പഴയ നിയമംMOV

മലാഖി 4

1ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

2എന്‍റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതിസൂര്യന്‍ തന്‍റെ ചിറകിന്‍കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ട് തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.

3ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാര്‍ നിങ്ങളുടെ കാലിന്‍കീഴിൽ വെണ്ണീര്‍ ആയിരിക്കകൊണ്ടു നിങ്ങള്‍ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4ഞാന്‍ ഹോറേബിൽവച്ച് എല്ലാ യിസ്രായേലിനുംവേണ്ടി എന്‍റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓര്‍ത്തുകൊള്‍വിന്‍.

5യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍ വരുന്നതിനു മുമ്പേ ഞാന്‍ നിങ്ങള്‍ക്ക് ഏലീയാപ്രവാചകനെ അയയ്ക്കും.

6ഞാന്‍ വന്നു ഭൂമിയെ സംഹാരശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.