പുതിയ നിയമംMOV

ലൂക്കൊസ് 11

1അവന്‍ ഒരു സ്ഥലത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു; തീര്‍ന്നശേഷം ശിഷ്യന്മാരില്‍ ഒരുത്തന്‍ അവനോട്: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.

2അവന്‍ അവരോട് പറഞ്ഞത്: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ചൊല്ലേണ്ടത്: [സ്വര്‍ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്‍റെ രാജ്യം വരേണമേ; [നിന്‍റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;]

3ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.

4ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്‍ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില്‍ കടത്തരുതേ; [ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ].

5പിന്നെ അവന്‍ അവരോട് പറഞ്ഞത്: നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സ്നേഹിതന്‍ ഉണ്ട് എന്നിരിക്കട്ടെ; അവന്‍ അര്‍ധരാത്രിക്ക് അവന്‍റെ അടുക്കല്‍ ചെന്ന്: സ്നേഹിതാ,

6എനിക്കു മൂന്നപ്പം വായ്പ തരേണം; എന്‍റെ ഒരു സ്നേഹിതന്‍ വഴിയാത്രയില്‍ എന്‍റെ അടുക്കല്‍ വന്നു; അവനു വിളമ്പിക്കൊടുപ്പാന്‍ എന്‍റെ പക്കല്‍ ഏതും ഇല്ല എന്ന് അവനോടു പറഞ്ഞാല്‍:

7എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാന്‍ എനിക്കു കഴികയില്ല എന്ന് അകത്തുനിന്ന് ഉത്തരം പറഞ്ഞാലും

8അവന്‍ സ്നേഹിതനാകകൊണ്ട് എഴുന്നേറ്റ് അവന് കൊടുക്കയില്ലെങ്കിലും അവന്‍ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റ് അവന് വേണ്ടുന്നേടത്തോളം കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

9യാചിപ്പിന്‍, എന്നാല്‍ നിങ്ങള്‍ക്ക് കിട്ടും; അന്വേഷിപ്പിന്‍, എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, എന്നാല്‍ നിങ്ങള്‍ക്കു തുറക്കും.

10യാചിക്കുന്നവന് ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

11എന്നാല്‍ നിങ്ങളില്‍ ഒരു അപ്പനോട് മകന്‍ അപ്പം ചോദിച്ചാല്‍ അവന് കല്ല് കൊടുക്കുമോ? അല്ല, മീന്‍ ചോദിച്ചാല്‍ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?

12മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ?

13അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.

14ഒരിക്കല്‍ അവന്‍ ഊമയായൊരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന്‍ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു.

15അവരില്‍ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു.

16വേറേ ചിലര്‍ അവനെ പരീക്ഷിച്ച് ആകാശത്തുനിന്ന് ഒരടയാളം അവനോടു ചോദിച്ചു.

17അവന്‍ അവരുടെ വിചാരം അറിഞ്ഞ് അവരോട് പറഞ്ഞത് : തന്നില്‍ത്തന്നെ ഛിദ്രിച്ച രാജ്യം എല്ലാം പാഴായിപ്പോകും; വീട് ഓരോന്നും വീഴും.

18സാത്താനും തന്നോടുതന്നെ ഛിദ്രിച്ചു എങ്കില്‍, അവന്‍റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.

19ഞാന്‍ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ട് അവര്‍ നിങ്ങള്‍ക്കു ന്യായാധിപതികള്‍ ആകും.

20എന്നാല്‍ ദൈവത്തിന്‍റെ ശക്തികൊണ്ട് ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു സ്പഷ്ടം.

21ബലവാന്‍ ആയുധം ധരിച്ചു തന്‍റെ അരമന കാക്കുമ്പോള്‍ അവന്‍റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.

22അവനിലും ബലവാനായവന്‍ വന്ന് അവനെ ജയിച്ചു എങ്കിലോ അവന്‍ ആശ്രയിച്ചിരുന്ന സര്‍വായുധവര്‍ഗം പിടിച്ചുപറിച്ച് അവന്‍റെ കൊള്ള പകുതി ചെയ്യുന്നു.

23എനിക്ക് അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.

24അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ടു, നീരില്ലാത്ത പ്രദേശങ്ങളില്‍ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ട്: ഞാന്‍ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്ന്,

25അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.

26അപ്പോള്‍ അവന്‍ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവയും അതില്‍ കടന്നു പാര്‍ത്തിട്ട് ആ മനുഷ്യന്‍റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനെക്കാള്‍ വല്ലാതെയായി ഭവിക്കും.

27ഇതു പറയുമ്പോള്‍ പുരുഷാരത്തില്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.

28അതിന് അവന്‍: അല്ല, ദൈവത്തിന്‍റെ വചനം കേട്ടു പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.

29പുരുഷാരം തിങ്ങിക്കൂടിയപ്പോള്‍ അവന്‍ പറഞ്ഞുതുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കയില്ല.

30യോനാ നീനെവേക്കാര്‍ക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും ആകും.

31തെക്കേ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിര്‍ത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവള്‍ ശലോമോന്‍റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍.

32നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവര്‍ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനായിലും വലിയവന്‍.

33വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിന്‍കീഴിലോ വയ്ക്കാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേല്‍ അത്രേ വയ്ക്കുന്നത്.

34ശരീരത്തിന്‍റെ വിളക്ക് കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നെ.

35ആകയാല്‍ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന്‍ നോക്കുക.

36നിന്‍റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല്‍, വിളക്ക് തിളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.

37അവന്‍ സംസാരിക്കുമ്പോള്‍തന്നെ ഒരു പരീശന്‍ തന്നോടുകൂടെ മുത്താഴം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്ന് ഭക്ഷണത്തിനിരുന്നു;

38മുത്താഴത്തിനു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന്‍ ആശ്ചര്യപ്പെട്ടു.

39കര്‍ത്താവ് അവനോട്: പരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.

40മൂഢന്മാരേ, പുറം ഉണ്ടാക്കിയവന്‍ അല്ലയോ അകവും ഉണ്ടാക്കിയത്?

41അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന്‍; എന്നാല്‍ സകലവും നിങ്ങള്‍ക്കു ശുദ്ധം ആകും എന്നു പറഞ്ഞു.

42പരീശന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.

43പരീശന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു.

44നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ കാണ്‍മാന്‍ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല.

45ന്യായശാസ്ത്രിമാരില്‍ ഒരുത്തന്‍ അവനോട്: ഗുരോ, ഇങ്ങനെ പറയുന്നതിനാല്‍ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.

46അതിന് അവന്‍ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കും അയ്യോ കഷ്ടം; എടുപ്പാന്‍ പ്രയാസമുള്ള ചുമടുകളെ നിങ്ങള്‍ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള്‍ ഒരു വിരല്‍ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.

47നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ അവരെ കൊന്നു.

48അതിനാല്‍ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവര്‍ അവരെ കൊന്നു; നിങ്ങള്‍ അവരുടെ കല്ലറകളെ പണിയുന്നു.

49അതുകൊണ്ടു ദൈവത്തിന്‍റെ ജ്ഞാനവും പറയുന്നത്: ഞാന്‍ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കല്‍ അയയ്ക്കുന്നു; അവരില്‍ ചിലരെ അവര്‍ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.

50ഹാബെലിന്‍റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവില്‍വച്ചു

51പട്ടുപോയ സെഖര്യാവിന്‍റെ രക്തംവരെ ലോകസ്ഥാപനംമുതല്‍ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാന്‍ ഇടവരേണ്ടതിനു തന്നെ. അതേ, ഈ തലമുറയോട് അതു ചോദിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

52ന്യായശാസ്ത്രിമാരായനിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ പരിജ്ഞാനത്തിന്‍റെ താക്കോല്‍ എടുത്തുകളഞ്ഞു; നിങ്ങള്‍ തന്നെ കടന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു.

53അവന്‍ അവിടംവിട്ടു പോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും

54അവന്‍റെ വായില്‍നിന്നു വല്ലതും പിടിക്കാമോ എന്നുവച്ച് അവനായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.