പഴയ നിയമംMOV

സംഖ്യാപുസ്തകം 17

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2യിസ്രായേൽമക്കളോടു സംസാരിച്ച് അവരുടെ പക്കൽനിന്നു ഗോത്രംഗോത്രമായി സകല ഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്‍റെ വടിമേൽ അവന്‍റെ പേര്‍ എഴുതുക.

3ലേവിയുടെ വടിമേലോ അഹരോന്‍റെ പേര്‍ എഴുതേണം; ഓരോ ഗോത്രത്തലവന് ഓരോ വടി ഉണ്ടായിരിക്കേണം.

4സമാഗമനകൂടാരത്തിൽ ഞാന്‍ നിങ്ങള്‍ക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്‍റെ മുമ്പാകെ അവയെ വയ്ക്കേണം.

5ഞാന്‍ തിരഞ്ഞെടുക്കുന്നവന്‍റെ വടി തളിര്‍ക്കും; ഇങ്ങനെ യിസ്രായേൽമക്കള്‍ നിങ്ങള്‍ക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ നിര്‍ത്തലാക്കും.

6മോശെ യിസ്രായേൽമക്കളോടു സംസാരിക്കയും അവരുടെ സകല പ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്‍റെ പക്കൽ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തിൽ അഹരോന്‍റെ വടിയും ഉണ്ടായിരുന്നു.

7മോശെ വടികളെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വച്ചു.

8പിറ്റന്നാള്‍ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോള്‍ ലേവിഗൃഹത്തിനുള്ള അഹരോന്‍റെ വടി തളിര്‍ത്തിരിക്കുന്നതു കണ്ടു; അതു തളിര്‍ത്തു പൂത്തു ബദാംഫലം കായിച്ചിരുന്നു.

9മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്തു യിസ്രായേൽമക്കളുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു; അവര്‍ ഓരോരുത്തന്‍ താന്താന്‍റെ വടി നോക്കിയെടുത്തു.

10യഹോവ മോശെയോട്: അഹരോന്‍റെ വടി മത്സരികള്‍ക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്‍റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവര്‍ മരിക്കാതിരിക്കേണ്ടതിന് എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിര്‍ത്തലാക്കും എന്നു കല്പിച്ചു. മോശെ അങ്ങനെതന്നെ ചെയ്തു:

11യഹോവ തന്നോടു കല്പിച്ചതുപോലെ അവന്‍ ചെയ്തു.

12അപ്പോള്‍ യിസ്രായേൽമക്കള്‍ മോശെയോട്: ഇതാ, ഞങ്ങള്‍ ചത്തൊടുങ്ങുന്നു; ഞങ്ങള്‍ നശിക്കുന്നു; ഞങ്ങള്‍ എല്ലാവരും നശിക്കുന്നു.

13യഹോവയുടെ തിരുനിവാസത്തോട് അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങളൊക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.