പുതിയ നിയമംMOV
1സ്വര്‍ഗരാജ്യം മണവാളനെ എതിരേല്പാന്‍ വിളക്ക് എടുത്തുംകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
2അവരില്‍ അഞ്ചു പേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചുപേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു.
3ബുദ്ധിയില്ലാത്തവര്‍ വിളക്ക് എടുത്തപ്പോള്‍ എണ്ണ എടുത്തില്ല.
4ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തില്‍ എണ്ണയും എടുത്തു.
5പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി.
6അര്‍ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്ന് ആര്‍പ്പുവിളി ഉണ്ടായി.
7അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.
8എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതുകൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു.
9ബുദ്ധിയുള്ളവര്‍: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വില്ക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊള്‍വിന്‍ എന്ന് ഉത്തരം പറഞ്ഞു.
10അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങിയിരുന്നവര്‍ അവനോടുകൂടെ കല്യാണസദ്യക്കു ചെന്നു; വാതില്‍ അടയ്ക്കയും ചെയ്തു.
11അതിന്‍റെ ശേഷം മറ്റേ കന്യകമാരും വന്നു: കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു.
12അതിന് അവന്‍: ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
13ആകയാല്‍ നാളും നാഴികയും നിങ്ങള്‍ അറിയായ്കകൊണ്ട് ഉണര്‍ന്നിരിപ്പിന്‍.
14ഒരു മനുഷ്യന്‍ പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്‍റെ സമ്പത്ത് അവരെ ഏല്പിച്ചു.
15ഒരുവന് അഞ്ചു താലന്ത്, ഒരുവനു രണ്ട്, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്‍റെ പ്രാപ്തിപോലെ കൊടുത്തു യാത്ര പുറപ്പെട്ടു.
16അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറേ അഞ്ചു താലന്തു സമ്പാദിച്ചു.
17അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവന്‍ വേറേ രണ്ടു നേടി.
18ഒന്നു ലഭിച്ചവനോ പോയി നിലത്ത് ഒരു കുഴി കുഴിച്ചു യജമാനന്‍റെ ദ്രവ്യം മറച്ചുവച്ചു.
19വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന്‍ വന്ന് അവരുമായി കണക്കു തീര്‍ത്തു.
20അഞ്ചു താലന്തു ലഭിച്ചവന്‍ അടുക്കെ വന്നു, വേറേ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
21അതിന് യജമാനന്‍: നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു.
22രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാന്‍ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
23അതിനു യജമാനന്‍ നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു.
24ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു
25ഞാന്‍ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്‍റെ താലന്തു നിലത്തു മറച്ചുവച്ചു; നിന്‍റേത് ഇതാ, എടുത്തുകൊള്‍ക എന്നു പറഞ്ഞു.
26അതിനു യജമാനന്‍ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുകയും ചെയ്യുന്നവന്‍ എന്നു നീ അറിഞ്ഞുവല്ലോ.
27നീ എന്‍റെ ദ്രവ്യം പൊന്‍വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല്‍ ഞാന്‍ വന്ന് എന്‍റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
28ആ താലന്ത് അവന്‍റെ പക്കല്‍നിന്ന് എടുത്തു പത്തു താലന്ത് ഉള്ളവനു കൊടുപ്പിന്‍.
29അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
30എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
31മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും.
32സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ച്,
33ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
34രാജാവ് തന്‍റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍.
35എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;
36നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്‍മാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്‍റെ അടുക്കല്‍ വന്നു.
37അതിനു നീതിമാന്മാര്‍ അവനോടു: കര്‍ത്താവേ, ഞങ്ങള്‍ എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു?
38ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു?
39നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്‍റെ അടുക്കല്‍ വന്നു എന്ന് ഉത്തരം പറയും.
40രാജാവ് അവരോട്: എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അരുളിച്ചെയ്യും.
41പിന്നെ അവന്‍ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍.
42എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല.
43അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണ്‍മാന്‍ വന്നില്ല എന്ന് അരുളിച്ചെയ്യും.
44അതിന് അവര്‍: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്ന് ഉത്തരം പറയും.
45അവന്‍ അവരോട്: ഈ ഏറ്റവും ചെറിയവരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് ഉത്തരം അരുളും.
46ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.