പഴയ നിയമംMOV

സംഖ്യാപുസ്തകം 6

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവയ്ക്കു തന്നെത്താന്‍ സമര്‍പ്പിക്കേണ്ടതിനു നാസീര്‍വ്രതം എന്ന വിശേഷവിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോള്‍

3വീഞ്ഞും മദ്യവും വര്‍ജിച്ചിരിക്കേണം; വീഞ്ഞിന്‍റെ കാടിയും മദ്യത്തിന്‍റെ കാടിയും കുടിക്കരുത്; മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുത്; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുത്.

4തന്‍റെ നാസീര്‍വ്രത കാലത്തൊക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ട് ഉണ്ടാക്കുന്നത് ഒന്നും അവന്‍ തിന്നരുത്.

5നാസീര്‍വ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്‍റെ തലയിൽ തൊടരുത്; യഹോവയ്ക്കു തന്നെത്താന്‍ സമര്‍പ്പിച്ചിരിക്കുന്ന കാലം തികയുവോളം അവന്‍ വിശുദ്ധനായിരിക്കേണം; തലമുടി വളര്‍ത്തേണം.

6അവന്‍ യഹോവയ്ക്കു തന്നെത്താന്‍ സമര്‍പ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്‍റെ അടുക്കൽ ചെല്ലരുത്;

7അപ്പന്‍, അമ്മ, സഹോദരന്‍, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോള്‍ അവരാൽ അവന്‍ തന്നെത്താന്‍ അശുദ്ധനാകരുത്; അവന്‍റെ ദൈവത്തിന്‍റെ നാസീര്‍വ്രതം അവന്‍റെ തലയിൽ ഇരിക്കുന്നു;

8നാസീര്‍വ്രതകാലത്തൊക്കെയും അവന്‍ യഹോവയ്ക്കു വിശുദ്ധന്‍ ആകുന്നു.

9അവന്‍റെ അടുക്കൽവച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്‍റെ നാസീര്‍വ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവന്‍ തന്‍റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യേണം; ഏഴാം ദിവസം അവന്‍ ക്ഷൗരം ചെയ്യേണം.

10എട്ടാം ദിവസം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ പുരോഹിതന്‍റെ അടുക്കൽ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവരേണം.

11പുരോഹിതന്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിച്ചു ശവത്താൽ അവന്‍ പിഴച്ചതുകൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്‍റെ തല അന്നുതന്നെ ശുദ്ധീകരിക്കേണം.

12അവന്‍ വീണ്ടും തന്‍റെ നാസീര്‍വ്രതത്തിന്‍റെ കാലം യഹോവയ്ക്കു വേര്‍തിരിച്ച് ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിന്‍കുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം; അവന്‍റെ നാസീര്‍വ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.

13വ്രതസ്ഥന്‍റെ പ്രമാണം ആവിത്: അവന്‍റെ നാസീര്‍വ്രതത്തിന്‍റെ കാലം തികയുമ്പോള്‍ അവനെ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവരേണം.

14അവന്‍ യഹോവയ്ക്കു വഴിപാടായി ഹോമയാഗത്തിന് ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന്‍കുട്ടി, പാപയാഗത്തിന് ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിന്‍കുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റന്‍,

15ഒരു കുട്ടയിൽ എണ്ണ ചേര്‍ത്ത് നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അര്‍പ്പിക്കേണം.

16പുരോഹിതന്‍ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അവന്‍റെ പാപയാഗവും ഹോമയാഗവും അര്‍പ്പിക്കേണം.

17അവന്‍ ആട്ടുകൊറ്റനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവയ്ക്കു സമാധാനയാഗമായി അര്‍പ്പിക്കേണം; പുരോഹിതന്‍ അതിന്‍റെ ഭോജനയാഗവും പാനീയയാഗവും കൂടെ അര്‍പ്പിക്കേണം.

18പിന്നെ വ്രതസ്ഥന്‍ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ച് തന്‍റെ വ്രതമുള്ള തല ക്ഷൗരം ചെയ്തു തന്‍റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിന്‍കീഴുള്ള തീയിൽ ഇടേണം;

19വ്രതസ്ഥന്‍ തന്‍റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതന്‍ ആട്ടുകൊറ്റന്‍റെ വേവിച്ച കൈക്കുറകും കുട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്‍റെ കൈയിൽ വയ്ക്കേണം.

20പുരോഹിതന്‍ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദര്‍ച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്‍റെശേഷം വ്രതസ്ഥനു വീഞ്ഞു കുടിക്കാം.

21നാസീര്‍വ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്‍റെയും അവന്‍ തന്‍റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്‍റെ നാസീര്‍വ്രതം ഹേതുവായി യഹോവയ്ക്കു കഴിക്കേണ്ടുന്ന വഴിപാടിന്‍റെയും പ്രമാണം ഇതുതന്നെ. അവന്‍ ദീക്ഷിച്ച വ്രതംപോലെ തന്‍റെ നാസീര്‍വ്രതത്തിന്‍റെ പ്രമാണത്തിനനുസരണമായി തന്നെ അവന്‍ ചെയ്യേണം.

22യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

23നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങള്‍ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടത് എന്തെന്നാൽ:

24യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;

25യഹോവ തിരുമുഖം നിന്‍റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;

26യഹോവ തിരുമുഖം നിന്‍റെമേൽ ഉയര്‍ത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.

27ഇങ്ങനെ അവര്‍ യിസ്രായേൽമക്കളുടെ മേൽ എന്‍റെ നാമം വയ്ക്കേണം; ഞാന്‍ അവരെ അനുഗ്രഹിക്കും.