പഴയ നിയമംMOV

സംഖ്യാപുസ്തകം 12

1മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു:

2യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങള്‍ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.

3മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു.

4പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: നിങ്ങള്‍ മൂവരും സമാഗമനകൂടാരത്തിങ്കൽ വരുവിന്‍ എന്നു കല്പിച്ചു; അവര്‍ മൂവരും ചെന്നു.

5യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു, അഹരോനെയും മിര്യാമിനെയും വിളിച്ചു; അവര്‍ ഇരുവരും അങ്ങോട്ടു ചെന്നു.

6പിന്നെ അവന്‍ അരുളിച്ചെയ്തത്: എന്‍റെ വചനങ്ങളെ കേള്‍പ്പിന്‍; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകന്‍ ഉണ്ടെങ്കിൽ യഹോവയായ ഞാന്‍ അവനു ദര്‍ശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്കയും ചെയ്യും.

7എന്‍റെ ദാസനായ മോശെയോ അങ്ങനെയല്ല; അവന്‍ എന്‍റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനാകുന്നു.

8അവനോടു ഞാന്‍ അരുളിച്ചെയ്യുന്നത് മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവന്‍ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങള്‍ എന്‍റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാന്‍ ശങ്കിക്കാഞ്ഞത് എന്ത്?

9യഹോവയുടെ കോപം അവരുടെ നേരേ ജ്വലിച്ചു; അവന്‍ മറഞ്ഞു.

10മേഘവും കൂടാരത്തിന്മേൽനിന്നു നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോന്‍ മിര്യാമിനെ നോക്കിയപ്പോള്‍ അവള്‍ കുഷ്ഠരോഗിണിയെന്നു കണ്ടു.

11അഹരോന്‍ മോശെയോട്: അയ്യോ യജമാനനേ, ഞങ്ങള്‍ ഭോഷത്തമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വയ്ക്കരുതേ.

12അമ്മയുടെ ഗര്‍ഭത്തിൽനിന്നു പുറപ്പെടുമ്പോള്‍ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവള്‍ ആകരുതേ എന്നു പറഞ്ഞു.

13അപ്പോള്‍ മോശെ യഹോവയോട്: ദൈവമേ, അവളെ സൗഖ്യമാക്കേണമേ എന്നു നിലവിളിച്ചു.

14യഹോവ മോശെയോട്: അവളുടെ അപ്പന്‍ അവളുടെ മുഖത്തു തുപ്പിയെങ്കിൽ അവള്‍ ഏഴു ദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്ത് അടച്ചിടേണം; പിന്നത്തേതിൽ അവളെ ചേര്‍ത്തുകൊള്ളാം എന്നു കല്പിച്ചു.

15ഇങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിനു പുറത്താക്കി അടച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.

16അതിന്‍റെശേഷം ജനം ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാന്‍മരുഭൂമിയിൽ പാളയമിറങ്ങി.