പഴയ നിയമംMOV

മീഖാ 6

1യഹോവ അരുളിച്ചെയ്യുന്നതു കേള്‍പ്പിന്‍: നീ എഴുന്നേറ്റ് പര്‍വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകള്‍ നിന്‍റെ വാക്ക് കേള്‍ക്കട്ടെ;

2പര്‍വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍! യഹോവയ്ക്കു തന്‍റെ ജനത്തോട് ഒരു വ്യവഹാരം ഉണ്ട്; അവന്‍ യിസ്രായേലിനോടു വാദിക്കും.

3എന്‍റെ ജനമേ, ഞാന്‍ നിന്നോട് എന്തു ചെയ്തു? ഏതൊന്നിനാൽ ഞാന്‍ നിന്നെ മുഷിപ്പിച്ചു? എന്‍റെ നേരേ സാക്ഷീകരിക്ക.

4ഞാന്‍ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്‍റെ മുമ്പിൽ അയച്ചു.

5എന്‍റെ ജനമേ, നിങ്ങള്‍ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിനു മോവാബ്‍രാവായ ബാലാക് ആലോചിച്ചതും ബെയോരിന്‍റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാല് വരെ സംഭവിച്ചതും ഓര്‍ക്കുക.

6എന്തൊന്നുകൊണ്ടു ഞാന്‍ യഹോവയുടെ സന്നിധിയിൽ ചെന്ന്, അത്യുന്നതദൈവത്തിന്‍റെ മുമ്പാകെ കുമ്പിടേണ്ടൂ? ഞാന്‍ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടുംകൂടെ അവന്‍റെ സന്നിധിയിൽ ചെല്ലേണമോ?

7ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്‍റെ അതിക്രമത്തിനുവേണ്ടി ഞാന്‍ എന്‍റെ ആദ്യജാതനെയും ഞാന്‍ ചെയ്ത പാപത്തിനുവേണ്ടി എന്‍റെ ഉദരഫലത്തെയും കൊടുക്കേണമോ?

8മനുഷ്യാ, നല്ലത് എന്തെന്ന് അവന്‍ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവര്‍ത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?

9കേട്ടോ യഹോവ പട്ടണത്തോടു വിളിച്ചു പറയുന്നത്; നിന്‍റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിന്‍.

10ദുഷ്ടന്‍റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?

11കള്ളത്തുലാസും കള്ളപ്പടികള്‍ ഇട്ട സഞ്ചിയുമുള്ളവനെ ഞാന്‍ നിര്‍മ്മലനായി എണ്ണുമോ?

12അതിലെ ധനവാന്മാര്‍ സാഹസപൂര്‍ണന്മാര്‍ ആകുന്നു; അതിന്‍റെ നിവാസികള്‍ വ്യാജം സംസാരിക്കുന്നു; അവരുടെ വായിൽ അവരുടെ നാവ് ചതിവുള്ളതു തന്നെ;

13ആകയാൽ ഞാന്‍ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്‍റെ പാപങ്ങള്‍ നിമിത്തം നിന്നെ ശൂന്യമാക്കും.

14നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവയ്ക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാന്‍ വാളിന് ഏല്പിച്ചുകൊടുക്കും.

15നീ വിതയ്ക്കും, കൊയ്കയില്ല; നീ ഒലീവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല ; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞു കുടിക്കയില്ലതാനും.

16ഞാന്‍ നിന്നെ ശൂന്യവും നിന്‍റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ നിന്ദ വഹിക്കേണ്ടതിനും ഒമ്രിയുടെ ചട്ടങ്ങളും ആഹാബ്ഗൃഹത്തിന്‍റെ സകല പ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങള്‍ അനുസരിച്ചുനടക്കുന്നു.