പഴയ നിയമംMOV

സംഖ്യാപുസ്തകം 4

1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:

2ലേവ്യരിൽ വച്ചു കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ ഉള്ളവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാന്‍

3സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിന്‍.

4സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാൽ:

5പാളയം യാത്ര പുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടേണം.

6തഹശുതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിനു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം.

7കാഴ്ചയപ്പത്തിന്‍റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വയ്ക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം.

8അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശുതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.

9ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിനുള്ള നിലവിളക്കും അതിന്‍റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്‍റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടേണം.

10അതും അതിന്‍റെ പാത്രങ്ങളൊക്കെയും തഹശുതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചു കെട്ടേണം.

11സ്വര്‍ണപീഠത്തിന്മേൽ അവര്‍ ഒരു നീലശ്ശീല വിരിച്ചു തഹശുതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ടു ചെലുത്തുകയും വേണം.

12വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളൊക്കെയും അവര്‍ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശുതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വച്ചു കെട്ടുകയും വേണം.

13അവര്‍ യാഗപീഠത്തിൽനിന്നു വെണ്ണീര്‍ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കേണം.

14അവര്‍ അതിന്മേൽ ശുശ്രൂഷ ചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുള്‍ക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്‍റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വയ്ക്കേണം; തഹശുതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.

15പാളയം യാത്ര പുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടിത്തീര്‍ന്നശേഷം കെഹാത്യര്‍ ചുമപ്പാന്‍ വരേണം; എന്നാൽ അവര്‍ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യരുടെ ചുമട് ഇവതന്നെ.

16പുരോഹിതനായ അഹരോന്‍റെ മകന്‍ എലെയാസാര്‍ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവര്‍ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്‍റെ ഉപകരണങ്ങളും തന്നെ.

17യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:

18നിങ്ങള്‍ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്നു ഛേദിച്ചുകളയരുത്.

19അവര്‍ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്‍വിന്‍: അഹരോനും പുത്രന്മാരും അകത്തു കടന്ന് അവരിൽ ഓരോരുത്തനെ അവനവന്‍റെ വേലയ്ക്കും അവനവന്‍റെ ചുമട്ടിനും ആക്കേണം.

20എന്നാൽ അവര്‍ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്തു കടക്കരുത്.

21യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

22ഗേര്‍ശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.

23മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാന്‍ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.

24സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേര്‍ശോന്യകുടുംബങ്ങള്‍ക്കുള്ള വേല എന്തെന്നാൽ:

25തിരുനിവാസത്തിന്‍റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്‍റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്‍റെ വാതിലിനുള്ള മറശ്ശീല,

26പ്രാകാരത്തിന്‍റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്‍റെ വാതിലിനുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങളൊക്കെയും അവര്‍ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‍വാനുള്ള വേലയൊക്കെയും അവര്‍ ചെയ്യേണം.

27ഗേര്‍ശോന്യരുടെ എല്ലാ ചുമടുകളും എല്ലാ വേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്‍റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങള്‍ അവരുടെ വിചാരണയിൽ ഏല്പിക്കേണം.

28സമാഗമനകൂടാരത്തിൽ ഗേര്‍ശോന്യരുടെ കുടുംബങ്ങള്‍ക്കുള്ള വേല ഇതുതന്നെ; അവരുടെ സേവ പുരോഹിതനായ അഹരോന്‍റെ മകന്‍ ഈഥാമാരിന്‍റെ കൈക്കീഴായിരിക്കേണം.

29മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.

30മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിലെ വേല ചെയ്‍വാന്‍ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം.

31സമാഗമനകൂടാരത്തിൽ അവര്‍ക്കുള്ള എല്ലാ വേലയുടെയും മുറയ്ക്ക് അവര്‍ എടുക്കേണ്ടുന്ന ചുമട് എന്തെന്നാൽ: തിരുനിവാസത്തിന്‍റെ പലക, അന്താഴം, തൂണ്‍, ചുവട്,

32ചുറ്റുമുള്ള പ്രാകാരത്തിന്‍റെ തൂണ്‍, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നെ; അവര്‍ എടുക്കേണ്ടുന്ന ഉപകരണങ്ങള്‍ നിങ്ങള്‍ പേര്‍ വിവരമായി അവരെ ഏല്പിക്കേണം.

33പുരോഹിതനായ അഹരോന്‍റെ മകന്‍ ഈഥാമാരിന്‍റെ കൈക്കീഴെ സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങള്‍ക്കുള്ള സകല സേവയുടെയും മുറയ്ക്ക് അവര്‍ ചെയ്യേണ്ടുന്ന വേല ഇതുതന്നെ.

34മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ

35സമാഗമനകൂടാരത്തിൽ വേല ചെയ്‍വാന്‍ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.

36അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ രണ്ടായിരത്തി എഴുനൂറ്റമ്പതു പേര്‍.

37മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍തന്നെ.

38ഗേര്‍ശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ

39മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാന്‍ സേവയിൽ പ്രവേശിക്കുന്നവരായി

40കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവര്‍ രണ്ടായിരത്തി അറുനൂറ്റിമുപ്പതു പേര്‍.

41യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേര്‍ശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍തന്നെ.

42മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ

43മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാന്‍ സേവയിൽ പ്രവേശിക്കുന്നവരായി

44അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ ആകെ മൂവായിരത്തിരുനൂറു പേര്‍.

45യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവര്‍ ഇവര്‍തന്നെ.

46മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ

47സമാഗമനകൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്‍വാന്‍ പ്രവേശിച്ചവര്‍

48ആകെ എണ്ണായിരത്തഞ്ഞൂറ്റെണ്‍പതു പേര്‍ ആയിരുന്നു.

49യഹോവയുടെ കല്പനപ്രകാരം അവര്‍ മോശെ മുഖാന്തരം ഓരോരുത്തന്‍ താന്താന്‍റെ വേലയ്ക്കും താന്താന്‍റെ ചുമട്ടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ചതുപോലെ അവന്‍ അവരെ എണ്ണി.