പുതിയ നിയമംMOV
1ഈ വചനങ്ങളൊക്കെയും പറഞ്ഞുതീര്‍ന്നശേഷം യേശു ശിഷ്യന്മാരോട്:
2രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാന്‍ ഏല്പിക്കും എന്നു പറഞ്ഞു.
3അന്നു മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്‍റെ മണ്ഡപത്തില്‍ വന്നുകൂടി.
4യേശുവിനെ ഉപായത്താല്‍ പിടിച്ചു കൊല്ലുവാന്‍ ആലോചിച്ചു;
5എങ്കിലും ജനത്തില്‍ കലഹമുണ്ടാകാതിരിപ്പാന്‍ പെരുന്നാളില്‍ അരുത് എന്നു പറഞ്ഞു.
6യേശു ബേഥാന്യയില്‍ കുഷ്ഠരോഗിയായിരുന്ന ശീമോന്‍റെ വീട്ടില്‍ ഇരിക്കുമ്പോള്‍
7ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്‍കല്‍ഭരണി എടുത്തുംകൊണ്ട് അവന്‍റെ അടുക്കെ വന്നു, അവന്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ അത് അവന്‍റെ തലയില്‍ ഒഴിച്ചു.
8ശിഷ്യന്മാര്‍ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവ് എന്തിന്?
9ഇതു വളരെ വിലയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.
10യേശു അത് അറിഞ്ഞ് അവരോട്: സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവള്‍ എങ്കല്‍ നല്ല പ്രവൃത്തി യല്ലോ ചെയ്തത്.
11ദരിദ്രര്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും അടുക്കെ ഉണ്ട്; ഞാന്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും ഇല്ലതാനും.
12അവള്‍ ഈ തൈലം എന്‍റെ ദേഹത്തിന്മേല്‍ ഒഴിച്ചത് എന്‍റെ ശവസംസ്കാരത്തിനായി ചെയ്തതാകുന്നു.
13ലോകത്തില്‍ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവള്‍ ചെയ്തതും അവളുടെ ഓര്‍മയ്ക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
14അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു:
15നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവര്‍ അവനു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.
16അന്നുമുതല്‍ അവനെ കാണിച്ചുകൊടുപ്പാന്‍ അവന്‍ തക്കം അന്വേഷിച്ചു പോന്നു.
17പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടത് എവിടെ എന്നു ചോദിച്ചു.
18അതിന് അവന്‍ പറഞ്ഞത്: നിങ്ങള്‍ നഗരത്തില്‍ ഇന്നവന്‍റെ അടുക്കല്‍ ചെന്ന്: എന്‍റെ സമയം അടുത്തിരിക്കുന്നു; ഞാന്‍ എന്‍റെ ശിഷ്യരുമായി നിന്‍റെ അടുക്കല്‍ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിന്‍.
19ശിഷ്യന്മാര്‍ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
20സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയില്‍ ഇരുന്നു.
21അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍: നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
22അപ്പോള്‍ അവര്‍ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കര്‍ത്താവേ, എന്ന് ഓരോരുത്തന്‍ പറഞ്ഞുതുടങ്ങി.
23അവന്‍ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നെ എന്നെ കാണിച്ചുകൊടുക്കും.
24തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യന്‍ജനിക്കാതിരുന്നു എങ്കില്‍ അവനു കൊള്ളായിരുന്നു.
25എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്: നീ തന്നെ എന്ന് അവന്‍ പറഞ്ഞു.
26അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തിനുറുക്കി ശിഷ്യന്മാര്‍ക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിന്‍; ഇത് എന്‍റെ ശരീരം എന്നു പറഞ്ഞു.
27പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു: എല്ലാവരും ഇതില്‍നിന്നു കുടിപ്പിന്‍.
28ഇത് അനേകര്‍ക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്‍റെ രക്തം;
29എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍നിന്ന് ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
30പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി.
31യേശു അവരോട്: ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്ന് എഴുതിയിരിക്കുന്നുവല്ലോ.
32എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലയ്ക്കു പോകും.
33അതിനു പത്രൊസ്: എല്ലാവരും നിങ്കല്‍ ഇടറിയാലും ഞാന്‍ ഒരുനാളും ഇടറുകയില്ല എന്ന് ഉത്തരം പറഞ്ഞു.
34യേശു അവനോട്: ഈ രാത്രിയില്‍ കോഴി കൂകുംമുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.
35നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു; അതുപോലെതന്നെ ശിഷ്യന്മാര്‍ എല്ലാവരും പറഞ്ഞു.
36അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോട്: ഞാന്‍ അവിടെ പോയി പ്രാര്‍ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു,
37പത്രൊസിനെയും സെബെദിപുത്രന്മാര്‍ ഇരുവരെയും കൂട്ടിക്കൊണ്ടുചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:
38എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ച് എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍ എന്ന് അവരോടു പറഞ്ഞു.
39പിന്നെ അവന്‍ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാര്‍ഥിച്ചു.
40പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോട്: എന്നോടുകൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ?
41പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിപ്പിന്‍; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
42രണ്ടാമതും പോയി: പിതാവേ, ഞാന്‍ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കില്‍, നിന്‍റെ ഇഷ്ടം ആകട്ടെ എന്നു പ്രാര്‍ഥിച്ചു.
43അനന്തരം അവന്‍ വന്ന്, അവര്‍ കണ്ണിനു ഭാരം ഏറുകയാല്‍ പിന്നെയും ഉറങ്ങുന്നതു കണ്ടു.
44അവരെ വിട്ടു മൂന്നാമതും പോയി ആ വചനംതന്നെ ചൊല്ലി പ്രാര്‍ഥിച്ചു.
45പിന്നെ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചുകൊള്‍വിന്‍; നാഴിക അടുത്തു; മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടുന്നു;
46എഴുന്നേല്പിന്‍, നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
47അവന്‍ സംസാരിക്കുമ്പോള്‍ തന്നെ പന്തിരുവരില്‍ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.
48അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍തന്നെ ആകുന്നു; അവനെ പിടിച്ചുകൊള്‍വിന്‍ എന്ന് അവര്‍ക്ക് ഒരു അടയാളം കൊടുത്തിരുന്നു.
49ഉടനെ അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു.
50യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വച്ച് അവനെ പിടിച്ചു.
51അപ്പോള്‍ യേശുവിനോടുകൂടെ ഉള്ളവരില്‍ ഒരുവന്‍ കൈനീട്ടി വാള്‍ ഊരി, മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ കാത് അറുത്തു.
52യേശു അവനോട്: വാള്‍ ഉറയില്‍ ഇടുക; വാള്‍ എടുക്കുന്നവരൊക്കെയും വാളാല്‍ നശിച്ചുപോകും.
53എന്‍റെ പിതാവിനോട് ഇപ്പോള്‍തന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്‍റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?
54എന്നാല്‍ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകള്‍ക്ക് എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.
55ആ നാഴികയില്‍ യേശു പുരുഷാരത്തോട്: ഒരു കള്ളന്‍റെ നേരേ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി വന്നിരിക്കുന്നു; ഞാന്‍ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തില്‍ ഇരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല.
56എന്നാല്‍ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി.
57യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കല്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്ത് അവനെ കൊണ്ടുപോയി.
58എന്നാല്‍ പത്രൊസ് ദൂരവേ മഹാപുരോഹിതന്‍റെ അരമനയോളം പിന്‍ചെന്ന്, അകത്തു കടന്ന് അവസാനം കാണ്‍മാന്‍ സേവകന്മാരോടുകൂടി ഇരുന്നു.
59മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്‍റെ നേരേ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
60കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല.
61ഒടുവില്‍ രണ്ടു പേര്‍ വന്ന്: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്ന് ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു.
62മഹാപുരോഹിതന്‍ എഴുന്നേറ്റ് അവനോട്: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവര്‍ നിന്‍റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്നു ചോദിച്ചു.
63യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോട് ആണയിട്ട് ചോദിക്കുന്നു എന്നു പറഞ്ഞു.
64യേശു അവനോട്: ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വ രുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു എന്നു പറഞ്ഞു.
65ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി: ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ;
66നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചതിന്: അവന്‍ മരണയോഗ്യന്‍ എന്ന് അവര്‍ ഉത്തരം പറഞ്ഞു.
67അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി, അവനെ മുഷ്ടി ചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു:
68ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയത് ആര്‍ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.
69എന്നാല്‍ പത്രൊസ് പുറത്തു നടുമുറ്റത്ത് ഇരുന്നു. അവന്‍റെ അടുക്കല്‍ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടു കൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
70അതിന് അവന്‍: നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്ന് എല്ലാവരും കേള്‍ക്കെ തള്ളിപ്പറഞ്ഞു.
71പിന്നെ അവന്‍ പടിപ്പുരയിലേക്കു പുറപ്പെടുമ്പോള്‍ മറ്റൊരുത്തി അവനെ കണ്ട് അവിടെ ഉള്ളവരോട്: ഇവനും നസറായനായ യേശുവിനോടുകൂടെയായിരുന്നു എന്നു പറഞ്ഞു.
72ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്ന് അവന്‍ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
73അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവര്‍ അടുത്തു വന്നു പത്രൊസിനോട്: നീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന്‍ സത്യം; നിന്‍റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
74അപ്പോള്‍ അവന്‍: ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.
75എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓര്‍ത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.