പഴയ നിയമംMOV

സംഖ്യാപുസ്തകം 22

1യിസ്രായേൽമക്കള്‍ യാത്ര പുറപ്പെട്ട് യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാനക്കരെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.

2യിസ്രായേൽ അമോര്യരോടു ചെയ്തതൊക്കെയും സിപ്പോരിന്‍റെ മകനായ ബാലാക് അറിഞ്ഞു.

3ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.

4മോവാബ് മിദ്യാന്യമൂപ്പന്മാരോട്: കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്‍രാജാവ് സിപ്പോരിന്‍റെ മകനായ ബാലാക് ആയിരുന്നു.

5അവന്‍ ബെയോരിന്‍റെ മകനായ ബിലെയാമിനെ വിളിപ്പാന്‍ അവന്‍റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരേ പാര്‍ക്കുന്നു.

6നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവര്‍ എന്നെക്കാള്‍ ഏറ്റവും ബലവാന്മാര്‍ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്ന് ഓടിച്ചുകളവാന്‍ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍, നീ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു ഞാന്‍ അറിയുന്നു എന്നു പറയിച്ചു.

7മോവാബ്യമൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരുംകൂടി കൈയിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്‍റെ അടുക്കൽ ചെന്നു ബാലാക്കിന്‍റെ വാക്കുകളെ അവനോടു പറഞ്ഞു.

8അവന്‍ അവരോട്: ഇന്നു രാത്രി ഇവിടെ പാര്‍പ്പിന്‍; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാന്‍ നിങ്ങളോട് ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാര്‍ ബിലെയാമിനോടുകൂടെ പാര്‍ത്തു.

9ദൈവം ബിലെയാമിന്‍റെ അടുക്കൽ വന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യര്‍ ആരെന്നു ചോദിച്ചു.

10ബിലെയാം ദൈവത്തോട്: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കേണം;

11പക്ഷേ അവരോടു യുദ്ധം ചെയ്ത് അവരെ ഓടിച്ചുകളവാന്‍ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്‍രാവായി സിപ്പോരിന്‍റെ മകനായ ബാലാക് എന്‍റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.

12ദൈവം ബിലെയാമിനോട്: നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയും അരുത്; അവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു എന്നു കല്പിച്ചു.

13ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്‍റെ പ്രഭുക്കന്മാരോട്: നിങ്ങളുടെ ദേശത്തേക്കു പോകുവിന്‍; നിങ്ങളോടുകൂടെ പോരുവാന്‍ യഹോവ എനിക്ക് അനുവാദം തരുന്നില്ല എന്നു പറഞ്ഞു.

14മോവാബ്യപ്രഭുക്കന്മാര്‍ പുറപ്പെട്ടു ബാലാക്കിന്‍റെ അടുക്കൽ ചെന്നു: ബിലെയാമിനു ഞങ്ങളോടുകൂടെ വരുവാന്‍ മനസ്സില്ല എന്നു പറഞ്ഞു.

15ബാലാക് വീണ്ടും അവരെക്കാള്‍ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.

16അവര്‍ ബിലെയാമിന്‍റെ അടുക്കൽ വന്ന് അവനോട്: എന്‍റെ അടുക്കൽ വരുന്നതിന് മുടക്കം ഒന്നും പറയരുതേ.

17ഞാന്‍ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം; വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്‍റെ മകനായ ബാലാക് പറയുന്നു എന്നു പറഞ്ഞു.

18ബിലെയാം ബാലാക്കിന്‍റെ ഭൃത്യന്മാരോട് : ബാലാക് തന്‍റെ ഗൃഹം നിറച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്‍റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് ഏറെയോ കുറെയോ ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല.

19ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്നു ഞാന്‍ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാര്‍പ്പിന്‍ എന്ന് ഉത്തരം പറഞ്ഞു.

20രാത്രിയിൽ ദൈവം ബിലെയാമിന്‍റെ അടുക്കൽ വന്നു: ഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ട് അവരോടുകൂടെ പോക; എന്നാൽ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവൂ എന്നു കല്പിച്ചു.

21ബിലെയാം രാവിലെ എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.

22അവന്‍ പോകുന്നതുകൊണ്ടു ദൈവത്തിന്‍റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതന്‍ വഴിയിൽ അവനു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്‍റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.

23യഹോവയുടെ ദൂതന്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽനിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന് ബിലെയാം അതിനെ അടിച്ചു.

24പിന്നെ യഹോവയുടെ ദൂതന്‍ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽ നിന്നു.

25കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ മതിലരികെ ഒതുങ്ങി ബിലെയാമിന്‍റെ കാൽ മതിലോടു ചേര്‍ത്തു ഞെക്കി; അവന്‍ അതിനെ വീണ്ടും അടിച്ചു.

26പിന്നെ യഹോവയുടെ ദൂതന്‍ മുമ്പോട്ടുചെന്ന് ഇടത്തോട്ടും വലത്തോട്ടും മാറുവാന്‍ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു.

27യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ കഴുത ബിലെയാമിന്‍റെ കീഴെ കിടന്നുകളഞ്ഞു; ബിലെയാമിന്‍റെ കോപം ജ്വലിച്ച് അവന്‍ കഴുതയെ വടികൊണ്ട് അടിച്ചു.

28അപ്പോള്‍ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോട്: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാന്‍ ഞാന്‍ നിന്നോട് എന്തു ചെയ്തു എന്നു ചോദിച്ചു.

29ബിലെയാം കഴുതയോട്: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്‍റെ കൈയിൽ ഒരു വാള്‍ ഉണ്ടായിരുന്നെങ്കിൽ ഞാന്‍ ഇപ്പോള്‍തന്നെ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.

30കഴുത ബിലെയാമിനോട്: ഞാന്‍ നിന്‍റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്‍റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാന്‍ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്ന് അവന്‍ പറഞ്ഞു.

31അപ്പോള്‍ യഹോവ ബിലെയാമിന്‍റെ കണ്ണ് തുറന്നു, യഹോവയുടെ ദൂതന്‍ വാളൂരിപ്പിടിച്ചുകൊണ്ടു നില്ക്കുന്നത് അവന്‍ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു.

32യഹോവയുടെ ദൂതന്‍ അവനോട്: ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാന്‍ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്‍റെ വഴി നാശകരം എന്നു ഞാന്‍ കാണുന്നു.

33കഴുത എന്നെ കണ്ട് ഈ മൂന്നു പ്രാവശ്യം എന്‍റെ മുമ്പിൽനിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലങ്കിൽ ഞാന്‍ ഇപ്പോള്‍തന്നെ നിന്നെ കൊന്നുകളകയും അതിനെ ജീവനോടെ രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.

34ബിലെയാം യഹോവയുടെ ദൂതനോട്: ഞാന്‍ പാപം ചെയ്തിരിക്കുന്നു: നീ എനിക്ക് എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല; ഇതു നിനക്ക് അനിഷ്ടമെന്നു വരികിൽ ഞാന്‍ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.

35യഹോവയുടെ ദൂതന്‍ ബിലെയാമിനോട്: ഇവരോടുകൂടെ പോക; എങ്കിലും ഞാന്‍ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവൂ എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്‍റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.

36ബിലെയാം വരുന്നു എന്നു ബാലാക് കേട്ടപ്പോള്‍ അര്‍ന്നോന്‍തീരത്തു ദേശത്തിന്‍റെ അതിരിലുള്ള ഈര്‍മോവാബ്‍വരെ അവനെ എതിരേറ്റു ചെന്നു.

37ബാലാക് ബിലെയാമിനോട്: ഞാന്‍ നിന്നെ വിളിപ്പാന്‍ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിപ്പാന്‍ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിനു

38ബിലെയാം ബാലാക്കിനോട്: ഞാന്‍ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാന്‍ എനിക്കു കഴിയുമോ? ദൈവം എന്‍റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാന്‍ പ്രസ്താവിക്കയുള്ളൂ എന്നു പറഞ്ഞു.

39അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവര്‍ കിര്യത്ത്-ഹൂസോത്തിൽ എത്തി.

40ബാലാക് കാളകളെയും ആടുകളെയും അറുത്ത് ബിലെയാമിനും അവനോടുകൂടെയുള്ള പ്രഭുക്കന്മാര്‍ക്കും കൊടുത്തയച്ചു.

41പിറ്റന്നാള്‍ ബാലാക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടു പോയി; അവിടെനിന്ന് അവന്‍ ജനത്തിന്‍റെ ഒരു അറ്റം കണ്ടു.