പഴയ നിയമംMOV
1യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവയ്ക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോള്‍ അവന്‍ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാന്‍ പോകാതെ മരുഭൂമിക്കു നേരേ മുഖം തിരിച്ചു.
2ബിലെയാം തല ഉയര്‍ത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാര്‍ക്കുന്നതു കണ്ടു; ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേൽ വന്നു;
3അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: ബെയോരിന്‍റെ മകനായ ബിലെയാം പറയുന്നു;
4കണ്ണടച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു; ദൈവത്തിന്‍റെ അരുളപ്പാടു കേള്‍ക്കുന്നവന്‍, സര്‍വശക്തന്‍റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍, വീഴുമ്പോള്‍ കണ്ണ് തുറന്നിരിക്കുന്നവന്‍ പറയുന്നത്:
5യാക്കോബേ, നിന്‍റെ കൂടാരങ്ങള്‍, യിസ്രായേലേ, നിന്‍റെ നിവാസങ്ങള്‍ എത്ര മനോഹരം!
6താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങള്‍പോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങള്‍ പോലെ, ജലാന്തികേയുള്ള ദേവദാരുക്കള്‍ പോലെതന്നെ.
7അവന്‍റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്‍റെ വിത്തിനു വെള്ളം ധാരാളം; അവന്‍റെ അരചന്‍ ആഗാഗിലും ശ്രേഷ്ഠന്‍; അവന്‍റെ രാജത്വം ഉന്നതംതന്നെ.
8ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിനു തുല്യമായ ബലം അവന് ഉണ്ട്; ശത്രുജാതികളെ അവന്‍ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവന്‍ തകര്‍ക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
9അവന്‍ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നെ; ആര്‍ അവനെ ഉണര്‍ത്തും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍; നിന്നെ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.
10അപ്പോള്‍ ബാലാക്കിന്‍റെ കോപം ബിലെയാമിന്‍റെ നേരേ ജ്വലിച്ചു; അവന്‍ കൈ ഞെരിച്ചു ബിലെയാമിനോട്: എന്‍റെ ശത്രുക്കളെ ശപിപ്പാന്‍ ഞാന്‍ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീര്‍വദിക്കയത്രേ ചെയ്തിരിക്കുന്നു.
11ഇപ്പോള്‍ നിന്‍റെ സ്ഥലത്തേക്ക് ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാന്‍ ഞാന്‍ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.
12അതിനു ബിലെയാം ബാലാക്കിനോടു പറഞ്ഞത്: ബാലാക് തന്‍റെ ഗൃഹം നിറച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ ഞാന്‍ പറകയുള്ളൂ
13എന്ന് എന്‍റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാന്‍ പറഞ്ഞില്ലയോ?
14ഇപ്പോള്‍ ഇതാ ഞാന്‍ എന്‍റെ ജനത്തിന്‍റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്ത് ഈ ജനം നിന്‍റെ ജനത്തോട് എന്തു ചെയ്യുമെന്നു ഞാന്‍ നിന്നെ അറിയിക്കാം.
15പിന്നെ അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്‍റെ മകന്‍ ബിലെയാം പറയുന്നു; കണ്ണടച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു;
16ദൈവത്തിന്‍റെ അരുളപ്പാട് കേള്‍ക്കുന്നവന്‍, അത്യുന്നതന്‍റെ പരിജ്ഞാനം പ്രാപിച്ചവന്‍, സര്‍വശക്തന്‍റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍, വീഴുമ്പോള്‍ കണ്ണ് തുറന്നിരിക്കുന്നവന്‍ പറയുന്നത്:
17ഞാന്‍ അവനെ കാണും, ഇപ്പോള്‍ അല്ലതാനും; ഞാന്‍ അവനെ ദര്‍ശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്‍റെ പാര്‍ശ്വങ്ങളെയെല്ലാം തകര്‍ക്കയും തുമുലപുത്രന്മാരെയൊക്കെയും സംഹരിക്കയും ചെയ്യും.
18എദോം ഒരു അധീനദേശമാകും; ശത്രുവായ സേയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവര്‍ത്തിക്കും.
19യാക്കോബിൽനിന്ന് ഒരുത്തന്‍ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവന്‍ നഗരത്തിൽ നിന്നു നശിപ്പിക്കും.
20അവന്‍ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: അമാലേക് ജാതികളിൽ മുമ്പന്‍; അവന്‍റെ അവസാനമോ നാശം അത്രേ.
21അവന്‍ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: നിന്‍റെ നിവാസം ഉറപ്പുള്ളത്; നിന്‍റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
22എങ്കിലും കേന്യനു നിര്‍മ്മൂലനാശം ഭവിക്കും; അശ്ശൂര്‍ നിന്നെ പിടിച്ചു കൊണ്ടുപോവാന്‍ ഇനിയെത്ര?
23പിന്നെ അവന്‍ ഈ സുഭാഷിതം ചൊല്ലിയത്: ഹാ, ദൈവം ഇതു നിവര്‍ത്തിക്കുമ്പോള്‍ ആര്‍ ജീവിച്ചിരിക്കും?
24കിത്തീംതീരത്തുനിന്നു കപ്പലുകള്‍ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവനും നിര്‍മ്മൂലനാശം ഭവിക്കും.
25അതിന്‍റെശേഷം ബിലെയാം പുറപ്പെട്ടു തന്‍റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്‍റെ വഴിക്കു പോയി.