പഴയ നിയമംMOV

ലേവ്യാപുസ്തകം 27

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ആരെങ്കിലും യഹോവയ്ക്ക് ഒരു നേര്‍ച്ച നിവര്‍ത്തിക്കുമ്പോള്‍ ആള്‍ നിന്‍റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവന്‍ ആകേണം.

3ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്‍റെ മതിപ്പ് അമ്പതു ശേക്കെൽ വെള്ളി ആയിരിക്കേണം.

4പെണ്ണായിരുന്നാൽ നിന്‍റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം.

5അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്‍റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം.

6ഒരു മാസംമുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്‍റെ മതിപ്പ് ആണിന് അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന് മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കേണം.

7അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്‍റെ മതിപ്പ് ആണിന് പതിനഞ്ചു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം.

8നിന്‍റെ മതിപ്പുപോലെ കൊടുപ്പാന്‍ കഴിയാതവണ്ണം ഒരുത്തന്‍ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്‍റെ മുമ്പാകെ കൊണ്ടുവന്നു നിര്‍ത്തേണം; പുരോഹിതന്‍ അവനെ മതിക്കേണം; നേര്‍ന്നവന്‍റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതന്‍ അവനെ മതിക്കേണം.

9അത് യഹോവയ്ക്കു വഴിപാടു കഴിപ്പാന്‍തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.

10തീയതിനു പകരം നല്ലത്, നല്ലതിനു പകരം തീയത് ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുത്; മൃഗത്തിനു മൃഗത്തെ വച്ചു മാറുന്നു എങ്കിൽ അതും വച്ചു മാറിയതും വിശുദ്ധമായിരിക്കേണം.

11അത് യഹോവയ്ക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്‍റെ മുമ്പാകെ നിര്‍ത്തേണം.

12അതു നല്ലതോ തീയതോ ആയിരിക്കുന്നതിന് ഒത്തവണ്ണം പുരോഹിതന്‍ അതിനെ മതിക്കേണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെതന്നെ ആയിരിക്കേണം.

13അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടേണം.

14ഒരുത്തന്‍ തന്‍റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതന്‍ അതു മതിക്കേണം; പുരോഹിതന്‍ മതിക്കുന്നതുപോലെ തന്നെ അത് ഇരിക്കേണം.

15തന്‍റെ വീടു വിശുദ്ധീകരിച്ചവന്‍ അതു വീണ്ടെടുക്കുന്നെങ്കിൽ അവന്‍ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടേണം; എന്നാൽ അത് അവനുള്ളതാകും.

16ഒരുത്തന്‍ തന്‍റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്‍റെ മതിപ്പ് അതിന്‍റെ വിത്തുപാടിന് ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെര്‍ യവം വിതയ്ക്കുന്ന നിലത്തിന് അമ്പതു ശേക്കെൽ വെള്ളി മതിക്കേണം.

17യോബേൽസംവത്സരംമുതൽ അവന്‍ തന്‍റെ നിലം വിശുദ്ധീകരിച്ചാൽ അതു നിന്‍റെ മതിപ്പുപോലെ ഇരിക്കേണം.

18യോബേൽസംവത്സരത്തിന്‍റെ ശേഷം അവന്‍ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങള്‍ക്ക് ഒത്തവണ്ണം പുരോഹിതന്‍ അതിന്‍റെ വില കണക്കാക്കേണം; അതു നിന്‍റെ മതിപ്പിൽനിന്നു കുറയ്ക്കേണം.

19നിലം വിശുദ്ധീകരിച്ചവന്‍ അതു വീണ്ടെടുക്കുന്നെങ്കിൽ അവന്‍ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടേണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.

20അവന്‍ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തനു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തു കൂടാ.

21ആ നിലം യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ശപഥാര്‍പ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കേണം; അതിന്‍റെ അനുഭവം പുരോഹിതന് ഇരിക്കേണം.

22തന്‍റെ അവകാശനിലങ്ങളിൽ ഉള്‍പ്പെടാതെ സ്വയാര്‍ജിതമായുള്ള ഒരു നിലം ഒരുത്തന്‍ യഹോവയ്ക്കു ശുദ്ധീകരിച്ചാൽ

23പുരോഹിതന്‍ യോബേൽസംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്‍റെ മതിപ്പുവില അവന്‍ അന്നുതന്നെ യഹോവയ്ക്കു വിശുദ്ധമായി കൊടുക്കേണം.

24ആ നിലം മുന്നുടമസ്ഥനു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം.

25നിന്‍റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാ വച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.

26കടിഞ്ഞൂൽപ്പിറവിയാൽ യഹോവയ്ക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അതു യഹോവയ്ക്കുള്ളത് ആകുന്നു.

27അത് അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്‍റെ അഞ്ചിലൊന്നും കൂടെ കൊടുത്ത് അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലങ്കിൽ നിന്‍റെ മതിപ്പുവിലയ്ക്ക് അതിനെ വില്ക്കേണം.

28എന്നാൽ ഒരുത്തന്‍ തനിക്കുള്ള ആള്‍, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു ശപഥാര്‍പ്പിതവും വില്ക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാര്‍പ്പിതമൊക്കെയും യഹോവയ്ക്ക് അതിവിശുദ്ധമാകുന്നു.

29മനുഷ്യവര്‍ഗത്തിൽനിന്നു ശപഥാര്‍പ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.

30നിലത്തിലെ വിത്തിലും വൃക്ഷത്തിന്‍റെ ഫലത്തിലും ദേശത്തിലെ ദശാംശമൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.

31ആരെങ്കിലും തന്‍റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടെ ചേര്‍ത്തു കൊടുക്കേണം.

32മാടാകട്ടെ ആടാകട്ടെ കോലിന്‍ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം.

33അതു നല്ലതോ തീയതോ എന്നു ശോധന ചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.

34യിസ്രായേൽമക്കള്‍ക്കുവേണ്ടി യഹോവ സീനായിപര്‍വതത്തിൽ വച്ചു മോശെയോടു കല്പിച്ച കല്പനകള്‍ ഇവതന്നെ.