പഴയ നിയമംMOV

സദൃശവാക്യങ്ങള്‍ 12

1പ്രബോധനം ഇഷ്ടപ്പെടുന്നവന്‍ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായന്‍.

2ഉത്തമന്‍ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവന്‍ ശിക്ഷ വിധിക്കുന്നു.

3ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.

4സാമര്‍ഥ്യമുള്ള സ്ത്രീ ഭര്‍ത്താവിന് ഒരു കിരീടം; നാണംകെട്ടവളോ അവന്‍റെ അസ്ഥികള്‍ക്കു ദ്രവത്വം.

5നീതിമാന്മാരുടെ വിചാരങ്ങള്‍ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രേ.

6ദുഷ്ടന്മാര്‍ പ്രാണഹാനി വരുത്തുവാന്‍ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.

7ദുഷ്ടന്മാര്‍ മറിഞ്ഞുവീണ് ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.

8മനുഷ്യന്‍ തന്‍റെ ബുദ്ധിക്ക് ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

9മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിനു മുട്ടുള്ളവനെക്കാള്‍ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവന്‍ ശ്രേഷ്ഠന്‍ ആകുന്നു.

10നീതിമാന്‍ തന്‍റെ മൃഗത്തിന്‍റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രേ.

11നിലം കൃഷി ചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ചെല്ലുന്നവനോ ബുദ്ധിഹീനന്‍.

12ദുഷ്ടന്‍ ദോഷികളുടെ കവര്‍ച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.

13അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കെണിയുണ്ട്; നീതിമാനോ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോരും.

14തന്‍റെ വായുടെ ഫലത്താൽ മനുഷ്യന്‍ നന്മ അനുഭവിച്ചു തൃപ്തനാകും; തന്‍റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവനു കിട്ടും.

15ഭോഷനു തന്‍റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.

16ഭോഷന്‍റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവയ്ക്കുന്നു.

17സത്യം പറയുന്നവന്‍ നീതി അറിയിക്കുന്നു; കള്ളസ്സാക്ഷിയോ വഞ്ചന അറിയിക്കുന്നു.

18വാളുകൊണ്ടു കുത്തുംപോലെ മൂര്‍ച്ചയായി സംസാരിക്കുന്നവര്‍ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം.

19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്ര നേരത്തേക്കേയുള്ളൂ.

20ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനം ആലോചിക്കുന്നവര്‍ക്കോ സന്തോഷം ഉണ്ട്.

21നീതിമാന് ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനര്‍ഥംകൊണ്ടു നിറയും.

22വ്യാജമുള്ള അധരങ്ങള്‍ യഹോവയ്ക്കു വെറുപ്പ്; സത്യം പ്രവര്‍ത്തിക്കുന്നവരോ അവനു പ്രസാദം.

23വിവേകമുള്ള മനുഷ്യന്‍ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്തം പ്രസിദ്ധമാക്കുന്നു.

24ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലയ്ക്കു പോകേണ്ടിവരും.

25മനോവ്യസനം ഹേതുവായി മനുഷ്യന്‍റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.

26നീതിമാന്‍ കൂട്ടുകാരനു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.

27മടിയന്‍ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യനു വിലയേറിയ സമ്പത്താകുന്നു.

28നീതിയുടെ മാര്‍ഗത്തിൽ ജീവനുണ്ട്; അതിന്‍റെ പാതയിൽ മരണം ഇല്ല.