പുതിയ നിയമംMOV
1അവര്‍ ഒരുക്കിയ സുഗന്ധവര്‍ഗം എടുത്ത് ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറയ്ക്കല്‍ എത്തി,
2കല്ലറയില്‍നിന്നു കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു.
3അകത്തു കടന്നാറെ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
4അതിനെക്കുറിച്ച് അവര്‍ ചഞ്ചലിച്ചിരിക്കുമ്പോള്‍ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര് അരികെ നില്ക്കുന്നതു കണ്ടു.
5ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോള് അവര്‍ അവരോട്: നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നത് എന്ത്?
6അവന് ഇവിടെ ഇല്ല ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; മുമ്പേ ഗലീലയില്‍ ഇരിക്കുമ്പോള്‍തന്നെ അവന് നിങ്ങളോട്:
7മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കൈയില്‍ ഏല്പിച്ചു ക്രൂശിക്കയും അവന് മൂന്നാം നാള് ഉയിര്ത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞത് ഓര്‍ത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.
8അവര്‍ അവന്റെ വാക്ക് ഓര്‍ത്തു,
9കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവര്‍ മുതലായ എല്ലാവരോടും ഇതൊക്കെയും അറിയിച്ചു.
10അവര്‍ ആരെന്നാല്‍ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവര്‍ തന്നെ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അത് അപ്പൊസ്തലന്മാരോടു പറഞ്ഞു.
11ഈ വാക്ക് അവര്‍ക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
12[എന്നാല്‍ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കല്‍ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.]
13അന്നുതന്നെ അവരില്‍ രണ്ടു പേര് യെരൂശലേമില്‍നിന്ന് ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയില്
14ഈ സംഭവിച്ചതിനെക്കുറിച്ചൊക്കെയും തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നു.
15സംസാരിച്ചും തര്‍ക്കിച്ചും കൊണ്ടിരിക്കുമ്പോള്‍ യേശുതാനും അടുത്തുചെന്ന് അവരോട് ചേര്‍ന്നുനടന്നു.
16അവനെ അറിയാതവണ്ണം അവരുടെ കണ്ണ് നിരോധിച്ചിരുന്നു.
17അവന് അവരോട്: നിങ്ങള്‍ വഴിനടന്നു തമ്മില്‍ വാദിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവര്‍ വാടിയ മുഖത്തോടെ നിന്നു.
18ക്ലെയൊപ്പാവ് എന്നു പേരുള്ളവന്: യെരൂശലേമിലെ പരദേശികളില്‍ നീ മാത്രം ഈ നാളുകളില്‍ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്ന് ഉത്തരം പറഞ്ഞു.
19ഏത് എന്ന് അവന് അവരോടു ചോദിച്ചതിന് അവര്‍ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ.
20നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്ക് ഏല്പിച്ചു ക്രൂശിച്ചു.
21ഞങ്ങളോ അവന് യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവന്‍ എന്ന് ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാം നാള് ആകുന്നു.
22ഞങ്ങളുടെ കൂട്ടത്തില്‍ ചില സ്ത്രീകള്‍ രാവിലെ കല്ലറയ്ക്കല്‍ പോയി
23അവന്റെ ശരീരം കാണാതെ മടങ്ങിവന്ന് അവന് ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദര്‍ശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
24ഞങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ കല്ലറയ്ക്കല്‍ ചെന്നു സ്ത്രീകള്‍ പറഞ്ഞതുപോലെതന്നെ കണ്ടു; അവനെ കണ്ടില്ലതാനും.
25അവന് അവരോട്: അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര് പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
26ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്ത്വത്തില്‍ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു.
27മോശെ തുടങ്ങി സകല പ്രവാചകന്മാരില്നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28അവര്‍ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോള്‍ അവന് മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
29അവരോ: ഞങ്ങളോടുകൂടെ പാര്‍ക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞ് അവനെ നിര്‍ബന്ധിച്ചു; അവന് അവരോടുകൂടെ പാര്പ്പാന് ചെന്നു.
30അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ അവന് അപ്പം എടുത്ത് അനുഗ്രഹിച്ചുനുറുക്കി അവര്‍ക്കു കൊടുത്തു.
31ഉടനെ അവരുടെ കണ്ണുതുറന്ന് അവര്‍ അവനെ അറിഞ്ഞു; അവന് അവര്‍ക്ക് അപ്രത്യക്ഷനായി.
32അവന് വഴിയില്‍ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള്‍ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളില്‍ കത്തിക്കൊണ്ടിരുന്നില്ലയോ എന്ന് അവര്‍ തമ്മില്‍ പറഞ്ഞു.
33ആ നാഴികയില്‍തന്നെ അവര്‍ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
34കര്‍ത്താവ് വാസ്തവമായി ഉയിര്‍ത്തെഴുന്നേറ്റു ശിമോനു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
35വഴിയില്‍ സംഭവിച്ചതും അവന് അപ്പം നുറുക്കുകയില്‍ തങ്ങള്‍ക്കു അറിയായ്വന്നതും അവര്‍ വിവരിച്ചുപറഞ്ഞു.
36ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന് അവരുടെ നടുവില്‍ നിന്നു: [നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.]
37അവര്‍ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്ന് അവര്‍ക്കു തോന്നി.
38അവന് അവരോട്: നിങ്ങള്‍ കലങ്ങുന്നത് എന്ത്? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്ത്?
39ഞാന്‍ തന്നെ ആകുന്നു എന്ന് എന്റെ കൈയും കാലും നോക്കി അറിവിന്; എന്നെ തൊട്ടുനോക്കുവിന്‍; എന്നില്‍ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
40[ഇങ്ങനെ പറഞ്ഞിട്ട് അവന് കൈയും കാലും അവരെ കാണിച്ചു.]
41അവര്‍ സന്തോഷത്താല്‍ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോള് അവരോട്: തിന്നുവാന്‍ വല്ലതും ഇവിടെ നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നു ചോദിച്ചു.
42അവര്‍ ഒരു ഖണ്ഡം വറുത്ത മീനും [തേന്‍കട്ടയും] അവനു കൊടുത്തു.
43അത് അവന് വാങ്ങി അവര്‍ കാണ്‍കെ തിന്നു.
44പിന്നെ അവന് അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതുതന്നെ എന്നു പറഞ്ഞു
45തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു.
46ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാംനാള്‍ മരിച്ചവരില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കയും
47അവന്റെ നാമത്തില്‍ മാനസാന്തരവും പാപമോചനവും യെരൂശലേമില്‍തുടങ്ങി സകല ജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
48ഇതിനു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു.
49എന്റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെമേല്‍ അയയ്ക്കും. നിങ്ങളോ ഉയരത്തില്‍നിന്നു ശക്തി ധരിക്കുവോളം നഗരത്തില്‍ പാര്പ്പിന് എന്നും അവരോടു പറഞ്ഞു.
50അനന്തരം അവന് അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു.
51അവരെ അനുഗ്രഹിക്കയില്‍ അവന് അവരെ വിട്ടുപിരിഞ്ഞു [സ്വര്‍ഗാരോഹണം ചെയ്തു].
52അവര്‍ [അവനെ നമസ്കരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും
53ദൈവാലയത്തില്‍ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.