പുതിയ നിയമംMOV

മത്തായി 22

1യേശു പിന്നെയും അവരോട് ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍:

2സ്വര്‍ഗരാജ്യം തന്‍റെ പുത്രനുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.

3അവന്‍ കല്യാണത്തിനു ക്ഷണിച്ചവരെ വിളിക്കേണ്ടതിനു ദാസന്മാരെ പറഞ്ഞയച്ചു; അവര്‍ക്കോ വരുവാന്‍ മനസ്സായില്ല.

4പിന്നെയും അവന്‍ മറ്റുദാസന്മാരെ അയച്ചു: എന്‍റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്‍റെ കാളകളെയും തടിച്ച മൃഗങ്ങളെയും അറുത്ത്, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിനു വരുവിന്‍ എന്നു ക്ഷണിച്ചവരോടു പറയിച്ചു.

5അവര്‍ അതു കൂട്ടാക്കാതെ ഒരുത്തന്‍ തന്‍റെ നിലത്തിലേക്കും മറ്റൊരുത്തന്‍ തന്‍റെ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു.

6ശേഷമുള്ളവര്‍ അവന്‍റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.

7രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കൊലപാതകന്മാരെ മുടിച്ച് അവരുടെ പട്ടണം ചുട്ടുകളഞ്ഞു.

8പിന്നെ അവന്‍ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.

9ആകയാല്‍ വഴിത്തലയ്ക്കല്‍ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിനു വിളിപ്പിന്‍ എന്നു പറഞ്ഞു.

10ആ ദാസന്മാര്‍ പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.

11വിരുന്നുകാരെ നോക്കുവാന്‍ രാജാവ് അകത്തു വന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു:

12സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവനു വാക്കു മുട്ടിപ്പോയി.

13രാജാവ് ശുശ്രൂഷക്കാരോട്: ഇവനെ കൈയും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.

14വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

15അനന്തരം പരീശന്മാര്‍ ചെന്ന് അവനെ വാക്കില്‍ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ടു

16തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടുകൂടെ അവന്‍റെ അടുക്കല്‍ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.

17നിനക്ക് എന്തു തോന്നുന്നു? കൈസര്‍ക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞു തരേണം എന്നു പറയിച്ചു.

18യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്?

19കരത്തിനുള്ള നാണയം കാണിപ്പിന്‍ എന്നു പറഞ്ഞു; അവര്‍ അവന്‍റെ അടുക്കല്‍ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.

20അവന്‍ അവരോട്: ഈ സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിനു

21കൈസരുടേത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിന്‍ എന്ന് അവന്‍ അവരോടു പറഞ്ഞു.

22അവര്‍ കേട്ട് ആശ്ചര്യപ്പെട്ട് അവനെ വിട്ടു പൊയ്ക്കളഞ്ഞു.

23പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്ന് അവന്‍റെ അടുക്കല്‍ വന്നു:

24ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്‍റെ സഹോദരന്‍ അവന്‍റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്‍റെ സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.

25എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്‍റെ ഭാര്യയെ സഹോദരനു വിട്ടേച്ചു.

26രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന്‍വരെയും അങ്ങനെതന്നെ.

27എല്ലാവരും കഴിഞ്ഞിട്ട് ഒടുവില്‍ സ്ത്രീയും മരിച്ചു.

28എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ എഴുവരില്‍ ആര്‍ക്കു ഭാര്യയാകും? എല്ലാവര്‍ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.

29അതിനു യേശു ഉത്തരം പറഞ്ഞതു: നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.

30പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.

31മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലയോ?

32ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു എന്ന് അവന്‍ അരുളിച്ചെയ്യുന്നു; എന്നാല്‍ അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.

33പുരുഷാരം ഇതു കേട്ടിട്ട് അവന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു.

34സദൂക്യരെ അവന്‍ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര്‍ ഒന്നിച്ചുകൂടി,

35അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു:

36ഗുരോ, ന്യായപ്രമാണത്തില്‍ ഏതു കല്പന വലിയത് എന്നു ചോദിച്ചു.

37യേശു അവനോട്: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കേണം.

38ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം:

39കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം.

40ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

41പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോട്:

42ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവന്‍ ആരുടെ പുത്രന്‍ എന്നു ചോദിച്ചു; ദാവീദിന്‍റെ പുത്രന്‍ എന്ന് അവര്‍ പറഞ്ഞു.

43അവന്‍ അവരോട്: എന്നാല്‍ ദാവീദ് ആത്മാവില്‍ അവനെ കര്‍ത്താവ് എന്നു വിളിക്കുന്നത് എങ്ങനെ?

44“ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം എന്‍റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട് അരു ളിച്ചെയ്തു” എന്ന് അവന്‍ പറയുന്നുവല്ലോ.

45ദാവീദ് അവനെ കര്‍ത്താവ് എന്നു പറയുന്നുവെങ്കില്‍ അവന്‍റെ പുത്രന്‍ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു.

46അവനോട് ഉത്തരം പറവാന്‍ ആര്‍ക്കും കഴിഞ്ഞില്ല; അന്നുമുതല്‍ ആരും അവനോട് ഒന്നും ചോദിപ്പാന്‍ തുനിഞ്ഞതുമില്ല.