പഴയ നിയമംMOV
1അനന്തരം ബിലെയാം ബാലാക്കിനോട്: ഇവിടെ എനിക്ക് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുക എന്നു പറഞ്ഞു.
2ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;
3പിന്നെ ബിലെയാം ബാലാക്കിനോട്: നിന്‍റെ ഹോമയാഗത്തിന്‍റെ അടുക്കൽ നില്ക്ക; ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവന്‍ എന്നെ ദര്‍ശിപ്പിക്കുന്നതു ഞാന്‍ നിന്നോട് അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി.
4ദൈവം ബിലെയാമിനു പ്രത്യക്ഷനായി; ബിലെയാം അവനോട്: ഞാന്‍ ഏഴു പീഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.
5എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്‍റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്‍റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയേണം എന്നു കല്പിച്ചു.
6അവന്‍ അവന്‍റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാര്‍ എല്ലാവരും ഹോമയാഗത്തിന്‍റെ അടുക്കൽ നിന്നിരുന്നു.
7അപ്പോള്‍ അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: ത ബാലാക് എന്നെ അരാമിൽനിന്നും മോവാബ്‍രാജാവ് പൂര്‍വപര്‍വതങ്ങളിൽ നിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
8ദൈവം ശപിക്കാത്തവനെ ഞാന്‍ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാന്‍ എങ്ങനെ പ്രാകും?
9ശിലാഗ്രങ്ങളിൽനിന്നു ഞാന്‍ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാന്‍ അവനെ ദര്‍ശിക്കുന്നു; ഇതാ തനിച്ചു പാര്‍ക്കുന്നൊരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
10യാക്കോബിന്‍റെ ധൂളിയെ ആര്‍ക്ക് എണ്ണാം? യിസ്രായേലിന്‍റെ കാലംശത്തെ ആര്‍ക്കു ഗണിക്കാം? ഭക്തന്മാര്‍ മരിക്കുമ്പോലെ ഞാന്‍ മരിക്കട്ടെ; എന്‍റെ അവസാനം അവന്‍റേതുപോലെ ആകട്ടെ.
11ബാലാക് ബിലെയാമിനോട്: നീ എന്നോട് ഈ ചെയ്തത് എന്ത്? എന്‍റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാന്‍ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
12അതിന് അവന്‍: യഹോവ എന്‍റെ നാവിന്മേൽ തന്നതു പറവാന്‍ ഞാന്‍ ശ്രദ്ധിക്കേണ്ടായോ എന്ന് ഉത്തരം പറഞ്ഞു.
13ബാലാക് അവനോട്: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന് എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്ന് അവരെ ശപിക്കേണം എന്നു പറഞ്ഞു.
14ഇങ്ങനെ അവന്‍ പിസ്ഗാകൊടുമുടിയിൽ സോഫീം എന്ന മുകള്‍പ്പരപ്പിലേക്ക് അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിത് ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
15പിന്നെ അവന്‍ ബാലാക്കിനോട്: ഇവിടെ നിന്‍റെ ഹോമയാഗത്തിന്‍റെ അടുക്കൽ നില്ക്ക; ഞാന്‍ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.
16യഹോവ ബിലെയാമിനു പ്രത്യക്ഷനായി അവന്‍റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്‍റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറക എന്നു കല്പിച്ചു.
17അവന്‍ അവന്‍റെ അടുക്കൽ വന്നപ്പോള്‍ അവന്‍ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്‍റെ ഹോമയാഗത്തിന്‍റെ അടുക്കൽ നിന്നിരുന്നു. അപ്പോള്‍ ബാലാക് അവനോട്: യഹോവ എന്ത് അരുളിച്ചെയ്തു എന്നു ചോദിച്ചു.
18അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: ബാലാക്കേ, എഴുന്നേറ്റു കേള്‍ക്ക; സിപ്പോരിന്‍റെ പുത്രാ, എനിക്കു ചെവിതരിക.
19വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?
20അനുഗ്രഹിപ്പാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക് അതു മറിച്ചുകൂടാ.
21യാക്കോബിൽ തിന്മ കാണ്‍മാനില്ല; യിസ്രായേലിൽ കഷ്ടത ദര്‍ശിപ്പാനുമില്ല; അവന്‍റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മധ്യേ ഉണ്ട്.
22ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിനു തുല്യമായ ബലം അവന് ഉണ്ട്.
23ആഭിചാരം യാക്കോബിനു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോള്‍ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു എന്നേ പറയാവൂ.
24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവന്‍ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
25അപ്പോള്‍ ബാലാക് ബിലെയാമിനോട്: അവരെ ശപിക്കയും വേണ്ട അനുഗ്രഹിക്കയും വേണ്ട എന്നു പറഞ്ഞു.
26ബിലെയാം ബാലാക്കിനോട്: യഹോവ കല്പിക്കുന്നതൊക്കെയും ഞാന്‍ ചെയ്യും എന്നു നിന്നോട് പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
27ബാലാക് ബിലെയാമിനോട്: വരിക, ഞാന്‍ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്ന് നീ എനിക്കുവേണ്ടി അവരെ ശപിപ്പാന്‍ ദൈവത്തിനു പക്ഷേ സമ്മതം ആകും എന്നു പറഞ്ഞു.
28അങ്ങനെ ബാലാക് ബിലെയാമിനെ മരുഭൂമിക്ക് എതിരേയുള്ള പെയോര്‍മലയുടെ മുകളിൽ കൊണ്ടുപോയി.
29ബിലെയാം ബാലാക്കിനോട്: ഇവിടെ എനിക്ക് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുക എന്നു പറഞ്ഞു.
30ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.