പഴയ നിയമംMOV

നെഹെമ്യാവ് 5

1ജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരേ വലിയ നിലവിളികൂട്ടി:

2ഞങ്ങള്‍ ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിനു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും

3ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുര്‍ഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും

4രാജഭോഗം കൊടുക്കേണ്ടതിനു ഞങ്ങള്‍ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടം മേടിച്ചിരിക്കുന്നു;

5ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കള്‍ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങള്‍ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിനു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലര്‍ അടിമപ്പെട്ടു പോയിരിക്കുന്നു; ഞങ്ങള്‍ക്കു വേറേ നിര്‍വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറേ ചിലരും പറഞ്ഞു.

6അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോള്‍ എനിക്ക് അതികോപം വന്നു.

7ഞാന്‍ എന്‍റെ മനസ്സുകൊണ്ട് ആലോചിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചു: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ എന്ന് അവരോടു പറഞ്ഞു. അവര്‍ക്കു വിരോധമായി ഞാന്‍ ഒരു മഹായോഗം വിളിച്ചുകൂട്ടി.

8ജാതികള്‍ക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാൽ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാര്‍ തങ്ങളെത്തന്നെ നമുക്കു വില്പാന്‍ തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാന്‍ പോകുന്നുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു. അതിന് അവര്‍ ഒരു വാക്കും പറവാന്‍ കഴിയാതെ മൗനമായിരുന്നു.

9പിന്നെയും ഞാന്‍ പറഞ്ഞത്: നിങ്ങള്‍ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓര്‍ത്തിട്ടെങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?

10ഞാനും എന്‍റെ സഹോദരന്മാരും എന്‍റെ ഭൃത്യന്മാരും അവര്‍ക്കു ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക.

11നിങ്ങള്‍ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിന്‍; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ, എന്നിവയിൽ നൂറ്റിന് ഒന്നു വീതം നിങ്ങള്‍ അവരോടു വാങ്ങിവരുന്നതും അവര്‍ക്ക് ഇളച്ചുകൊടുപ്പിന്‍.

12അതിന് അവര്‍: ഞങ്ങള്‍ അവ മടക്കിക്കൊടുക്കാം; ഇനി അവരോട് ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നെ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ പുരോഹിതന്മാരെ വിളിച്ച് ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്ന് അവരുടെ മുമ്പിൽവച്ച് അവരെക്കൊണ്ടു സത്യം ചെയ്യിച്ചു.

13ഞാന്‍ എന്‍റെ മടി കുടഞ്ഞു: ഈ വാഗ്ദാനം നിവര്‍ത്തിക്കാത്ത ഏവനെയും അവന്‍റെ വീട്ടിൽനിന്നും അവന്‍റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവന്‍ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സര്‍വസഭയും: ആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവര്‍ത്തിച്ചു.

14ഞാന്‍ യെഹൂദാദേശത്ത് അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാള്‍മുതൽ അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ ഇരുപതാം ആണ്ടുമുതൽ തന്നെ, അവന്‍റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്‍റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല.

15എനിക്കു മുമ്പേ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികള്‍ ജനത്തിനു ഭാരമായിരുന്നു; നാല്പതു ശേക്കെൽ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കര്‍ത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.

16ഞാന്‍ ഈ മതിലിന്‍റെ വേലയിൽ തന്നെ ഉറ്റിരുന്നു; ഞങ്ങള്‍ ഒരു നിലവും വിലയ്ക്കു വാങ്ങിയില്ല; എന്‍റെ ഭൃത്യന്മാരൊക്കെയും ഈ വേലയിൽ ചേര്‍ന്നു പ്രവര്‍ത്തിച്ചുപോന്നു.

17യെഹൂദന്മാരും പ്രമാണികളുമായ നൂറ്റമ്പതു പേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽനിന്നു ഞങ്ങളുടെ അടുക്കൽ വന്നവരും എന്‍റെ മേശയ്ക്കൽ ഭക്ഷണം കഴിച്ചുപോന്നു.

18എനിക്ക് ഒരു ദിവസത്തേക്ക് ഒരു കാളയെയും വിശേഷമായ ആറ് ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാട് കഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാന്‍ ആവശ്യപ്പെട്ടില്ല.

19എന്‍റെ ദൈവമേ, ഞാന്‍ ഈ ജനത്തിനുവേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മയ്ക്കായിട്ട് ഓര്‍ക്കേണമേ.