പുതിയ നിയമംMOV

മത്തായി 6

1മനുഷ്യര്‍ കാണേണ്ടതിനു നിങ്ങളുടെ നീതിയെ അവരുടെ മുമ്പില്‍ ചെയ്യാതിരിപ്പാന്‍ സൂക്ഷിപ്പിന്‍; അല്ലാഞ്ഞാല്‍ സ്വര്‍ഗത്തിലുള്ള നിങ്ങളുടെ പിതാവിന്‍റെ പക്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.

2ആകയാല്‍ ഭിക്ഷ കൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്‍റെ മുമ്പില്‍ കാഹളം ഊതിക്കരുത്; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

3നീയോ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്‍റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു വലങ്കൈ ചെയ്യുന്നത് എന്ത് എന്ന് ഇടങ്കൈ അറിയരുത്.

4രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം തരും.

5നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ ആകരുത്; അവര്‍ മനുഷ്യര്‍ക്കു വിളങ്ങേണ്ടതിനു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാര്‍ഥിപ്പാന്‍ ഇഷ്ടപ്പെടുന്നു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

6നീയോ പ്രാര്‍ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോടു പ്രാര്‍ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം തരും.

7പ്രാര്‍ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്; അതിഭാഷണത്താല്‍ ഉത്തരം കിട്ടും എന്നല്ലോ അവര്‍ക്കു തോന്നുന്നത്.

8അവരോടു തുല്യരാകരുത്; നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങള്‍ യാചിക്കുംമുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ.

9നിങ്ങള്‍ ഇവ്വണ്ണം പ്രാര്‍ഥിപ്പിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;

10നിന്‍റെ രാജ്യം വരേണമേ; നിന്‍റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;

11ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;

12ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;

13ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

14നിങ്ങള്‍ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.

15നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

16ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്; അവര്‍ ഉപവസിക്കുന്നതു മനുഷ്യര്‍ക്കു വിളങ്ങേണ്ടതിനു മുഖം വിരൂപമാക്കുന്നു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

17നീയോ ഉപവസിക്കുമ്പോള്‍ നിന്‍റെ ഉപവാസം മനുഷ്യര്‍ക്കല്ല രഹസ്യത്തിലുള്ള നിന്‍റെ പിതാവിനു വിളങ്ങേണ്ടതിനു തലയില്‍ എണ്ണ തേച്ചു മുഖം കഴുകുക.

18രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം നല്കും.

19പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയില്‍ നിങ്ങള്‍ നിക്ഷേപം സ്വരൂപിക്കരുത്.

20പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്‍ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചുകൊള്‍വിന്‍.

21നിന്‍റെ നിക്ഷേപം ഉള്ളേടത്തു നിന്‍റെ ഹൃദയവും ഇരിക്കും.

22ശരീരത്തിന്‍റെ വിളക്ക് കണ്ണ് ആകുന്നു; കണ്ണ് ചൊവ്വുള്ളതെങ്കില്‍ നിന്‍റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.

23കണ്ണ് കേടുള്ളതെങ്കിലോ നിന്‍റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാല്‍ നിന്നിലുള്ള വെളിച്ചം ഇരുട്ടായാല്‍ ഇരുട്ട് എത്ര വലിയത്!

24രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും കഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും; നിങ്ങള്‍ക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാന്‍ കഴികയില്ല.

25അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നത്: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്; ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലയോ?

26ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ല യോ?

27വിചാരപ്പെടുന്നതിനാല്‍ തന്‍റെ നീളത്തോട് ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും?

28ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിന്‍; അവ അധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.

29എന്നാല്‍ ശലോമോന്‍പോലും തന്‍റെ സര്‍വമഹത്ത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

30ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.

31ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുത്.

32ഈ വകയൊക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങള്‍ക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ.

33മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും.

34അതുകൊണ്ടു നാളേക്കായി വിചാരപ്പെടരുത്; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന് അന്നന്നത്തെ ദോഷം മതി.