പഴയ നിയമംMOV

ലേവ്യാപുസ്തകം 4

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴച്ച് ആ വക വല്ലതും ചെയ്താൽ-

3അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.

4അവന്‍ ആ കാളയെ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈ വച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം.

5അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം.

6പുരോഹിതന്‍ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്‍റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.

7പുരോഹിതന്‍ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവര്‍ഗത്തിന്‍ ധൂപപീഠത്തിന്‍റെ കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ ഉള്ള ഹോമയാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചുകളയേണം.

8പാപയാഗത്തിനുള്ള കാളയുടെ സകല മേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും അതിൽനിന്നു നീക്കേണം.

9മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവന്‍ എടുക്കേണം.

10സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതന്‍ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം.

11കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി

12കാളയെ മുഴുവനും അവന്‍ പാളയത്തിനു പുറത്തു വെണ്ണീര്‍ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീര്‍ ഇടുന്നേടത്തു വച്ചുതന്നെ അതു ചുട്ടുകളയേണം.

13യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പിഴയ്ക്കയും ആ കാര്യം സഭയുടെ കണ്ണിനു മറഞ്ഞിരിക്കയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അവര്‍ പാപം ചെയ്തു കുറ്റക്കാരായിത്തീരുകയും ചെയ്താൽ,

14ചെയ്ത പാപം അവര്‍ അറിയുമ്പോള്‍ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അര്‍പ്പിക്കേണം; സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട്

15സഭയുടെ മൂപ്പന്മാര്‍ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വയ്ക്കേണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കയും വേണം.

16അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം.

17പുരോഹിതന്‍ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.

18അവന്‍ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്‍റെ കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കലുള്ള ഹോമയാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചു കളയേണം.

19അതിന്‍റെ മേദസ്സൊക്കെയും അവന്‍ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.

20പാപയാഗത്തിനുള്ള കാളയെ അവന്‍ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യേണം; അങ്ങനെതന്നെ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതന്‍ അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവരോടു ക്ഷമിക്കും.

21പിന്നെ അവന്‍ കാളയെ പാളയത്തിനു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.

22ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്‍റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പിഴച്ചു കുറ്റക്കാരനായിത്തീരുകയും ചെയ്താൽ

23അവന്‍ ചെയ്ത പാപം അവനു ബോധ്യമായി എങ്കിൽ അവന്‍ ഊനമില്ലാത്ത ഒരു ആണ്‍കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

24അവന്‍ ആടിന്‍റെ തലയിൽ കൈ വച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ അറുക്കേണം; അത് ഒരു പാപയാഗം.

25പിന്നെ പുരോഹിതന്‍ പാപയാഗത്തിന്‍റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചുകളയേണം.

26അതിന്‍റെ മേദസ്സൊക്കെയും അവന്‍ സമാധാനയാഗത്തിന്‍റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്‍റെ പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

27ദേശത്തെ ജനത്തിൽ ഒരുത്തന്‍ ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പിഴച്ചു കുറ്റക്കാരനായിത്തീര്‍ന്നാൽ

28പാപം അവനു ബോധ്യമായി എങ്കിൽ അവന്‍ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.

29പാപയാഗമൃഗത്തിന്‍റെ തലയിൽ അവന്‍ കൈ വച്ചിട്ടു ഹോമയാഗത്തിന്‍റെ സ്ഥലത്തുവച്ചു പാപയാഗമൃഗത്തെ അറുക്കേണം.

30പുരോഹിതന്‍ അതിന്‍റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തമൊക്കെയും യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചുകളയേണം.

31അതിന്‍റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സ് എടുക്കുന്നതുപോലെ എടുത്ത് പുരോഹിതന്‍ യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.

32അവന്‍ പാപയാഗമായി ഒരു ആട്ടിന്‍കുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.

33പാപയാഗമൃഗത്തിന്‍റെ തലയിൽ അവന്‍ കൈ വച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ പാപയാഗമായി അറുക്കേണം.

34പുരോഹിതന്‍ പാപയാഗത്തിന്‍റെ രക്തം വിരൽകൊണ്ടു കുറെ എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തമൊക്കെയും യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചുകളയേണം.

35അതിന്‍റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്ന് ആട്ടിന്‍കുട്ടിയുടെ മേദസ്സ് എടുക്കുന്നതുപോലെ അവന്‍ എടുക്കേണം; പുരോഹിതന്‍ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവന്‍ ചെയ്ത പാപത്തിനു പുരോഹിതന്‍ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.