പുതിയ നിയമംMOV

മര്‍ക്കൊസ് 5

1അവര്‍ കടലിന്‍റെ അക്കരെ ഗദരദേശത്ത് എത്തി.

2പടകില്‍നിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ കല്ലറകളില്‍ നിന്ന് വന്ന് അവനെ എതിരേറ്റു.

3അവന്‍റെ പാര്‍പ്പ് കല്ലറകളില്‍ ആയിരുന്നു; ആര്‍ക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.

4പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവന്‍ ചങ്ങല വലിച്ചു പൊട്ടിച്ചും വിലങ്ങ് ഉരുമ്മി ഒടിച്ചുംകളഞ്ഞു; ആര്‍ക്കും അവനെ അടക്കുവാന്‍ കഴിഞ്ഞില്ല.

5അവന്‍ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താന്‍ കല്ലുകൊണ്ടു ചതച്ചുംപോന്നു.

6അവന്‍ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ട് ഓടിച്ചെന്ന് അവനെ നമസ്കരിച്ചു.

7അവന്‍ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്ന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

8അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടു പോക എന്ന് യേശു കല്പിച്ചിരുന്നു.

9നിന്‍റെ പേരെന്ത് എന്ന് അവനോടു ചോദിച്ചതിന്: എന്‍റെ പേര്‍ ലെഗ്യോന്‍; ഞങ്ങള്‍ പലര്‍ ആകുന്നു എന്ന് അവന്‍ ഉത്തരം പറഞ്ഞു;

10നാട്ടില്‍നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാന്‍ ഏറിയോന്ന് അപേക്ഷിച്ചു.

11അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

12ആ പന്നികളില്‍ കടക്കേണ്ടതിനു ഞങ്ങളെ അയയ്ക്കേണം എന്ന് അവര്‍ അവനോട് അപേക്ഷിച്ചു;

13അവന്‍ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.

14പന്നികളെ മേയ്ക്കുന്നവര്‍ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു: സംഭവിച്ചതു കാണ്‍മാന്‍ പലരും പുറപ്പെട്ടു,

15യേശുവിന്‍റെ അടുക്കല്‍ വന്നു, ലെഗ്യോന്‍ ഉണ്ടായിരുന്ന ഭൂതഗ്രസ്തന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

16കണ്ടവര്‍ ഭൂതഗ്രസ്തനു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോട് അറിയിച്ചു.

17അപ്പോള്‍ അവര്‍ അവനോടു തങ്ങളുടെ അതിര്‍ വിട്ടുപോകുവാന്‍ അപേക്ഷിച്ചുതുടങ്ങി.

18അവന്‍ പടക് ഏറുമ്പോള്‍ ഭൂതഗ്രസ്തനായിരുന്നവന്‍ താനുംകൂടെ പോരെ” എന്ന് അവനോട് അപേക്ഷിച്ചു.

19യേശു അവനെ അനുവദിക്കാതെ: നിന്‍റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ ചെന്ന്, കര്‍ത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടുപറഞ്ഞു.

20അവന്‍ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടില്‍ ഘോഷിച്ചുതുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.

21യേശു വീണ്ടും പടകില്‍ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോള്‍ വലിയ പുരുഷാരം അവന്‍റെ അടുക്കല്‍ വന്നുകൂടി.

22പള്ളിപ്രമാണികളില്‍ യായീറൊസ് എന്നു പേരുള്ള ഒരുത്തന്‍ വന്ന്, അവനെ കണ്ടു കാല്ക്കല്‍ വീണ്:

23എന്‍റെ കുഞ്ഞുമകള്‍ അത്യാസനത്തില്‍ ഇരിക്കുന്നു; അവള്‍ രക്ഷപെട്ടു ജീവിക്കേണ്ടതിനു നീ വന്ന് അവളുടെമേല്‍ കൈ വയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു.

24അവന്‍ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിന്‍ചെന്ന് അവനെ തിക്കിക്കൊണ്ടിരുന്നു.

25പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി

26പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്ന

27ഒരു സ്ത്രീ യേശുവിന്‍റെ വര്‍ത്തമാനം കേട്ടു:

28അവന്‍റെ വസ്ത്രം എങ്കിലും തൊട്ടാല്‍ ഞാന്‍ രക്ഷപെടും എന്നു പറഞ്ഞു പുരുഷാരത്തില്‍കൂടി പുറകില്‍ വന്ന് അവന്‍റെ വസ്ത്രം തൊട്ടു.

29ക്ഷണത്തില്‍ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താന്‍ സ്വസ്ഥയായി എന്ന് അവള്‍ ശരീരത്തില്‍ അറിഞ്ഞു.

30ഉടനെ യേശു തങ്കല്‍നിന്നു ശക്തി പുറപ്പെട്ടു എന്ന് ഉള്ളില്‍ അറിഞ്ഞിട്ടു പുരുഷാരത്തില്‍ തിരിഞ്ഞു: എന്‍റെ വസ്ത്രം തൊട്ടത് ആര്‍ എന്നു ചോദിച്ചു.

31ശിഷ്യന്മാര്‍ അവനോടു പുരുഷാരം നിന്നെ തിക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടത് ആര്‍ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.

32അവനോ അതു ചെയ്തവളെ കാണ്‍മാന്‍ ചുറ്റും നോക്കി.

33സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ടു ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്ന് അവന്‍റെ മുമ്പില്‍ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.

34അവന്‍ അവളോടു: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.

35ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ പള്ളിപ്രമാണിയുടെ വീട്ടില്‍നിന്ന് ആള്‍ വന്നു: നിന്‍റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന് എന്നു പറഞ്ഞു.

36യേശു ആ വാക്ക് കാര്യമാക്കാതെ പള്ളിപ്രമാണിയോട്: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.

37പത്രൊസും യാക്കോബും യാക്കോബിന്‍റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാന്‍ സമ്മതിച്ചില്ല.

38പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;

39അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്ന് അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.

40അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തു ചെന്നു

41കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ഥത്തോടെ തലീഥാ കൂമി എന്ന് അവളോടു പറഞ്ഞു.

42ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു.

43ഇത് ആരും അറിയരുത് എന്ന് അവന്‍ അവരോട് കര്‍ശനമായി കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു.