പുതിയ നിയമംMOV

മത്തായി 3

1ആ കാലത്ത് യോഹന്നാന്‍സ്നാപകന്‍ വന്ന്, യെഹൂദ്യമരുഭൂമിയില്‍ പ്രസംഗിച്ചു:

2സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു.

3“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കാവിത്: കര്‍ത്താവിന്‍റെ വഴി ഒരുക്കി അവന്‍റെ പാത നിരപ്പാക്കുവിന്‍” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍ പറഞ്ഞവന്‍ ഇവന്‍തന്നെ.

4യോഹന്നാന് ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ഉണ്ടായിരുന്നു; അവന്‍റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

5അന്ന് യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കെയും യോര്‍ദ്ദാന്‍റെ ഇരുകരയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ട് അവന്‍റെ അടുക്കല്‍ ചെന്നു

6തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര്‍ദ്ദാന്‍നദിയില്‍ അവനാല്‍ സ്നാനം ഏറ്റു.

7തന്‍റെ സ്നാനത്തിനായി പരീശരിലും സദൂക്യരിലും പലര്‍ വരുന്നതു കണ്ടാറെ അവന്‍ അവരോടു പറഞ്ഞത്: സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചുതന്നത് ആര്‍?

8മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിന്‍.

9അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ട് ഉണ്ട് എന്നു ഉള്ളംകൊണ്ടു പറവാന്‍ തുനിയരുത്; ഈ കല്ലുകളില്‍നിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിനു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

10ഇപ്പോള്‍ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.

11ഞാന്‍ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തില്‍ സ്നാനം ഏല്പിക്കുന്നതേയുള്ളൂ; എന്‍റെ പിന്നാലെ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു; അവന്‍റെ ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.

12വീശുമുറം അവന്‍റെ കൈയില്‍ ഉണ്ട്; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവയ്ക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.

13അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്ക്കുവാന്‍ ഗലീലയില്‍നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു.

14യോഹന്നാനോ അവനെ വിലക്കി: നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു.

15യേശു അവനോട്: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്ക് ഉചിതം എന്ന് ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു.

16യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍നിന്നു കയറി; അപ്പോള്‍ സ്വര്‍ഗംതുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെമേല്‍ വരുന്നത് അവന്‍ കണ്ടു;

17ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദവും ഉണ്ടായി.