പുതിയ നിയമംMOV
1ശ്രീമാനായ തെയോഫിലോസേ, ആദിമുതല് കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവര് നമ്മെ ഭരമേല്പിച്ചതുപോലെ,
2നമ്മുടെ ഇടയില്‍ പൂര്‍ണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ട്,
3നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്
4അതു ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതല് സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.
5യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത് അബീയാക്കൂറില്‍ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതന് ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരില്‍ ഒരുത്തി ആയിരുന്നു; അവള്‍ക്ക് എലീശബെത്ത് എന്നു പേര്.
6ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
7എലീശബെത്ത് മച്ചിയാകകൊണ്ട് അവര്‍ക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.
8അവന് കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍:
9പൗരോഹിത്യമര്യാദപ്രകാരം കര്‍ത്താവിന്റെ മന്ദിരത്തില്‍ ചെന്ന് ധൂപം കാട്ടുവാന്‍ അവനു നറുക്കു വന്നു.
10ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹമൊക്കെയും പുറത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
11അപ്പോള്‍ കര്‍ത്താവിന്റെ ദൂതന് ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി.
12സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി.
13ദൂതന് അവനോടു പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാര്‍ഥനയ്ക്ക് ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാന് എന്നു പേര് ഇടേണം.
14നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കല് പലരും സന്തോഷിക്കും.
15അവന് കര്‍ത്താവിന്റെ സന്നിധിയില്‍ വലിയവന്‍ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്‍ഭത്തില്‍വച്ചു തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
16അവന് യിസ്രായേല്‍മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും.
17അവന് അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കുവാന്‍ അവനു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും.
18സെഖര്യാവ് ദൂതനോട്; ഇതു ഞാന്‍ എന്തൊന്നിനാല് അറിയും? ഞാന്‍ വൃദ്ധനും എന്റെ ഭാര്യ വയസ്സു ചെന്നവളുമല്ലോ എന്നു പറഞ്ഞു.
19ദൂതന് അവനോട്: ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രീയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
20തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു.
21ജനം സെഖര്യാവിനായി കാത്തിരുന്നു, അവന് മന്ദിരത്തില്‍ താമസിച്ചതിനാല്‍ ആശ്ചര്യപ്പെട്ടു.
22അവന് പുറത്തുവന്നാറെ അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല; അതിനാല്‍ അവന് മന്ദിരത്തില്‍ ഒരു ദര്‍ശനം കണ്ടു എന്ന് അവര്‍ അറിഞ്ഞു; അവന് അവര്‍ക്ക് ആംഗ്യം കാട്ടി ഊമനായി പാര്‍ത്തു.
23അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവന് വീട്ടിലേക്കു പോയി.
24ആ നാളുകള്‍ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലീശബെത്ത് ഗര്‍ഭം ധരിച്ചു:
25മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച നാളില്‍ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞ് അഞ്ചു മാസം ഒളിച്ചുപാര്‍ത്തു.
26ആറാം മാസത്തില്‍ ദൈവം ഗബ്രീയേല്ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്,
27ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കല്‍ അയച്ചു; ആ കന്യകയുടെ പേര് മറിയ എന്ന് ആയിരുന്നു.
28ദൂതന് അവളുടെ അടുക്കല്‍ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്‍ത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.
29അവള് ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു.
30ദൂതന് അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.
31നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേര് വിളിക്കേണം.
32അവന് വലിയവന്‍ ആകും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും.
33അവന് യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
34മറിയ ദൂതനോട്: ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
35അതിന് ദൂതന്: പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ നിഴലിടും; ആകയാല്‍ ഉദ്ഭവിക്കുന്ന വിശുദ്ധ പ്രജ ദൈവപുത്രന് എന്നു വിളിക്കപ്പെടും.
36നിന്റെ ചാര്ച്ചക്കാരത്തി എലീശബെത്തും വാര്‍ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്‍ക്ക് ഇത് ആറാം മാസം.
37ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു.
38അതിനു മറിയ: ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതന് അവളെ വിട്ടുപോയി.
39ആ നാളുകളില്‍ മറിയ എഴുന്നേറ്റ് മലനാട്ടില്‍ ഒരു യെഹൂദ്യപട്ടണത്തില് ബദ്ധപ്പെട്ടു ചെന്നു,
40സെഖര്യാവിന്റെ വീട്ടില്‍ എത്തി എലീശബെത്തിനെ വന്ദിച്ചു.
41മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള്‍ പിള്ള അവളുടെ ഗര്‍ഭത്തില്‍ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി, ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്:
42സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍; നിന്റെ ഗര്‍ഭഫലവും അനുഗ്രഹിക്കപ്പെട്ടത്;
43എന്റെ കര്‍ത്താവിന്റെ മാതാവ് എന്റെ അടുക്കല്‍ വരുന്ന മാനം എനിക്ക് എവിടെനിന്ന് ഉണ്ടായി.
44നിന്റെ വന്ദനസ്വരം എന്റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്റെ ഗര്‍ഭത്തില്‍ ആനന്ദംകൊണ്ടു തുള്ളി.
45കര്‍ത്താവ് തന്നോട് അരുളിച്ചെയ്തതിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി.
46അപ്പോള്‍ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു;
47എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു.
48അവന് തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49ശക്തനായവന് എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നെ.
50അവനെ ഭയപ്പെടുന്നവര്‍ക്ക് അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
51തന്റെ ഭുജംകൊണ്ട് അവന് ബലം പ്രവര്‍ത്തിച്ചു, ഹൃദയവിചാരത്തില് അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍നിന്ന് ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു.
53വിശന്നിരിക്കുന്നവരെ നന്മകളാല് നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു.
54നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓര്‍ക്കേണ്ടതിന്,
55തന്റെ ദാസനായ യിസ്രായേലിനെ തുണച്ചിരിക്കുന്നു.”
56മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്‍ത്തിട്ട് വീട്ടിലേക്കു മടങ്ങിപ്പോയി.
57എലീശബെത്തിന് പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള്‍ അവള് ഒരു മകനെ പ്രസവിച്ചു;
58കര്‍ത്താവ് അവള്‍ക്കു വലിയ കരുണ കാണിച്ചു എന്ന് അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു.
59എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്വാന് വന്നു; അപ്പന്റെ പേര്പോലെ അവനു സെഖര്യാവ് എന്നു പേര് വിളിപ്പാന്‍ ഭാവിച്ചു.
60അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാന് എന്നു പേരിടേണം എന്നു പറഞ്ഞു.
61അവര്‍ അവളോട്: നിന്റെ ചാര്ച്ചയില് ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
62പിന്നെ അവന് എന്ത് പേര് വിളിപ്പാന്‍ വിചാരിക്കുന്നു എന്ന് അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.
63അവന് ഒരു എഴുത്തുപലക ചോദിച്ചു: അവന്റെ പേര് യോഹന്നാന് എന്ന് എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
64ഉടനെ അവന്റെ വായും നാവും തുറന്നു, അവന് സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
65ചുറ്റും പാര്‍ക്കുന്നവര്‍ക്ക് എല്ലാം ഭയം ഉണ്ടായി; യെഹൂദ്യമലനാട്ടില് എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു.
66കേട്ടവര്‍ എല്ലാവരും അതു ഹൃദയത്തില്‍ നിക്ഷേപിച്ചു: ഈ പൈതല്‍ എന്ത് ആകും എന്നു പറഞ്ഞു; കര്‍ത്താവിന്റെ കൈ അവനോടുകൂടെ ഉണ്ടായിരുന്നു.
67അവന്റെ അപ്പനായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞത്:
68“യിസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍. അവന് തന്റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്കയും
69ആദിമുതല് തന്റെ വിശുദ്ധപ്രവാചകന്മാര്
70മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തുനിന്നും നമ്മെ പകയ്ക്കുന്ന ഏവരുടെയും കൈയില്‍നിന്നും നമ്മെ രക്ഷിപ്പാന്‍
71തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തില്‍ നമുക്കു രക്ഷയുടെ കൊമ്പ് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നത്,
72നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിനും
73നമ്മുടെ ശത്രുക്കളുടെ കൈയില്‍നിന്നു രക്ഷിക്കപ്പെട്ട്,
74നാം ആയുഷ്കാലമൊക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നല്‍കുമെന്ന്
75അവന് നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധ നിയമവും ഓര്‍ത്തതു കൊണ്ടും ആകുന്നു.
76നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകന് എന്നു വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴി ഒരുക്കുവാനും
77നമ്മുടെ ദൈവത്തിന്റെ ആര്ദ്രകരുണയാല് അവന്റെ ജനത്തിന് പാപമോചനത്തില് രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവനു മുമ്പായി നടക്കും.
78ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശിച്ച്, നമ്മുടെ കാലുകളെ സമാധാനമാര്‍ഗത്തില്‍ നടത്തേണ്ടതിന്
79ആ ആര്ദ്രകരുണയാല് ഉയരത്തില്‍നിന്ന് ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു.”
80പൈതല്‍ വളര്‍ന്ന് ആത്മാവില്‍ ബലപ്പെട്ടു; അവന് യിസ്രായേലിനു തന്നെത്താന്‍ കാണിക്കും നാള്‍വരെ മരുഭൂമിയില്‍ ആയിരുന്നു.