പഴയ നിയമംMOV

ന്യായാധിപന്മാര്‍ 2

1അനന്തരം യഹോവയുടെ ഒരു ദൂതന്‍ ഗില്ഗാലിൽനിന്ന് ബോഖീമിലേക്കു വന്നുപറഞ്ഞത്: ഞാന്‍ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു: നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല എന്നും

2നിങ്ങള്‍ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാൽ നിങ്ങള്‍ എന്‍റെ വാക്ക് അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തത് എന്ത്?

3അതുകൊണ്ട് ഞാന്‍ അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല; അവര്‍ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കെണിയായും ഇരിക്കും എന്നു ഞാന്‍ പറയുന്നു.

4യഹോവയുടെ ദൂതന്‍ ഈ വചനം എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞപ്പോള്‍ ജനം ഉച്ചത്തിൽ കരഞ്ഞു.

5അവര്‍ ആ സ്ഥലത്തിന് ബോഖീം (കരയുന്നവര്‍) എന്നു പേരിട്ടു; അവിടെ യഹോവയ്ക്കു യാഗം കഴിച്ചു.

6എന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കള്‍ ദേശം കൈവശമാക്കുവാന്‍ ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തിലേക്കു പോയി.

7യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ട് ഏറിയനാള്‍ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിനുവേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.

8എന്നാൽ യഹോവയുടെ ദാസനായി നൂന്‍റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.

9അവനെ എഫ്രയീംപര്‍വതത്തിലെ തിമ്നാത്ത്-ഹേരെസിൽ ഗായശ്മലയുടെ വടക്കുവശത്ത് അവന്‍റെ അവകാശഭൂമിയിൽ അടക്കം ചെയ്തു.

10പിന്നെ ആ തലമുറയൊക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേര്‍ന്നു; അവരുടെശേഷം യഹോവയെയും അവന്‍ യിസ്രായേലിനുവേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.

11എന്നാൽ യിസ്രായേൽമക്കള്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെ സേവിച്ചു,

12തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്നു നമസ്കരിച്ച് യഹോവയെ കോപിപ്പിച്ചു.

13അവര്‍ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.

14യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; അവരെ കവര്‍ച്ച ചെയ്യേണ്ടതിന് അവന്‍ അവരെ കവര്‍ച്ചക്കാരുടെ കൈയിൽ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കള്‍ക്ക് അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാന്‍ അവര്‍ക്കു പിന്നെ കഴിഞ്ഞില്ല.

15യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവര്‍ ചെന്നേടത്തൊക്കെയും അനര്‍ഥം വരത്തക്കവണ്ണം അവര്‍ക്കു വിരോധമായിരുന്നു; അവര്‍ക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.

16എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവര്‍ കവര്‍ച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു.

17അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗം ചെയ്ത് അവയെ നമസ്കരിച്ച്, തങ്ങളുടെ പിതാക്കന്മാര്‍ നടന്ന വഴിയിൽനിന്ന് വേഗം മാറിക്കളഞ്ഞു; അവര്‍ യഹോവയുടെ കല്പനകള്‍ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല.

18യഹോവ അവര്‍ക്ക് ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോള്‍ യഹോവ അതതു ന്യായാധിപനോടു കൂടെയിരുന്ന് അവന്‍റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലവിളിയിങ്കൽ യഹോവയ്ക്കു മനസ്സലിവു തോന്നും.

19എന്നാൽ ആ ന്യായാധിപന്‍ മരിച്ചശേഷം അവര്‍ തിരിഞ്ഞ് അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചുംകൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം വഷളത്തം പ്രവര്‍ത്തിക്കും; അവര്‍ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും.

20അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു: ഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചിട്ടുള്ള എന്‍റെ നിയമം ലംഘിച്ച് എന്‍റെ വാക്കു കേള്‍ക്കായ്കയാൽ

21അവരുടെ പിതാക്കന്മാര്‍ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിനു ഞാനും,

22യോശുവ മരിക്കുമ്പോള്‍ വിട്ടേച്ചുപോയ ജാതികളിൽ ഒന്നിനെയും ഇനി അവരുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല എന്ന് അവന്‍ അരുളിച്ചെയ്തു.

23അങ്ങനെ യഹോവ ആ ജാതികളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കൈയിൽ ഏല്പിക്കാതെയും വച്ചിരുന്നു.