പഴയ നിയമംMOV

ലേവ്യാപുസ്തകം 19

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2നീ യിസ്രായേൽമക്കളുടെ സര്‍വസഭയോടും പറയേണ്ടത് എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിന്‍.

3നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്‍റെ ശബ്ബത്തുകള്‍ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

4വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങള്‍ക്കു വാര്‍ത്തുണ്ടാക്കരുത്; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5യഹോവയ്ക്കു സമാധാനയാഗം അര്‍പ്പിക്കുന്നു എങ്കിൽ നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അര്‍പ്പിക്കേണം.

6അര്‍പ്പിക്കുന്ന ദിവസവും പിറ്റന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.

7മൂന്നാം ദിവസം തിന്നു എന്നു വരുകിൽ അത് അറപ്പാകുന്നു; പ്രസാദമാകുകയില്ല.

8അതു തിന്നുന്നവന്‍ കുറ്റം വഹിക്കും; യഹോവയ്ക്കു വിശുദ്ധമായത് അവന്‍ അശുദ്ധമാക്കിയല്ലോ; അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

9നിങ്ങളുടെ നിലത്തിലെ വിള നിങ്ങള്‍ കൊയ്യുമ്പോള്‍ വയലിന്‍റെ അരികു തീര്‍ത്തു കൊയ്യരുത്; നിന്‍റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുത്.

10നിന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുത്; നിന്‍റെ മുന്തിരിത്തോട്ടത്തിൽ വീണു കിടക്കുന്ന പഴം പെറുക്കയും അരുത്. അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

11മോഷ്‍ടിക്കരുത്; ചതിക്കരുത്; ഒരുത്തനോട് ഒരുത്തന്‍ ഭോഷ്കു പറയരുത്.

12എന്‍റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുത്; ഞാന്‍ യഹോവ ആകുന്നു.

13കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവന്‍റെ വസ്തു കവര്‍ച്ച ചെയ്കയും അരുത്; കൂലിക്കാരന്‍റെ കൂലി പിറ്റേന്നു രാവിലെവരെ നിന്‍റെ പക്കൽ ഇരിക്കരുത്.

14ചെകിടനെ ശപിക്കരുത്; കുരുടന്‍റെ മുമ്പിൽ ഇടര്‍ച്ച വയ്ക്കരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം; ഞാന്‍ യഹോവ ആകുന്നു.

15ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്‍റെ മുഖം നോക്കാതെയും വലിയവന്‍റെ മുഖം ആദരിക്കാതെയും നിന്‍റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കേണം.

16നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; കൂട്ടുകാരന്‍റെ മരണത്തിനായി നിഷ്കര്‍ഷിക്കരുത്; ഞാന്‍ യഹോവ ആകുന്നു.

17സഹോദരനെ നിന്‍റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്‍റെ പാപം നിന്‍റെമേൽ വരാതിരിപ്പാന്‍ അവനെ താൽപര്യമായി ശാസിക്കേണം.

18പ്രതികാരം ചെയ്യരുത്; നിന്‍റെ ജനത്തിന്‍റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം; ഞാന്‍ യഹോവ ആകുന്നു.

19നിങ്ങള്‍ എന്‍റെ ചട്ടങ്ങള്‍ പ്രമാണിക്കേണം. രണ്ടു തരം മൃഗങ്ങളെ തമ്മിൽ ഇണ ചേര്‍ക്കരുത്; നിന്‍റെ വയലിൽ കൂട്ടുവിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലര്‍ന്ന വസ്ത്രം ധരിക്കരുത്.

20ഒരു പുരുഷനു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തന്‍ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവള്‍ സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുത്;

21അവന്‍ യഹോവയ്ക്ക് അകൃത്യയാഗത്തിനായി സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം.

22അവന്‍ ചെയ്ത പാപത്തിനായി പുരോഹിതന്‍ അകൃത്യയാഗത്തിന്‍റെ ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവന്‍ ചെയ്ത പാപം അവനോടു ക്ഷമിക്കും.

23നിങ്ങള്‍ ദേശത്ത് എത്തി ഭക്ഷണത്തിന് ഉതകുന്ന സകലവിധ വൃക്ഷങ്ങളും നട്ടശേഷം നിങ്ങള്‍ക്ക് അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ഇരിക്കേണം; അതു തിന്നരുത്.

24നാലാം സംവത്സരത്തിൽ അതിന്‍റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിനായിട്ടു ശുദ്ധമായിരിക്കേണം.

25അഞ്ചാം സംവത്സരത്തിലോ നിങ്ങള്‍ക്ക് അതിന്‍റെ ഫലം തിന്നാം; അങ്ങനെ അതിന്‍റെ അനുഭവം നിങ്ങള്‍ക്കു വര്‍ധിച്ചുവരും; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

26രക്തത്തോടുകൂടിയുള്ളതു തിന്നരുത്; ആഭിചാരം ചെയ്യരുത്; മുഹൂര്‍ത്തം നോക്കരുത്:

27നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം വിരൂപമാക്കരുത്.

28മരിച്ചവനുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുത്; മെയ്മേൽ പച്ചകുത്തരുത്; ഞാന്‍ യഹോവ ആകുന്നു.

29ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കര്‍മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്‍റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.

30നിങ്ങള്‍ എന്‍റെ ശബ്ബത്തുകള്‍ പ്രമാണിക്കയും എന്‍റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.

31വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായിത്തീരുവാന്‍ തക്കവണ്ണം അവരെ അന്വേഷിക്കയും അരുത്. ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

32നരച്ചവന്‍റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്‍റെ മുഖം ബഹുമാനിക്കയും നിന്‍റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാന്‍ യഹോവ ആകുന്നു.

33പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാര്‍ത്താൽ അവനെ ഉപദ്രവിക്കരുത്.

34നിങ്ങളോടുകൂടെ പാര്‍ക്കുന്ന പരദേശി നിങ്ങള്‍ക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

35ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അന്യായം ചെയ്യരുത്.

36ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണം; ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

37നിങ്ങള്‍ എന്‍റെ എല്ലാ ചട്ടങ്ങളും സകല വിധികളും പ്രമാണിച്ച് അനുസരിക്കേണം; ഞാന്‍ യഹോവ ആകുന്നു.