പഴയ നിയമംMOV

ലേവ്യാപുസ്തകം 18

1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;

3നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുത്; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ മര്യാദ ആചരിക്കരുത്.

4എന്‍റെ വിധികളെ അനുസരിച്ച് എന്‍റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

5ആകയാൽ എന്‍റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാൽ ജീവിക്കും; ഞാന്‍ യഹോവ ആകുന്നു.

6നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍ തക്കവണ്ണം അവരോട് അടുക്കരുത്; ഞാന്‍ യഹോവ ആകുന്നു.

7നിന്‍റെ അപ്പന്‍റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുത്. അവള്‍ നിന്‍റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുത്.

8അപ്പന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അതു നിന്‍റെ അപ്പന്‍റെ നഗ്നതയല്ലോ.

9അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ നിന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; വീട്ടിൽ ജനിച്ചവരായാലും പുറമേ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുത്.

10നിന്‍റെ മകന്‍റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുത്; അവരുടെ നഗ്നത നിന്‍റേതുതന്നെയല്ലോ.

11നിന്‍റെ അപ്പനു ജനിച്ചവളും അവന്‍റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുത്; അവള്‍ നിന്‍റെ സഹോദരിയല്ലോ.

12അപ്പന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവള്‍ അപ്പന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.

13അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവള്‍ നിന്‍റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.

14അപ്പന്‍റെ സഹോദരന്‍റെ നഗ്നത അനാവൃതമാക്കരുത്; അവന്‍റെ ഭാര്യയോട് അടുക്കയുമരുത്; അവള്‍ നിന്‍റെ ഇളയമ്മയല്ലോ.

15നിന്‍റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുത്; അവള്‍ നിന്‍റെ മകന്‍റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുത്.

16സഹോദരന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അതു നിന്‍റെ സഹോദരന്‍റെ നഗ്നതയല്ലോ.

17ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുത്; അവളുടെ മകന്‍റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറ് അവരെ പരിഗ്രഹിക്കരുത്; അവര്‍ അടുത്ത ചാര്‍ച്ചക്കാരല്ലോ; അതു ദുഷ്കര്‍മം.

18ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖിപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറ് അവളെക്കൂടെ പരിഗ്രഹിക്കരുത്.

19ഒരു സ്ത്രീ ഋതുനിമിത്തം അശുദ്ധമായിരിക്കുമ്പോള്‍ അവളുടെ നഗ്നത അനാവൃതമാക്കുമാറ് അവളോട് അടുക്കരുത്.

20കൂട്ടുകാരന്‍റെ ഭാര്യയോടുകൂടെ ശയിച്ച് അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുത്.

21നിന്‍റെ സന്തതിയിൽ ഒന്നിനെയും മോലേക്കിന് അര്‍പ്പിച്ച് നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുത്;

22ഞാന്‍ യഹോവ ആകുന്നു. സ്ത്രീയോട് എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുത്; അതു മ്ലേച്ഛത.

23യാതൊരു മൃഗത്തോടുംകൂടെ ശയിച്ച് അതിനാൽ നിന്നെ അശുദ്ധനാക്കരുത്; യാതൊരു സ്ത്രീയും ഒരു മൃഗത്തോടുകൂടെ ശയിക്കേണ്ടതിന് അതിന്‍റെ മുമ്പിൽ നില്ക്കയുമരുത്; അത് നികൃഷ്ടം.

24ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്; ഞാന്‍ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാലൊക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.

25ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേൽ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദിച്ചുകളയുന്നു.

26ഈ മ്ലേച്ഛതയൊക്കെയും നിങ്ങള്‍ക്കു മുമ്പേ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായിത്തീര്‍ന്നു.

27നിങ്ങള്‍ക്കു മുമ്പേ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കിയിട്ടു നിങ്ങളെയും ഛര്‍ദിച്ചുകളയാതിരിപ്പാന്‍

28നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാര്‍ക്കുന്ന പരദേശിയാകട്ടെ ചെയ്യരുത്.

29ആരെങ്കിലും ഈ സകല മ്ലേച്ഛതകളിലും ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

30ആകയാൽ നിങ്ങള്‍ക്കുമുമ്പേ നടന്ന ഈ മ്ലേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.