പഴയ നിയമംMOV

നെഹെമ്യാവ് 6

1എന്നാൽ ഞാന്‍ മതിൽ പണിതു; ആ കാലത്തു പടിവാതിലുകള്‍ക്കു കതകുകള്‍ വച്ചിരുന്നില്ലങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലന്നു സന്‍ബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോള്‍

2സന്‍ബല്ലത്തും ഗേശെമും എന്‍റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗം കൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‍വാനായിരുന്നു അവര്‍ നിരൂപിച്ചത്.

3ഞാന്‍ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാന്‍ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്ക് അങ്ങോട്ടു വരുവാന്‍ കഴിവില്ല; ഞാന്‍ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിനു മിനക്കേടു വരുത്തുന്നത് എന്തിന് എന്നു പറയിച്ചു.

4അവര്‍ നാലു പ്രാവശ്യം ഇങ്ങനെ എന്‍റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധംതന്നെ മറുപടി പറഞ്ഞയച്ചു.

5സന്‍ബല്ലത്ത് അങ്ങനെതന്നെ അഞ്ചാം പ്രാവശ്യം തന്‍റെ ഭൃത്യനെ, തുറന്നിരിക്കുന്ന ഒരു എഴുത്തുമായി എന്‍റെ അടുക്കൽ അയച്ചു.

6അതിൽ എഴുതിയിരുന്നത്: നീയും യെഹൂദന്മാരും മത്സരിപ്പാന്‍ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നത്; നീ അവര്‍ക്കു രാജാവാകുവാന്‍ വിചാരിക്കുന്നു എന്നത്രേ വര്‍ത്തമാനം.

7യെഹൂദായിൽ ഒരു രാജാവ് ഉണ്ടെന്നു നിന്നെക്കുറിച്ച് യെരൂശലേമിൽ പ്രസംഗിപ്പാന്‍ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്നിങ്ങനെ ജാതികളുടെ ഇടയിൽ ഒരു കേള്‍വി ഉണ്ട്; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോള്‍ ഈ കേള്‍വി കേള്‍ക്കും; ആകയാൽ വരിക നാം തമ്മിൽ ആലോചന ചെയ്ക.

8അതിനു ഞാന്‍ അവന്‍റെ അടുക്കൽ ആളയച്ചു: നീ പറയുന്നതുപോലെയുള്ള കാര്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കല്പിച്ചതാകുന്നു എന്നു പറയിച്ചു.

9വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞ് അവരൊക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാന്‍ നോക്കി. ആകയാൽ, ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.

10പിന്നെ ഞാന്‍ മെഹേതബേലിന്‍റെ മകനായ ദെലായാവിന്‍റെ മകന്‍ ശെമയ്യാവിന്‍റെ വീട്ടിൽ ചെന്നു; അവന്‍ കതകടച്ച് അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്തു കടന്നു വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാന്‍ വരുന്നുണ്ട്; നിന്നെ കൊല്ലുവാന്‍ അവര്‍ രാത്രിയിൽ വരും എന്നു പറഞ്ഞു.

11അതിനു ഞാന്‍: എന്നെപ്പോലെയുള്ള ഒരാള്‍ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തന്‍ ജീവരക്ഷയ്ക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാന്‍ പോകയില്ല എന്നു പറഞ്ഞു.

12ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സന്‍ബല്ലത്തും അവന് കൂലി കൊടുത്തിരുന്നതുകൊണ്ട് അവന്‍ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളൂ എന്ന് എനിക്കു മനസ്സിലായി.

13ഞാന്‍ ഭയപ്പെട്ട് അങ്ങനെ പ്രവര്‍ത്തിച്ചു പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിനു കാരണം കിട്ടേണ്ടതിനും അവര്‍ അവനു കൂലികൊടുത്തിരുന്നു.

14എന്‍റെ ദൈവമേ, തോബീയാവും സന്‍ബല്ലത്തും ചെയ്ത ഈ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവരെയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാന്‍ നോക്കിയ മറ്റു പ്രവാചകന്മാരെയും ഓര്‍ക്കേണമേ.

15ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിത് എലൂൽമാസം ഇരുപത്തിയഞ്ചാം തീയതി തീര്‍ത്തു.

16ഞങ്ങളുടെ സകല ശത്രുക്കളും അതു കേട്ടപ്പോള്‍ ഞങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ ആകെ ഭയപ്പെട്ടു; അവര്‍ തങ്ങള്‍ക്കു തന്നെ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്‍റെ സഹായത്താൽ സാധ്യമായി എന്ന് അവര്‍ ഗ്രഹിച്ചു.

17ആ കാലത്ത് യെഹൂദാപ്രഭുക്കന്മാര്‍ തോബീയാവിന് അനേകം എഴുത്ത് അയയ്ക്കുകയും തോബീയാവിന്‍റെ എഴുത്ത് അവര്‍ക്കു വരികയും ചെയ്തു.

18അവന്‍ ആരഹിന്‍റെ മകനായ ശെഖന്യാവിന്‍റെ മരുമകന്‍ ആയിരുന്നതുകൊണ്ടും അവന്‍റെ മകന്‍ യോഹാനാന്‍ ബേരെഖ്യാവിന്‍റെ മകനായ മെശുല്ലാമിന്‍റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദായിൽ അനേകര്‍ അവനുമായി സത്യബന്ധം ചെയ്തിരുന്നു.

19അത്രയുമല്ല, അവര്‍ അവന്‍റെ ഗുണങ്ങളെ എന്‍റെ മുമ്പാകെ പ്രസ്താവിക്കയും എന്‍റെ വാക്കുകളെ അവന്‍റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ട് എന്നെ ഭയപ്പെടുത്തുവാന്‍ തോബീയാവ് എഴുത്ത് അയച്ചുകൊണ്ടിരുന്നു.