പുതിയ നിയമംMOV

ലൂക്കൊസ് 12

1അതിനിടെ പുരുഷാരം തമ്മില്‍ ചവിട്ടുവാന്‍ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോള്‍ അവന്‍ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിയത്: പരീശന്മാരുടെ പുളിച്ച മാവായ കപടഭക്തി സൂക്ഷിച്ചുകൊള്‍വിന്‍.

2മൂടിവച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.

3ആകയാല്‍ നിങ്ങള്‍ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേള്‍ക്കും; അറകളില്‍ വച്ചു ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ ഘോഷിക്കും.

4എന്നാല്‍ എന്‍റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാന്‍ പറയുന്നത്: ദേഹത്തെ കൊന്നിട്ടുപിന്നെ അധികമായി ഒന്നും ചെയ്‍വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ടാ.

5ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില്‍ തള്ളിക്കളവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍: അതേ, അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

6രണ്ടുകാശിന് അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.

7നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങള്‍ വിശേഷതയുള്ളവര്‍.

8മനുഷ്യരുടെ മുമ്പില്‍ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാല്‍ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.

9മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പില്‍ തള്ളിപ്പറയും.

10മനുഷ്യപുത്രന്‍റെ നേരേ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്‍റെ നേരേ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

11എന്നാല്‍ നിങ്ങളെ പള്ളികള്‍ക്കും കോയ്മകള്‍ക്കും അധികാരങ്ങള്‍ക്കും മുമ്പില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടൂ? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ;

12പറയേണ്ടത് പരിശുദ്ധാത്മാവ് ആ നാഴികയില്‍ത്തന്നെ നിങ്ങളെ പഠിപ്പിക്കും.

13പുരുഷാരത്തില്‍ ഒരുത്തന്‍ അവനോട്: ഗുരോ, ഞാനുമായി അവകാശം പകുതി ചെയ്‍വാന്‍ എന്‍റെ സഹോദരനോട് കല്പിച്ചാലും എന്നു പറഞ്ഞു.

14അവനോട് അവന്‍: മനുഷ്യാ, എന്നെ നിങ്ങള്‍ക്കു ന്യായകര്‍ത്താവോ പങ്കിടുന്നവനോ ആക്കിയത് ആര്‍ എന്നു ചോദിച്ചു.

15പിന്നെ അവരോട്: സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊള്‍വിന്‍; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്‍റെ വസ്തുവകയല്ല അവന്‍റെ ജീവന് ആധാരമായിരിക്കുന്നത് എന്നു പറഞ്ഞു.

16ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്‍റെ ഭൂമി നന്നായി വിളഞ്ഞു.

17അപ്പോള്‍ അവന്‍: ഞാന്‍ എന്ത് ചെയ്യേണ്ടൂ? എന്‍റെ വിളവ് കൂട്ടിവയ്പാന്‍ സ്ഥലം പോരാ എന്ന് ഉള്ളില്‍ വിചാരിച്ചു.

18പിന്നെ അവന്‍ പറഞ്ഞത്: ഞാന്‍ ഇതു ചെയ്യും; എന്‍റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിത് എന്‍റെ വിളവും വസ്തുവകയും എല്ലാം അതില്‍ കൂട്ടിവയ്ക്കും.

19എന്നിട്ട് എന്നോടുതന്നെ: നിനക്ക് ഏറിയ ആണ്ടുകള്‍ക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും.

20ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയില്‍ നിന്‍റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവച്ചത് ആര്‍ക്കാകും എന്നു പറഞ്ഞു.

21ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കുതന്നെ നിക്ഷേപിക്കുന്നവന്‍റെ കാര്യം ഇങ്ങനെ ആകുന്നു.

22അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്: ആകയാല്‍ എന്തു തിന്നും എന്നു ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത് എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

23ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലോ.

24കാക്കയെ നോക്കുവിന്‍; അതു വിതയ്ക്കുന്നില്ല , കൊയ്യുന്നില്ല, അതിനു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്‍ത്തുന്നു. പറവജാതിയെക്കാള്‍ നിങ്ങള്‍ എത്ര വിശേഷമുള്ളവര്‍!

25പിന്നെ വിചാരപ്പെടുന്നതിനാല്‍ തന്‍റെ നീളത്തില്‍ ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കുകഴിയും?

26ആകയാല്‍ ഏറ്റവും ചെറിയതിനുപോലും നിങ്ങള്‍ പോരാത്തവര്‍ എങ്കില്‍ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നത് എന്ത്?

27താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിന്‍; അവ അധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാല്‍ ശലോമോന്‍പോലും തന്‍റെ സകല മഹത്ത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

28ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?

29എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിച്ചു ചഞ്ചലപ്പെടരുത്.

30ഈ വകയൊക്കെയും ലോകജാതികള്‍ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്‍ക്ക് ആവശ്യം എന്ന് അറിയുന്നു.

31അവന്‍റെ രാജ്യം അന്വേഷിപ്പിന്‍; അതോടുകൂടെ നിങ്ങള്‍ക്ക് ഇതും കിട്ടും.

32ചെറിയ ആട്ടിന്‍കൂട്ടമേ, ഭയപ്പെടരുത്; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്കുവാന്‍ പ്രസാദിച്ചിരിക്കുന്നു.

33നിങ്ങള്‍ക്കുള്ളത് വിറ്റു ഭിക്ഷ കൊടുപ്പിന്‍; കള്ളന്‍ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വര്‍ഗത്തില്‍, പഴകിപ്പോകാത്ത മടിശ്ശീലകളും തീര്‍ന്നുപോകാത്ത നിക്ഷേപവും നിങ്ങള്‍ക്ക് ഉണ്ടാക്കിക്കൊള്‍വിന്‍.

34നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും.

35നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ.

36യജമാനന്‍ കല്യാണത്തിനു പോയി വന്നു മുട്ടിയാല്‍ ഉടനെ വാതില്‍ തുറന്നുകൊടുക്കേണ്ടതിന് അവന്‍ എപ്പോള്‍ മടങ്ങിവരും എന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങള്‍ തുല്യരായിരിപ്പിന്‍.

37യജമാനന്‍ വരുംനേരം ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ദാസന്മാര്‍ ഭാഗ്യവാന്മാര്‍; അവന്‍ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും വന്ന് അവര്‍ക്ക് ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു.

38അവന്‍ രണ്ടാം യാമത്തില്‍ വന്നാലും മൂന്നാമതില്‍ വന്നാലും അങ്ങനെ കണ്ടു എങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍.

39കള്ളന്‍ ഇന്ന നാഴികയ്ക്കു വരുന്നു എന്നു വീട്ടുടയവന്‍ അറിഞ്ഞിരുന്നു എങ്കില്‍ അവന്‍ ഉണര്‍ന്നിരുന്നു തന്‍റെ വീടുതുരപ്പാന്‍ സമ്മതിക്കയില്ല എന്നറിവിന്‍.

40നിനയാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിന്‍.

41കര്‍ത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്

42കര്‍ത്താവ് പറഞ്ഞത്: തക്കസമയത്ത് ആഹാരവീതം കൊടുക്കേണ്ടതിന് യജമാനന്‍ തന്‍റെ വേലക്കാരുടെമേല്‍ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകന്‍ ആര്‍?

43യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തുകാണുന്ന ദാസന്‍ ഭാഗ്യവാന്‍.

44അവന്‍ തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കി വയ്ക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

45എന്നാല്‍ ദാസന്‍: യജമാനന്‍ താമസിച്ചേ വരികയുള്ളൂ എന്നു ഹൃദയത്തില്‍ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനുംതുടങ്ങിയാല്‍,

46അവന്‍ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്‍റെ യജമാനന്‍ വന്ന് അവനെ ദണ്ഡിപ്പിക്കയും അവന് അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും.

47യജമാനന്‍റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്‍റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടി കൊള്ളും.

48അറിയാതെകണ്ട് അടിക്കു യോഗ്യമായത് ചെയ്തവനോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും.

49ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്ത് ഇച്ഛിക്കേണ്ടൂ?

50എങ്കിലും എനിക്ക് ഒരു സ്നാനം ഏല്പാന്‍ ഉണ്ട്; അത് കഴിയുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു.

51ഭൂമിയില്‍ സമാധാനം നല്കുവാന്‍ ഞാന്‍ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാന്‍ അത്രേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

52ഇനിമേല്‍ ഒരു വീട്ടില്‍ ഇരുവരോടു മൂവരും മൂവരോട് ഇരുവരും ഇങ്ങനെ അഞ്ചു പേര്‍ തമ്മില്‍ ഛിദ്രിച്ചിരിക്കും.

53അപ്പന്‍ മകനോടും മകന്‍ അപ്പനോടും അമ്മ മകളോടും മകള്‍ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകള്‍ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും.

54പിന്നെ അവന്‍ പുരുഷാരത്തോടു പറഞ്ഞത്: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോള്‍ പെരുമഴ വരുന്നു എന്നു നിങ്ങള്‍ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു.

55തെക്കന്‍കാറ്റ് ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു.

56കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍റെയും ഭാവത്തെ വിവേചിപ്പാന്‍ നിങ്ങള്‍ക്ക് അറിയാം;

57എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തത് എങ്ങനെ? ന്യായമായത് എന്തെന്ന് നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്ത്?

58പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കല്‍ പോകുമ്പോള്‍ വഴിയില്‍വച്ച് അവനോട് നിരന്നുകൊള്‍വാന്‍ ശ്രമിക്ക; അല്ലാഞ്ഞാല്‍ അവന്‍ നിന്നെ ന്യായാധിപന്‍റെ മുമ്പില്‍ ഇഴച്ചുകൊണ്ടു പോകയും ന്യായാധിപന്‍ നിന്നെ കോല്ക്കാരന്‍റെ പക്കല്‍ ഏല്പിക്കയും കോല്ക്കാരന്‍ തടവില്‍ ആക്കുകയും ചെയ്യും.

59ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.