പഴയ നിയമംMOV

സംഖ്യാപുസ്തകം 20

1അനന്തരം യിസ്രായേൽമക്കളുടെ സര്‍വസഭയും ഒന്നാം മാസം സീന്‍മരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാര്‍ത്തു; അവിടെവച്ചു മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.

2ജനത്തിനു കുടിപ്പാന്‍ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോള്‍ അവര്‍ മോശെക്കും അഹരോനും വിരോധമായി കൂട്ടം കൂടി.

3ജനം മോശെയോട് കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാര്‍ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോള്‍ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു.

4ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിനു നിങ്ങള്‍ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്?

5ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാന്‍ നിങ്ങള്‍ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാന്‍ വെള്ളവുമില്ല എന്നു പറഞ്ഞു.

6എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽനിന്നു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സ് അവര്‍ക്കു പ്രത്യക്ഷമായി.

7യഹോവ മോശെയോട്: നിന്‍റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവര്‍ കാണ്‍കെ പാറയോടു കല്പിക്ക.

8എന്നാൽ അതു വെള്ളം തരും; പാറയിൽനിന്ന് അവര്‍ക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിനും അവരുടെ കന്നുകാലികള്‍ക്കും കുടിപ്പാന്‍ കൊടുക്കേണം എന്ന് അരുളിച്ചെയ്തു.

9തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു.

10മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: മത്സരികളേ, കേള്‍പ്പിന്‍; ഈ പാറയിൽനിന്നു ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.

11മോശെ കൈ ഉയര്‍ത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.

12പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങള്‍ യിസ്രായേൽമക്കള്‍ കാണ്‍കെ എന്നെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങള്‍ ഈ സഭയെ ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്ന് അരുളിച്ചെയ്തു.

13ഇതു യിസ്രായേൽ മക്കള്‍ യഹോവയോടു കലഹിച്ചതും അവര്‍ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.

14അനന്തരം മോശെ കാദേശിൽനിന്ന് എദോംരാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചത്: നിന്‍റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു:

15ഞങ്ങള്‍ക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമിൽ പോയി ഏറിയ കാലം പാര്‍ത്തു: മിസ്രയീമ്യര്‍ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.

16ഞങ്ങള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ ഞങ്ങളുടെ നിലവിളി കേട്ട് ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങള്‍ നിന്‍റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.

17ഞങ്ങള്‍ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ. ഞങ്ങള്‍ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങള്‍ രാജപാതയിൽക്കൂടിതന്നെ നടക്കും; നിന്‍റെ അതിര്‍ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല.

18എദോം അവനോട്: നീ എന്‍റെ നാട്ടിൽക്കൂടി കടക്കരുത്: കടന്നാൽ ഞാന്‍ വാളുമായി നിന്‍റെ നേരേ പുറപ്പെടും എന്നു പറഞ്ഞു.

19അതിനു യിസ്രായേൽമക്കള്‍ അവനോട്: ഞങ്ങള്‍ പെരുവഴിയിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്‍റെ കന്നുകാലിയും നിന്‍റെ വെള്ളം കുടിച്ചുപോയാൽ അതിന്‍റെ വില തരാം; കാൽനടയായി കടന്നുപോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.

20അതിന് അവന്‍ നീ കടന്നുപോകരുത് എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടെ അവന്‍റെ നേരേ പുറപ്പെട്ടു.

21ഇങ്ങനെ എദോം തന്‍റെ അതിരിൽക്കൂടി കടന്നുപോകുവാന്‍ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവനെ വിട്ട് ഒഴിഞ്ഞുപോയി.

22പിന്നെ യിസ്രായേൽമക്കളുടെ സര്‍വസഭയും കാദേശിൽനിന്നു യാത്ര പുറപ്പെട്ടു ഹോര്‍പര്‍വതത്തിൽ എത്തി.

23എദോംദേശത്തിന്‍റെ അതിരിങ്കലുള്ള ഹോര്‍പര്‍വതത്തിൽവച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:

24അഹരോന്‍ തന്‍റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങള്‍ എന്‍റെ കല്പന മറുത്തതുകൊണ്ട് ഞാന്‍ യിസ്രായേൽമക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവന്‍ കടക്കയില്ല.

25അഹരോനെയും അവന്‍റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോര്‍പര്‍വതത്തിൽ കൊണ്ടുചെന്ന്

26അഹരോന്‍റെ വസ്ത്രം ഊരി അവന്‍റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോന്‍ അവിടെവച്ചു മരിച്ച് തന്‍റെ ജനത്തോടു ചേരും.

27യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സര്‍വസഭയും കാണ്‍കെ അവര്‍ ഹോര്‍പര്‍വതത്തിൽ കയറി.

28മോശെ അഹരോന്‍റെ വസ്ത്രം ഊരി അവന്‍റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോന്‍ അവിടെ പര്‍വതത്തിന്‍റെ മുകളിൽവച്ചു മരിച്ചു; മോശെയും എലെയാസാരും പര്‍വതത്തിൽനിന്ന് ഇറങ്ങിവന്നു.

29അഹരോന്‍ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോള്‍ യിസ്രായേൽഗൃഹമൊക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു.