ടന്മാര്‍ നീതിമാന്മാരുടെ വാതിൽക്കലും വണങ്ങിനില്ക്കുന്നു.

20ദരിദ്രനെ കൂട്ടുകാരന്‍പോലും പകയ്ക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാര്‍ ഉണ്ട്.

21കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ പാപം ചെയ്യുന്നു; എളിയവരോടു കൃപ കാണിക്കുന്നവനോ ഭാഗ്യവാന്‍.

22ദോഷം നിരൂപിക്കുന്നവര്‍ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവര്‍ക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.

23എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണംകൊണ്ടോ ഞെരുക്കമേ വരൂ.

24ജ്ഞാനികളുടെ ധനം അവര്‍ക്കു കിരീടം; മൂഢന്മാരുടെ ഭോഷത്തമോ ഭോഷത്തം തന്നെ.

25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്ക് നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.

26യഹോവാഭക്തനു ദൃഢധൈര്യം ഉണ്ട്; അവന്‍റെ മക്കള്‍ക്കും ശരണം ഉണ്ടാകും.

27യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു; അതിനാൽ മരണത്തിന്‍റെ കെണികളെ ഒഴിഞ്ഞുപോകും.

28പ്രജാബാഹുല്യം രാജാവിനു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിനു നാശം.

29ദീര്‍ഘക്ഷമയുള്ളവന്‍ മഹാബുദ്ധിമാന്‍; മുന്‍കോപിയോ ഭോഷത്തം ഉയര്‍ത്തുന്നു.

30ശാന്തമനസ്സ് ദേഹത്തിനു ജീവന്‍; അസൂയയോ അസ്ഥികള്‍ക്കു ദ്രവത്വം.

31എളിയവനെ പീഡിപ്പിക്കുന്നവന്‍ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.

32ദുഷ്ടനു തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാനോ മരണത്തിലും പ്രത്യാശയുണ്ട്.

33വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാര്‍ക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.

34നീതി ജാതിയെ ഉയര്‍ത്തുന്നു; പാപമോ വംശങ്ങള്‍ക്കു അപമാനം.

35ബുദ്ധിമാനായ ദാസനു രാജാവിന്‍റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവനോ അവന്‍റെ കോപം നേരിടും.