പുതിയ നിയമംMOV
1അനന്തരം കര്‍ത്താവ് വേറേ എഴുപതു പേരെ നിയമിച്ചു, താന്‍ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോട് പറഞ്ഞത്:
2കൊയ്ത്തു വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാല്‍ കൊയ്ത്തിന്‍റെ യജമാനനോട് തന്‍റെ കൊയ്ത്തിനു വേലക്കാരെ അയയ്ക്കേണ്ടതിന് അപേക്ഷിപ്പിന്‍.
3പോകുവിന്‍; ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.
4സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുത്; വഴിയില്‍വച്ച് ആരെയും വന്ദനം ചെയ്കയുമരുത്;
5ഏതു വീട്ടില്‍ എങ്കിലും ചെന്നാല്‍:ഈ വീട്ടിനു സമാധാനം എന്ന് ആദ്യം പറവിന്‍.
6അവിടെ ഒരു സമാധാനപുത്രന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവന്മേല്‍ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.
7അവര്‍ തരുന്നതു തിന്നും കുടിച്ചുംകൊണ്ട് ആ വീട്ടില്‍തന്നെ പാര്‍പ്പിന്‍; വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്‍നിന്നു വീട്ടിലേക്കു മാറിപ്പോകരുത്.
8ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നു എങ്കില്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നതു ഭക്ഷിപ്പിന്‍.
9അതിലെ രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങള്‍ക്കു സമീപിച്ചുവന്നിരിക്കുന്നു എന്ന് അവരോടു പറവിന്‍.
10ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കില്‍ അതിന്‍റെ തെരുക്കളില്‍ പോയി:
11നിങ്ങളുടെ പട്ടണത്തില്‍നിന്നു ഞങ്ങളുടെ കാലിനു പറ്റിയ പൊടിയും ഞങ്ങള്‍ നിങ്ങള്‍ക്കു കുടഞ്ഞേച്ചു പോകുന്നു; എന്നാല്‍ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍ എന്നു പറവിന്‍.
12ആ പട്ടണത്തെക്കാള്‍ സൊദോമ്യര്‍ക്ക് ആ നാളില്‍ സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
13കോരസീനേ, നിനക്ക് അയ്യോ കഷ്ടം! ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം! നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നെ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
14എന്നാല്‍ ന്യായവിധിയില്‍ നിങ്ങളെക്കാള്‍ സോരിനും സീദോനും സഹിക്കാവതാകും.
15നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.
16നിങ്ങളുടെ വാക്ക് കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ തള്ളുന്നവന്‍ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവന്‍ എന്നെ അയച്ചവനെ തള്ളുന്നു.
17ആ എഴുപതു പേര്‍ സന്തോഷത്തോടെ മടങ്ങിവന്നു: കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഭൂതങ്ങളും ഞങ്ങള്‍ക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
18അവന്‍ അവരോട്: സാത്താന്‍ മിന്നല്‍പോലെ ആകാശത്തുനിന്നു വീഴുന്നതു ഞാന്‍ കണ്ടു.
19പാമ്പുകളെയും തേളുകളെയും ശത്രുവിന്‍റെ സകല ബലത്തെയും ചവിട്ടുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തരുന്നു; ഒന്നും നിങ്ങള്‍ക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
20എങ്കിലും ഭൂതങ്ങള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേര്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിന്‍.
21ആ നാഴികയില്‍ അവന്‍ പരിശുദ്ധാത്മാവില്‍ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വര്‍ഗത്തിനും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇവ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.
22എന്‍റെ പിതാവ് സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു. പുത്രന്‍ ഇന്നവന്‍ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ഇന്നവനെന്നു പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
23പിന്നെ ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ്: നിങ്ങള്‍ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളത്.
24നിങ്ങള്‍ കാണുന്നതിനെ കാണ്‍മാന്‍ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതിനെ കേള്‍പ്പാന്‍ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
25അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാന്‍ നിത്യജീവന് അവകാശി ആയിത്തീരുവാന്‍ എന്തു ചെയ്യേണം എന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു.
26അവന്‍ അവനോട്: ന്യായപ്രമാണത്തില്‍ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്ന് ചോദിച്ചതിന് അവന്‍:
27നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നുംതന്നെ എന്ന് ഉത്തരം പറഞ്ഞു.
28അവന്‍ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാല്‍ നീ ജീവിക്കും എന്നു പറഞ്ഞു.
29അവന്‍ തന്നെത്താന്‍ നീതീകരിപ്പാന്‍ ഇച്ഛിച്ചിട്ടു യേശുവിനോട്: എന്‍റെ കൂട്ടുകാരന്‍ ആര്‍ എന്നു ചോദിച്ചതിന് യേശു ഉത്തരം പറഞ്ഞത്:
30ഒരു മനുഷ്യന്‍ യെരൂശലേമില്‍നിന്നു യെരീഹോവിലേക്കു പോകുമ്പോള്‍ കള്ളന്മാരുടെ കൈയില്‍ അകപ്പെട്ടു; അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ച് അര്‍ധപ്രാണനായി വിട്ടേച്ചുപോയി.
31ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതന്‍ വന്ന് അവനെ കണ്ടിട്ടു മാറി കടന്നുപോയി.
32അങ്ങനെ തന്നെ ഒരു ലേവ്യനും ആ സ്ഥലത്തില്‍ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
33ഒരു ശമര്യക്കാരനോ വഴിപോകയില്‍ അവന്‍റെ അടുക്കല്‍ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞ് അരികെ ചെന്ന്
34എണ്ണയും വീഞ്ഞും പകര്‍ന്ന് അവന്‍റെ മുറിവുകളെ കെട്ടി; അവനെ തന്‍റെ വാഹനത്തില്‍ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
35പിറ്റന്നാള്‍ അവന്‍ പുറപ്പെടുമ്പോള്‍ രണ്ടു വെള്ളിക്കാശ് എടുത്ത് വഴിയമ്പലക്കാരനു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാല്‍ ഞാന്‍ മടങ്ങിവരുമ്പോള്‍ തന്നുകൊള്ളാം എന്ന് അവനോടു പറഞ്ഞു.
36കള്ളന്മാരുടെ കൈയില്‍ അകപ്പെട്ടവന് ഈ മൂവരില്‍ ഏവന്‍ കൂട്ടുകാരനായിത്തീര്‍ന്നു എന്നു നിനക്കു തോന്നുന്നു?
37അവനോടു കരുണ കാണിച്ചവന്‍ എന്ന് അവന്‍ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെതന്നെ ചെയ്ക എന്നു പറഞ്ഞു.
38പിന്നെ അവര്‍ യാത്ര പോകയില്‍ അവന്‍ ഒരു ഗ്രാമത്തില്‍ എത്തി; മാര്‍ത്ത എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില്‍ കൈക്കൊണ്ടു.
39അവള്‍ക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്‍റെ കാല്‍ക്കല്‍ ഇരുന്ന് അവന്‍റെ വചനം കേട്ടുകൊണ്ടിരുന്നു.
40മാര്‍ത്തയോ വളരെ ശുശ്രൂഷയാല്‍ കുഴങ്ങീട്ട് അടുക്കെ വന്നു: കര്‍ത്താവേ, എന്‍റെ സഹോദരി ശുശ്രൂഷയ്ക്ക് എന്നെ തനിച്ചു വിട്ടിരിക്കുന്നതില്‍ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാന്‍ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.
41കര്‍ത്താവ് അവളോട്: മാര്‍ത്തയേ, മാര്‍ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.
42എന്നാല്‍ അല്പമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കയുമില്ല.