പഴയ നിയമംMOV

ലേവ്യാപുസ്തകം 26

1വിഗ്രഹങ്ങളെ ഉണ്ടാക്കരുത്; ബിംബമോ സ്തംഭമോ നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാന്‍ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുത്; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

2നിങ്ങള്‍ എന്‍റെ ശബ്ബത്തുകള്‍ ആചരിക്കയും എന്‍റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.

3എന്‍റെ ചട്ടം ആചരിച്ച് എന്‍റെ കല്പന പ്രമാണിച്ച് അനുസരിച്ചാൽ

4ഞാന്‍ തക്കസമയത്തു നിങ്ങള്‍ക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.

5നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങള്‍ തൃപ്തരായി അഹോവൃത്തി കഴിച്ചു ദേശത്തു നിര്‍ഭയം വസിക്കും.

6ഞാന്‍ ദേശത്തു സമാധാനം തരും; നിങ്ങള്‍ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാന്‍ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാള്‍ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.

7നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ ഓടിക്കും; അവര്‍ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.

8നിങ്ങളിൽ അഞ്ചു പേര്‍ നൂറു പേരെ ഓടിക്കും; നിങ്ങളിൽ നൂറു പേര്‍ പതിനായിരം പേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.

9ഞാന്‍ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്‍റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.

10നിങ്ങള്‍ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്‍റെ നിമിത്തം പഴയതു പുറത്ത് ഇറക്കുകയും ചെയ്യും.

11ഞാന്‍ എന്‍റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്‍റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.

12ഞാന്‍ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാന്‍ നിങ്ങള്‍ക്കു ദൈവവും നിങ്ങള്‍ എനിക്കു ജനവും ആയിരിക്കും.

13നിങ്ങള്‍ മിസ്രയീമ്യര്‍ക്ക് അടിമകളാകാതിരിപ്പാന്‍ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു; ഞാന്‍ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിര്‍ന്നു നടക്കുമാറാക്കിയിരിക്കുന്നു.

14എന്നാൽ നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും

15എന്‍റെ ചട്ടങ്ങള്‍ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്‍റെ വിധികളെ വെറുത്തു നിങ്ങള്‍ എന്‍റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്‍റെ നിയമം ലംഘിച്ചാൽ

16ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും: കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാന്‍ നിങ്ങളുടെമേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങള്‍ വെറുതേ വിതയ്ക്കും; ശത്രുക്കള്‍ അതു ഭക്ഷിക്കും.

17ഞാന്‍ നിങ്ങളുടെനേരേ ദൃഷ്‍ടി വയ്ക്കും; നിങ്ങള്‍ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവര്‍ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവര്‍ ഇല്ലാതെ നിങ്ങള്‍ ഓടും.

18ഇതെല്ലാം ആയിട്ടും നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങള്‍ നിമിത്തം ഞാന്‍ നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കും.

19ഞാന്‍ നിങ്ങളുടെ ബലത്തിന്‍റെ പ്രതാപം കെടുക്കും; നിങ്ങളുടെ ആകാശത്തെ ഇരുമ്പുപോലെയും ഭൂമിയെ ചെമ്പു പോലെയും ആക്കും.

20നിങ്ങളുടെ ശക്തി വെറുതേ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായിക്കാതെയും ഇരിക്കും.

21നിങ്ങള്‍ എനിക്കു വിരോധമായി നടന്ന് എന്‍റെ വാക്കു കേള്‍ക്കാതിരുന്നാൽ ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ക്കു തക്കവണ്ണം ഏഴു മടങ്ങ് ബാധ നിങ്ങളുടെമേൽ വരുത്തും.

22ഞാന്‍ നിങ്ങളുടെ ഇടയിൽ കാട്ടുമൃഗങ്ങളെ അയയ്ക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തിൽ കുറയ്ക്കുകയും ചെയ്യും; നിങ്ങളുടെ വഴികള്‍ പാഴായി കിടക്കും.

23ഇവയാലും നിങ്ങള്‍ക്കു ബോധംവരാതെ നിങ്ങള്‍ എനിക്കു വിരോധമായി നടന്നാൽ

24ഞാനും നിങ്ങള്‍ക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം ഏഴു മടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.

25എന്‍റെ നിയമത്തിന്‍റെ പ്രതികാരം നടത്തുന്ന വാള്‍ ഞാന്‍ നിങ്ങളുടെമേൽ വരുത്തും; നിങ്ങള്‍ നിങ്ങളുടെ പട്ടണങ്ങളിൽ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ നിങ്ങളുടെ ഇടയിൽ മഹാമാരി അയയ്ക്കയും നിങ്ങളെ ശത്രുവിന്‍റെ കൈയിൽ ഏല്പിക്കയും ചെയ്യും.

26ഞാന്‍ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോള്‍ പത്തു സ്ത്രീകള്‍ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങള്‍ക്കു തിരികെ തൂക്കിത്തരും; നിങ്ങള്‍ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.

27ഇതെല്ലാമായിട്ടും നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കാതെ എനിക്കു വിരോധമായി നടന്നാൽ

28ഞാനും ക്രോധത്തോടെ നിങ്ങള്‍ക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങള്‍നിമിത്തം നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കും.

29നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങള്‍ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.

30ഞാന്‍ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂര്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പു തോന്നുകയും ചെയ്യും.

31ഞാന്‍ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൗരഭ്യവാസന ഞാന്‍ മണക്കുകയില്ല.

32ഞാന്‍ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കള്‍ അതിങ്കൽ ആശ്ചര്യപ്പെടും.

33ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാള്‍ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങള്‍ പാഴ്നിലമായും കിടക്കും.

34അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങള്‍ ശത്രുക്കളുടെ ദേശത്ത് ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്‍റെ ശബ്ബത്തുകള്‍ അനുഭവിക്കും; അപ്പോള്‍ ദേശം സ്വസ്ഥമായിക്കിടന്നു തന്‍റെ ശബ്ബത്തുകള്‍ അനുഭവിക്കും.

35നിങ്ങള്‍ അവിടെ പാര്‍ത്തിരുന്നപ്പോള്‍ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന് അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായിക്കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.

36ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാന്‍ ശത്രുക്കളുടെ ദേശത്തുവച്ച് ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ട് അവര്‍ ഓടും; വാളിന്‍റെ മുമ്പിൽനിന്ന് ഓടുന്നതുപോലെ അവര്‍ ഓടും; ആരും ഓടിക്കാതെ അവര്‍ ഓടി വീഴും.

37ആരും ഓടിക്കാതെ അവര്‍ വാളിന്‍റെ മുമ്പിൽനിന്ന് എന്നപോലെ ഓടി ഒരുത്തന്‍റെമേൽ ഒരുത്തന്‍ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്പാന്‍ നിങ്ങള്‍ക്കു കഴികയുമില്ല.

38നിങ്ങള്‍ ജാതികളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.

39നിങ്ങളിൽ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവച്ച് തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.

40അവര്‍ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവര്‍ എന്നോടു ദ്രോഹിച്ച ദ്രോഹവും അവര്‍ എനിക്കു വിരോധമായി നടന്നതുകൊണ്ട്

41ഞാനും അവര്‍ക്കു വിരോധമായി നടന്ന് അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോള്‍ താഴുകയും അവര്‍ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കയും ചെയ്താൽ

42ഞാന്‍ യാക്കോബിനോടുള്ള എന്‍റെ നിയമം ഓര്‍ക്കും; യിസ്ഹാക്കിനോടുള്ള എന്‍റെ നിയമവും അബ്രാഹാമിനോടുള്ള എന്‍റെ നിയമവും ഞാന്‍ ഓര്‍ക്കും; ദേശത്തെയും ഞാന്‍ ഓര്‍ക്കും.

43അവര്‍ ദേശം വിട്ടുപോയിട്ട് അവര്‍ ഇല്ലാതെ അതു ശൂന്യമായി കിടന്നു തന്‍റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്‍റെ വിധികളെ ധിക്കരിക്കയും അവര്‍ക്ക് എന്‍റെ ചട്ടങ്ങളോടു വെറുപ്പു തോന്നുകയും ചെയ്തതുകൊണ്ട് അവര്‍ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കും.

44എങ്കിലും അവര്‍ ശത്രുക്കളുടെ ദേശത്ത് ഇരിക്കുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കുവാനും അവരോടുള്ള എന്‍റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാന്‍ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാന്‍ അവരുടെ ദൈവമായ യഹോവ ആകുന്നു.

45ഞാന്‍ അവരുടെ ദൈവമായിരിക്കേണ്ടതിനു ജാതികള്‍ കാണ്‍കെ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന അവരുടെ പൂര്‍വന്മാരോടു ചെയ്ത നിയമം ഞാന്‍ അവര്‍ക്കുവേണ്ടി ഓര്‍ക്കും; ഞാന്‍ യഹോവ ആകുന്നു.

46യഹോവ സീനായിപര്‍വതത്തിൽവച്ചു തനിക്കും യിസ്രായേൽമക്കള്‍ക്കും തമ്മിൽ മോശെ മുഖാന്തരം വച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നെ.