പുതിയ നിയമംMOV

മത്തായി 8

1അവന്‍ മലയില്‍നിന്ന് ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടര്‍ന്നു.

2അപ്പോള്‍ ഒരു കുഷ്ഠരോഗി വന്ന് അവനെ നമസ്കരിച്ച് കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു പറഞ്ഞു.

3അവന്‍ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവന്‍ ശുദ്ധമായി.

4യേശു അവനോട്: നോക്കൂ, ആരോടും പറയരുത്; അവര്‍ക്കു സാക്ഷ്യത്തിനായി നീ ചെന്നു നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.

5അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്ന് അവനോട്:

6കര്‍ത്താവേ, എന്‍റെ ബാല്യക്കാരന്‍ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില്‍ കിടക്കുന്നു എന്ന് അപേക്ഷിച്ചു പറഞ്ഞു.

7അവന്‍ അവനോട്: ഞാന്‍ വന്ന് അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു.

8അതിനു ശതാധിപന്‍: കര്‍ത്താവേ, നീ എന്‍റെ പുരയ്ക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കു മാത്രം കല്പിച്ചാല്‍ എന്‍റെ ബാല്യക്കാരനു സൗഖ്യം വരും.

9ഞാനും അധികാരത്തിന്‍കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്‍റെ കീഴില്‍ പടയാളികള്‍ ഉണ്ട്; ഞാന്‍ ഒരുവനോട്: പോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്‍റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്ന് ഉത്തരം പറഞ്ഞു.

10അതു കേട്ടിട്ട് യേശു അതിശയിച്ചു, പിന്‍ചെല്ലുന്നവരോടു പറഞ്ഞത്: യിസ്രായേലില്‍ക്കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

11കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ പന്തിക്കിരിക്കും.

12രാജ്യത്തിന്‍റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

13പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയില്‍തന്നെ അവന്‍റെ ബാല്യക്കാരനു സൗഖ്യം വന്നു.

14യേശു പത്രൊസിന്‍റെ വീട്ടില്‍ വന്നാറെ അവന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.

15അവന്‍ അവളുടെ കൈ തൊട്ടു പനി അവളെ വിട്ടു; അവള്‍ എഴുന്നേറ്റ് അവര്‍ക്ക് ശുശ്രൂഷ ചെയ്തു.

16വൈകുന്നേരം ആയപ്പോള്‍ പല ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാര്‍ക്കും സൗഖ്യം വരുത്തി.

17അവന്‍ നമ്മുടെ ബലഹീനതകളെ എടുത്തു , വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ തന്നെ.

18എന്നാല്‍ യേശു തന്‍റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരയ്ക്കു പോകുവാന്‍ കല്പിച്ചു.

19അന്ന് ഒരു ശാസ്ത്രി അവന്‍റെ അടുക്കല്‍ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാന്‍ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.

20യേശു അവനോട്: കുറുനരികള്‍ക്കു കുഴികളും ആകാശത്തിലെ പറവകള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാന്‍ ഇടമില്ല എന്നു പറഞ്ഞു.

21ശിഷ്യന്മാരില്‍ വേറൊരുത്തന്‍ അവനോട്: കര്‍ത്താവേ, ഞാന്‍ മുമ്പേ പോയി എന്‍റെ അപ്പനെ അടക്കം ചെയ്‍വാന്‍ അനുവാദം തരേണം എന്നു പറഞ്ഞു.

22യേശു അവനോട്: നീ എന്‍റെ പിന്നാലെ വരിക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു.

23അവന്‍ ഒരു പടകില്‍ കയറിയപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ കൂടെ ചെന്നു.

24പിന്നെ കടലില്‍ വലിയ ഓളം ഉണ്ടായിട്ടു പടക് തിരകളാല്‍ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.

25അവര്‍ അടുത്തു ചെന്നു: കര്‍ത്താവേ, രക്ഷിക്കേണമേ: ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണര്‍ത്തി.

26അവന്‍ അവരോട്: അല്പവിശ്വാസികളേ, നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള്‍ വലിയ ശാന്തതയുണ്ടായി.

27എന്നാറെ ആ മനുഷ്യര്‍ അതിശയിച്ചു: ഇവന്‍ എങ്ങനെയുള്ളവന്‍? കാറ്റും കടലുംകൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

28അവന്‍ അക്കരെ ഗദരേനരുടെ ദേശത്ത് എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍നിന്നു പുറപ്പെട്ട് അവന് എതിരേ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ട് ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു.

29അവര്‍ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്? സമയത്തിനു മുമ്പേ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു.

30അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

31ഭൂതങ്ങള്‍ അവനോട്: ഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം എന്ന് അപേക്ഷിച്ചു.

32പൊയ്ക്കൊള്‍വിന്‍ എന്ന് അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞ് വെള്ളത്തില്‍ മുങ്ങി ചത്തു.

33മേയ്ക്കുന്നവര്‍ ഓടി പട്ടണത്തില്‍ ചെന്ന് സകലവും ഭൂതഗ്രസ്തരുടെ വസ്തുതയും അറിയിച്ചു.

34ഉടനെ പട്ടണം എല്ലാം പുറപ്പെട്ട് യേശുവിന് എതിരേ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിര്‍ വിട്ടുപോകേണമെന്ന് അപേക്ഷിച്ചു.