പഴയ നിയമംMOV

ന്യായാധിപന്മാര്‍ 7

1അനന്തരം ഗിദെയോന്‍ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനമൊക്കെയും അതികാലത്തു പുറപ്പെട്ട് ഹരോദ് ഉറവിനരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവര്‍ക്കു വടക്ക് മോരേക്കുന്നിനരികെ താഴ്വരയിൽ ആയിരുന്നു.

2യഹോവ ഗിദെയോനോട്: നിന്നോടുകൂടെയുള്ള ജനം അധികമാകുന്നു; എന്‍റെ കൈ എന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എന്‍റെ നേരേ വമ്പു പറയാതിരിക്കേണ്ടതിന് ഞാന്‍ മിദ്യാന്യരെ ഇവരുടെ കൈയിൽ ഏല്പിക്കയില്ല.

3ആകയാൽ നീ ചെന്ന് ആര്‍ക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കിൽ അവന്‍ ഗിലെയാദ്പര്‍വതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തിൽ ഇരുപത്തീരായിരം പേര്‍ മടങ്ങിപ്പോയി; പതിനായിരം പേര്‍ ശേഷിച്ചു.

4യഹോവ പിന്നെയും ഗിദെയോനോട്: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെവച്ചു ഞാന്‍ അവരെ പരിശോധിച്ചുതരാം; ഇവന്‍ നിന്നോടുകൂടെ പോരട്ടെ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരട്ടെ; ഇവന്‍ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരേണ്ടാ എന്നു കല്പിച്ചു.

5അങ്ങനെ അവന്‍ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോട്: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെയൊക്കെ വേറേയും കുടിപ്പാന്‍ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറേയും നിറുത്തുക എന്നു കല്പിച്ചു.

6കൈ വായ്ക്കു വച്ചു നക്കിക്കുടിച്ചവര്‍ ആകെ മുന്നൂറു പേരായിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാന്‍ മുട്ടുകുത്തി കുനിഞ്ഞു.

7യഹോവ ഗിദെയോനോട്: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാന്‍ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്‍റെ കൈയിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.

8അങ്ങനെ അവര്‍ ജനത്തിന്‍റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവന്‍ വീട്ടിലേക്കു പറഞ്ഞയയ്ക്കയും ആ മുന്നൂറു പേരെ നിറുത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.

9അന്നു രാത്രി യഹോവ അവനോടു കല്പിച്ചത്: എഴുന്നേറ്റു പാളയത്തിന്‍റെ നേരേ ഇറങ്ങിച്ചെല്ലുക; ഞാന്‍ അതു നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.

10ഇറങ്ങിച്ചെല്ലുവാന്‍ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്‍റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്ക് ഇറങ്ങിച്ചെല്ലുക.

11എന്നാൽ അവര്‍ സംസാരിക്കുന്നത് എന്തെന്നു നീ കേള്‍ക്കും; അതിന്‍റെശേഷം പാളയത്തിന്‍റെ നേരേ ഇറങ്ങിച്ചെല്ലുവാന്‍ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്‍റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.

12എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്ക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.

13ഗിദെയോന്‍ ചെല്ലുമ്പോള്‍ ഒരുത്തന്‍ മറ്റൊരുത്തനോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാന്‍ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടുവന്നു കൂടാരംവരെ എത്തി അതിനെ തള്ളിമറിച്ചിട്ട് അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു.

14അതിനു മറ്റവന്‍: ഇതു യോവാശിന്‍റെ മകനായ ഗിദെയോന്‍ എന്ന യിസ്രായേല്യന്‍റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെയൊക്കെയും അവന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.

15ഗിദെയോന്‍ സ്വപ്നവും പൊരുളും കേട്ടപ്പോള്‍ നമസ്കരിച്ചു; യിസ്രായേലിന്‍റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിന്‍, യഹോവ മിദ്യാന്‍റെ പാളയത്തെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

16അനന്തരം അവന്‍ ആ മുന്നൂറു പേരെ മൂന്നു കൂട്ടമായി വിഭാഗിച്ച് ഓരോരുത്തന്‍റെ കൈയിൽ ഓരോ കാഹളവും വെറും കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്ത്,

17അവരോടു പറഞ്ഞത്: ഞാന്‍ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിന്‍; പാളയത്തിന്‍റെ അറ്റത്ത് എത്തുമ്പോള്‍ ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിന്‍,

18ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോള്‍ നിങ്ങളും പാളയത്തിന്‍റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവയ്ക്കും ഗിദെയോനും വേണ്ടി എന്നു പറവിന്‍.

19മധ്യയാമത്തിന്‍റെ ആരംഭത്തിൽ അവര്‍ കാവൽ മാറി നിര്‍ത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിന്‍റെ അറ്റത്ത് എത്തി കാഹളം ഊതി കൈയിൽ ഉണ്ടായിരുന്ന കുടങ്ങള്‍ ഉടച്ചു.

20മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങള്‍ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതുവാന്‍ കാഹളവും പിടിച്ചു: യഹോവയ്ക്കും ഗിദെയോനും വേണ്ടി വാള്‍ എന്ന് ആര്‍ത്തു.

21അവര്‍ പാളയത്തിന്‍റെ ചുറ്റും ഓരോരുത്തന്‍ താന്താന്‍റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവര്‍ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.

22ആ മുന്നൂറു പേരും കാഹളം ഊതിയപ്പോള്‍ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്‍റെ വാള്‍ താന്താന്‍റെ കൂട്ടുകാരന്‍റെ നേരേ തിരിപ്പിച്ചു; സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിനരികെയുള്ള ആബേൽ-മെഹോലയുടെ അതിര്‍വരെയും ഓടിപ്പോയി.

23യിസ്രായേല്യര്‍ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടര്‍ന്നു.

24ഗിദെയോന്‍ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരേ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാവരെയുള്ള വെള്ളത്തെയും യോര്‍ദ്ദാനെയും അവര്‍ക്കുമുമ്പേ കൈവശമാക്കിക്കൊള്‍വിന്‍ എന്നു പറയിച്ചു. അങ്ങനെതന്നെ എഫ്രയീമ്യരൊക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള വെള്ളവും യോര്‍ദ്ദാനും കൈവശമാക്കി.

25ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവര്‍ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിനരികെയുംവച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടര്‍ന്നു, ഓരേബിന്‍റെയും സേബിന്‍റെയും തല യോര്‍ദ്ദാനക്കരെ ഗിദെയോന്‍റെ അടുക്കൽ കൊണ്ടുവന്നു.