പഴയ നിയമംMOV
1എനിക്ക് അയ്യോ കഷ്ടം; പഴം പറിച്ചശേഷം എന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാന്‍ ആയല്ലോ! തിന്മാന്‍ ഒരു മുന്തിരിക്കുലയും ഇല്ല; ഞാന്‍ കൊതിക്കുന്ന അത്തിയുടെ തലപ്പഴവുമില്ല.
2ഭക്തിമാന്‍ ഭൂമിയിൽനിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവന്‍ ആരുമില്ല; അവരൊക്കെയും രക്തത്തിനായി പതിയിരിക്കുന്നു; ഓരോരുത്തന്‍ താന്താന്‍റെ സഹോദരനെ വല വച്ചു പിടിപ്പാന്‍ നോക്കുന്നു.
3ജാഗ്രതയോടെ ദോഷം പ്രവര്‍ത്തിക്കേണ്ടതിന് അവരുടെ കൈ അതിലേക്കു നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു; മഹാന്‍ തന്‍റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവര്‍ പിരിമുറുക്കുന്നു.
4അവരിൽ ഉത്തമന്‍ മുള്‍പ്പടര്‍പ്പുപോലെ; നേരുള്ളവന്‍ മുള്‍വേലിയെക്കാള്‍ വല്ലാത്തവന്‍ തന്നെ; നിന്‍റെ ദര്‍ശകന്മാര്‍ പറഞ്ഞ ദിവസം, നിന്‍റെ സന്ദര്‍ശനദിവസം തന്നെ, വരുന്നു; ഇപ്പോള്‍ അവരുടെ പരിഭ്രമം വന്നു ഭവിക്കും.
5കൂട്ടുകാരനെ വിശ്വസിക്കരുത്; സ്നേഹിതനിൽ ആശ്രയിക്കരുത്; നിന്‍റെ മാര്‍വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്‍റെ വായുടെ കതക് കാത്തുകൊള്‍ക.
6മകന്‍ അപ്പനെ നിന്ദിക്കുന്നു; മകള്‍ അമ്മയോടും മരുമകള്‍ അമ്മാവിയമ്മയോടും എതിര്‍ത്തുനില്ക്കുന്നു; മനുഷ്യന്‍റെ ശത്രുക്കള്‍ അവന്‍റെ വീട്ടുകാര്‍ തന്നെ.
7ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്‍റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; എന്‍റെ ദൈവം എന്‍റെ പ്രാര്‍ഥന കേള്‍ക്കും.
8എന്‍റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്; വീണു എങ്കിലും ഞാന്‍ വീണ്ടും എഴുന്നേല്ക്കും; ഞാന്‍ ഇരുട്ടത്ത് ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.
9യഹോവ എന്‍റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാന്‍ അവന്‍റെ ക്രോധം വഹിക്കും; ഞാന്‍ അവനോടു പാപം ചെയ്തുവല്ലോ; അവന്‍ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാന്‍ അവന്‍റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.
10എന്‍റെ ശത്രു അതു കാണും; നിന്‍റെ ദൈവമായ യഹോവ എവിടെ എന്ന് എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്‍റെ കണ്ണ് അവളെ കണ്ടു രസിക്കും; അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
11നിന്‍റെ മതിലുകള്‍ പണിവാനുള്ള നാള്‍ വരുന്നു: അന്നാളിൽ നിന്‍റെ അതിര്‍ അകന്നുപോകും.
12അന്നാളിൽ അശ്ശൂരിൽനിന്നും മിസ്രയീംപട്ടണങ്ങളിൽനിന്നും മിസ്രയീംമുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പര്‍വതംമുതൽ പര്‍വതംവരെയും അവര്‍ നിന്‍റെ അടുക്കൽ വരും.
13എന്നാൽ ഭൂമി നിവാസികള്‍ നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായിത്തീരും.
14കര്‍മ്മേലിന്‍റെ മധ്യേ കാട്ടിൽ തനിച്ചിരിക്കുന്നതും നിന്‍റെ അവകാശവുമായി നിന്‍റെ ജനമായ ആട്ടിന്‍കൂട്ടത്തെ നിന്‍റെ കോൽകൊണ്ടു മേയിക്കേണമേ; പുരാതനകാലത്ത് എന്നപോലെ അവര്‍ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.
15നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാന്‍ അവനെ അദ്ഭുതങ്ങള്‍ കാണിക്കും.
16ജാതികള്‍ കണ്ടിട്ടു തങ്ങളുടെ സകല വീര്യത്തിലും ലജ്ജിക്കും; അവര്‍ വായ്മേൽ കൈ വയ്ക്കയും ചെകിടരായിത്തീരുകയും ചെയ്യും.
17അവര്‍ പാമ്പുപോലെ പൊടി നക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്നു വിറച്ചുംകൊണ്ടുവരും; അവര്‍ പേടിച്ചുംകൊണ്ട് നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും നിന്നെ ഭയപ്പെടുകയും ചെയ്യും.
18അകൃത്യം ക്ഷമിക്കയും തന്‍റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളൂ? അവന്‍ എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവനു പ്രസാദമുള്ളത്.
19അവന്‍ നമ്മോടു വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെയൊക്കെയും നീ സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളയും.
20പുരാതനകാലംമുതൽ നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തിരിക്കുന്ന നിന്‍റെ വിശ്വസ്തത നീ യാക്കോബിനോടും നിന്‍റെ ദയ അബ്രാഹാമിനോടും കാണിക്കും.