പുതിയ നിയമംMOV

ഫിലേമൊന് 1

1ക്രിസ്തുയേശുവിന്‍റെ ബദ്ധനായ പൗലൊസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ

2ഫിലേമൊന്‍ എന്ന നിനക്കും സഹോദരിയായ അപ്പിയയ്ക്കും ഞങ്ങളുടെ സഹഭടനായ അര്‍ക്കിപ്പൊസിനും നിന്‍റെ വീട്ടിലെ സഭയ്ക്കും എഴുതുന്നത്:

3നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

4കര്‍ത്താവായ യേശുവിനോടും സകല വിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാന്‍ കേട്ടിട്ടു

5നമ്മിലുള്ള എല്ലാ നന്മയുടെയും പരിജ്ഞാനത്താല്‍ നിന്‍റെ വിശ്വാസത്തിന്‍റെ കൂട്ടായ്മ ക്രിസ്തുവിനായി സഫലമാകേണ്ടതിന്

6എന്‍റെ പ്രാര്‍ഥനയില്‍ നിന്നെ ഓര്‍ത്ത് എപ്പോഴും എന്‍റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.

7സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതു നിമിത്തം നിന്‍റെ സ്നേഹത്തില്‍ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി.

8ആകയാല്‍ യുക്തമായതു നിന്നോടു കല്പിപ്പാന്‍

9ക്രിസ്തുവില്‍ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോള്‍ ക്രിസ്തുയേശുവിന്‍റെ ബദ്ധനുമായിരിക്കുന്ന ഈ ഞാന്‍ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നത്.

10തടവില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ജനിപ്പിച്ച എന്‍റെ മകനായ ഒനേസിമൊസിനുവേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്.

11അവന്‍ മുമ്പേ നിനക്കു പ്രയോജനമില്ലാത്തവന്‍ ആയിരുന്നു; ഇപ്പോള്‍ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവന്‍തന്നെ.

12എനിക്കു പ്രാണപ്രിയനായ അവനെ ഞാന്‍ മടക്കി അയച്ചിരിക്കുന്നു.

13സുവിശേഷം നിമിത്തമുള്ള തടവില്‍ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നി നക്കു പകരം എന്‍റെ അടുക്കല്‍തന്നെ നിര്‍ത്തിക്കൊള്‍വാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

14എങ്കിലും നിന്‍റെ ഗുണം നിര്‍ബന്ധത്താല്‍ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന് നിന്‍റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാന്‍ എനിക്കു മനസ്സില്ലായിരുന്നു.

15അവന്‍ അല്പകാലം വേര്‍വിട്ടുപോയത് അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന് ആയിരിക്കും;

16അവന്‍ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരന്‍തന്നെ; അവന്‍ വിശേഷാല്‍ എനിക്കു പ്രിയന്‍ എങ്കില്‍ നിനക്കു ജഡസംബന്ധമായും കര്‍ത്തൃസംബന്ധമായും എത്ര അധികം?

17ആകയാല്‍ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കില്‍ അവനെ എന്നെപ്പോലെ ചേര്‍ത്തുകൊള്‍ക.

18അവന്‍ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കില്‍ അത് എന്‍റെ പേരില്‍ കണക്കിട്ടുകൊള്‍ക.

19പൗലൊസ് എന്ന ഞാന്‍ സ്വന്തകൈയാല്‍ എഴുതിയിരിക്കുന്നു; ഞാന്‍ തന്നു തീര്‍ക്കാം. നീ നിന്നെത്തന്നെ എനിക്കു തരുവാന്‍ കടംപെട്ടിരിക്കുന്നു എന്നു ഞാന്‍ പറയേണം എന്നില്ലല്ലോ.

20അതേ സഹോദരാ, നിന്നെക്കൊണ്ട് എനിക്ക് കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവില്‍ എന്‍റെ ഹൃദയം തണുപ്പിക്ക.

21നിന്‍റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ട്; ഞാന്‍ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാന്‍ എഴുതുന്നത്.

22ഇതല്ലാതെ നിങ്ങളുടെ പ്രാര്‍ഥനയാല്‍ ഞാന്‍ നിങ്ങള്‍ക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ട് എനിക്കു പാര്‍പ്പിടം ഒരുക്കിക്കൊള്‍ക.

23ക്രിസ്തുയേശുവില്‍ എന്‍റെ സഹബദ്ധനായ എപ്പഫ്രാസും

24എന്‍റെ കൂട്ടുവേലക്കാരനായ മര്‍ക്കൊസും അരിസ്തര്‍ക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു.

25നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍.