പുതിയ നിയമംMOV

മത്തായി 28

1ശബ്ബത്തു കഴിഞ്ഞ് ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും കല്ലറ കാണ്‍മാന്‍ ചെന്നു.

2പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കര്‍ത്താവിന്‍റെ ദൂതന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നിരുന്നു.

3അവന്‍റെ രൂപം മിന്നലിന് ഒത്തതും അവന്‍റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു.

4കാവല്ക്കാര്‍ അവനെ കണ്ടു പേടിച്ചു വിറച്ചു മരിച്ചവരെപ്പോലെ ആയി.

5ദൂതന്‍ സ്ത്രീകളോട്: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു;

6അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ കിടന്ന സ്ഥലം വന്നു കാണ്‍മിന്‍.

7അവന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു വേഗം ചെന്ന് അവന്‍റെ ശിഷ്യന്മാരോടു പറവിന്‍; അവന്‍ നിങ്ങള്‍ക്കു മുമ്പേ ഗലീലയ്ക്കു പോകുന്നു; അവിടെ നിങ്ങള്‍ അവനെ കാണും; ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

8അങ്ങനെ അവര്‍ വേഗത്തില്‍ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ട് അവന്‍റെ ശിഷ്യന്മാരോട് അറിയിപ്പാന്‍ ഓടിപ്പോയി.

9എന്നാല്‍ യേശു അവരെ എതിരേറ്റ്: നിങ്ങള്‍ക്കു വന്ദനം എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്ന് അവന്‍റെ കാല്‍ പിടിച്ച് അവനെ നമസ്കരിച്ചു.

10യേശു അവരോട്: ഭയപ്പെടേണ്ടാ; നിങ്ങള്‍ പോയി എന്‍റെ സഹോദരന്മാരോടു ഗലീലയ്ക്കു പോകുവാന്‍ പറവിന്‍; അവിടെ അവര്‍ എന്നെ കാണും എന്നു പറഞ്ഞു.

11അവര്‍ പോകുമ്പോള്‍ കാവല്ക്കൂട്ടത്തില്‍ ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു.

12അവര്‍ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചന കഴിച്ചിട്ടു പടയാളികള്‍ക്കു വേണ്ടുവോളം പണം കൊടുത്തു:

13അവന്‍റെ ശിഷ്യന്മാര്‍ രാത്രിയില്‍ വന്നു ഞങ്ങള്‍ ഉറങ്ങുമ്പോള്‍ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിന്‍.

14വസ്തുത നാടുവാഴിയുടെ സന്നിധാനത്തില്‍ എത്തി എങ്കിലോ ഞങ്ങള്‍ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിര്‍ഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.

15അവര്‍ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയില്‍ പരക്കെ നടപ്പായിരിക്കുന്നു.

16എന്നാല്‍ പതിനൊന്നു ശിഷ്യന്മാര്‍ ഗലീലയില്‍ യേശു അവരോടു കല്പിച്ചിരുന്ന മലയ്ക്കു പോയി.

17അവനെ കണ്ടപ്പോള്‍ അവര്‍ നമസ്കരിച്ചു; ചിലരോ സംശയിച്ചു.

18യേശു അടുത്തുചെന്നു: സ്വര്‍ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

19ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട്, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും

20ഞാന്‍ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.