പുതിയ നിയമംMOV

മത്തായി 4

1അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്കു നടത്തി.

2അവന്‍ നാല്പതു പകലും നാല്പതു രാവും ഉപവസിച്ചശേഷം അവനു വിശന്നു.

3അപ്പോള്‍ പരീക്ഷകന്‍ അടുത്തു വന്ന്: നീ ദൈവപുത്രന്‍ എങ്കില്‍ ഈ കല്ല് അപ്പമായിത്തീരുവാന്‍ കല്പിക്ക എന്നു പറഞ്ഞു.

4അതിന് അവന്‍: “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ വായില്‍കൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.

5പിന്നെ പിശാച് അവനെ വിശുദ്ധനഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോട്:

6നീ ദൈവപുത്രന്‍ എങ്കില്‍ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ച് അവന്‍ തന്‍റെ ദൂതന്മാരോടു കല്പിക്കും; അവന്‍ നിന്‍റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കൈയില്‍ താങ്ങിക്കൊള്ളും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

7യേശു അവനോട്: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്” എന്നുംകൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.

8പിന്നെ പിശാച് അവനെ ഏറ്റവും ഉയര്‍ന്നോരു മലമേല്‍ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്ത്വത്തെയും കാണിച്ചു:

9വീണ് എന്നെ നമസ്കരിച്ചാല്‍ ഇതൊക്കെയും നിനക്കു തരാം എന്ന് അവനോടു പറഞ്ഞു.

10യേശു അവനോട്: സാത്താനേ, എന്നെ വിട്ടുപോ; “നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

11അപ്പോള്‍ പിശാച് അവനെ വിട്ടുപോയി; ദൂതന്മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.

12യോഹന്നാന്‍ തടവില്‍ ആയി എന്നു കേട്ടാറെ അവന്‍ ഗലീലയ്ക്കു വാങ്ങിപ്പോയി,

13നസറെത്തു വിട്ടു സെബൂലൂന്‍റെയും നഫ്താലിയുടെയും അതിരുകളില്‍ കടല്ക്കരെയുള്ള കഫര്‍ന്നഹൂമില്‍ ചെന്നു പാര്‍ത്തു;

14“സെബൂലൂന്‍ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോര്‍ദ്ദാനക്കരെയുമുള്ള നാടും

15ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടില്‍ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്‍റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം ഉദിച്ചു”

16എന്ന് യെശയ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇട വന്നു.

17അന്നുമുതല്‍ യേശു: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പ്രസംഗിച്ചുതുടങ്ങി.

18അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍, അവന്‍റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന്‍പിടിക്കാരായ രണ്ടു സഹോദരന്മാര്‍ കടലില്‍ വല വീശുന്നതു കണ്ടു:

19എന്‍റെ പിന്നാലെ വരുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് അവരോടു പറഞ്ഞു.

20ഉടനെ അവര്‍ വല വിട്ടേച്ച് അവനെ അനുഗമിച്ചു.

21അവിടെനിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന്‍ യാക്കോബും അവന്‍റെ സഹോദരന്‍ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര്‍ പടകില്‍ ഇരുന്ന് അപ്പനായ സെബെദിയുമായി വല നന്നാക്കുന്നതു കണ്ട് അവരെയും വിളിച്ചു.

22അവരും ഉടനെ പടകിനെയും അപ്പനെയും വിട്ട് അവനെ അനുഗമിച്ചു.

23പിന്നെ യേശു ഗലീലയിലൊക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ട് അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകല ദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും ചെയ്തു.

24അവന്‍റെ ശ്രുതി സുറിയയിലൊക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര്‍, ഭൂതഗ്രസ്തര്‍, ചന്ദ്രരോഗികള്‍, പക്ഷവാതക്കാര്‍ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.

25അവന്‍ അവരെ സൗഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോര്‍ദ്ദാനക്കരെ എന്നീ ഇടങ്ങളില്‍നിന്നു വളരെ പുരുഷാരം അവനെ പിന്തുടര്‍ന്നു.