പഴയ നിയമംMOV
1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
2നിങ്ങള്‍ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ആര്‍ക്കെങ്കിലും തന്റെ അംഗത്തിൽ ശുക്ലസ്രവം ഉണ്ടായാൽ അവന് സ്രവത്താൽ അശുദ്ധന് ആകുന്നു.
3അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിത്: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അത് അശുദ്ധി തന്നെ.
4സ്രവക്കാരന്‍ കിടക്കുന്ന കിടക്കയൊക്കെയും അശുദ്ധം; അവന് ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.
5അവന്റെ കിടക്ക തൊടുന്ന മനുഷ്യന് വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധന് ആയിരിക്കയും വേണം.
6സ്രവക്കാരന്‍ ഇരുന്ന സാധനത്തിന്മേൽ ഇരിക്കുന്നവന് വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധന് ആയിരിക്കയും വേണം.
7സ്രവക്കാരന്റെ ദേഹം തൊടുന്നവന് വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
8സ്രവക്കാരന്‍ ശുദ്ധിയുള്ളവന്റെമേൽ തുപ്പിയാൽ അവന് വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
9സ്രവക്കാരന്‍ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും.
10അവന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവയെ വഹിക്കുന്നവന് വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
11സ്രവക്കാരന്‍ വെള്ളംകൊണ്ടു കൈ കഴുകാതെ ആരെയെങ്കിലും തൊട്ടാൽ അവന് വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
12സ്രവക്കാരന്‍ തൊട്ട മണ്‍പാത്രം ഉടച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളംകൊണ്ടു കഴുകേണം.
13സ്രവക്കാരന്‍ സ്രവം മാറി ശുദ്ധിയുള്ളവന്‍ ആകുമ്പോള്‍ ശുദ്ധീകരണത്തിനായി ഏഴു ദിവസം എണ്ണിയിട്ട് വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകേണം; എന്നാൽ അവന് ശുദ്ധിയുള്ളവന്‍ ആകും.
14എട്ടാം ദിവസം അവന് രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന് കുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ വന്ന് അവയെ പുരോഹിതന്റെ പക്കൽ കൊടുക്കേണം.
15പുരോഹിതന് അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്റെ സ്രവത്തിനു പ്രായശ്ചിത്തം കഴിക്കേണം.
16ഒരുത്തന് ബീജം പോയാൽ അവന് തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധന് ആയിരിക്കയും വേണം.
17ബീജം വീണ സകല വസ്ത്രവും എല്ലാ തോലും വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.
18പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.
19ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവള് ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.
20അവളുടെ അശുദ്ധിയിൽ അവള് ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള് ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം.
21അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
22അവള് ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
23അവളുടെ കിടക്കമേലോ അവള് ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന് സന്ധ്യവരെ അശുദ്ധനായിരിക്കേണം.
24ഒരുത്തന് അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേൽ ആകയും ചെയ്താൽ അവന് ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന് കിടക്കുന്ന കിടക്കയൊക്കെയും അശുദ്ധമാകും.
25ഒരു സ്ത്രീക്ക് ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലമൊക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള് അശുദ്ധയായിരിക്കേണം.
26രക്തസ്രവമുള്ള കാലത്തെല്ലാം അവള് കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള് ഇരിക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം.
27അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന് വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
28രക്തസ്രവം മാറി ശുദ്ധിയുള്ളവളായാൽ അവള് ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്റെശേഷം അവള് ശുദ്ധിയുള്ളവളാകും.
29എട്ടാം ദിവസം അവള് രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
30പുരോഹിതന് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന് അവള്‍ക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ അവളുടെ അശുദ്ധിയുടെ രക്തസ്രവം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം.
31യിസ്രായേൽമക്കളുടെ നടുവിലുള്ള എന്റെ നിവാസം അവര്‍ അശുദ്ധമാക്കിയിട്ടു തങ്ങളുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ അവരുടെ അശുദ്ധിയെക്കുറിച്ച് അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം.
32ഇതു സ്രവക്കാരനും ബീജസ്ഖലനത്താൽ അശുദ്ധനായവനും
33ഋതുസംബന്ധമായ ദീനമുള്ളവള്‍ക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവനും ഉള്ള പ്രമാണം.