പഴയ നിയമംMOV
1യോശുവയുടെ മരണശേഷം യിസ്രായേൽ മക്കള്‍: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധം ചെയ്‍വാന്‍ ആദ്യം പുറപ്പെടേണ്ടത് എന്ന് യഹോവയോടു ചോദിച്ചു.
2യെഹൂദാ പുറപ്പെടട്ടെ; ഞാന്‍ ദേശം അവന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് യഹോവ കല്പിച്ചു.
3യെഹൂദാ തന്‍റെ സഹോദരനായ ശിമെയോനോട്: എന്‍റെ അവകാശദേശത്തു കനാന്യരോടു യുദ്ധം ചെയ്‍വാന്‍ നീ എന്നോടുകൂടെ പോരേണം; നിന്‍റെ അവകാശദേശത്ത് നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു. ശിമെയോന്‍ അവനോടുകൂടെ പോയി.
4അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏല്പിച്ചു; അവര്‍ ബേസെക്കിൽവച്ച് അവരിൽ പതിനായിരം പേരെ സംഹരിച്ചു.
5ബേസെക്കിൽവച്ച് അവര്‍ അദോനീ-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധം ചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.
6എന്നാൽ അദോനീ-ബേസെക് ഓടിപ്പോയി; അവര്‍ അവനെ പിന്തുടര്‍ന്നു പിടിച്ച് അവന്‍റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
7കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാര്‍ എന്‍റെ മേശയിന്‍കീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാന്‍ ചെയ്തതുപോലെതന്നെ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്ന് അദോനീ-ബേസെക് പറഞ്ഞു. അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി, അവിടെവച്ച് അവന്‍ മരിച്ചു.
8യെഹൂദാമക്കള്‍ യെരൂശലേമിന്‍റെ നേരേ യുദ്ധം ചെയ്ത് അതിനെ പിടിച്ച് വാളിന്‍റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.
9അതിന്‍റെശേഷം യെഹൂദാമക്കള്‍ മലനാട്ടിലും തെക്കേ ദേശത്തിലും താഴ്വീതിയിലും പാര്‍ത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‍വാന്‍ പോയി.
10യെഹൂദാ ഹെബ്രോനിൽ പാര്‍ത്തിരുന്ന കനാന്യരുടെ നേരേയും ചെന്നു; ഹെബ്രോന് പണ്ടു കിര്യത്ത്-അര്‍ബ്ബാ എന്നു പേര്‍. അവര്‍ ശേശായി, അഹീമാന്‍, തൽമായി എന്നവരെ സംഹരിച്ചു.
11അവിടെനിന്ന് അവര്‍ ദെബീര്‍നിവാസികളുടെ നേരേ ചെന്നു; ദെബീരിന് പണ്ടു കിര്യത്ത്-സേഫെര്‍ എന്നു പേര്‍.
12അപ്പോള്‍ കാലേബ്: കിര്യത്ത്-സേഫെര്‍ ജയിച്ചടക്കുന്നവനു ഞാന്‍ എന്‍റെ മകള്‍ അക്സായെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.
13കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകന്‍ ഒത്നീയേൽ അതു പിടിച്ചു; അവന്‍ തന്‍റെ മകള്‍ അക്സായെ അവനു ഭാര്യയായി കൊടുത്തു.
14അവള്‍ വന്നപ്പോള്‍ തന്‍റെ അപ്പനോട് ഒരു വയൽ ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ കാലേബ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചു.
15അവള്‍ അവനോട്, ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കന്‍നാട്ടിലേക്കല്ലോ കൊടുത്തത്, നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകള്‍ കൊടുത്തു.
16മോശെയുടെ അളിയനായ കേന്യന്‍റെ മക്കള്‍ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽ നിന്ന് അരാദിനു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവര്‍ ചെന്നു ജനത്തോടുകൂടെ പാര്‍ത്തു.
17പിന്നെ യെഹൂദാ തന്‍റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവര്‍ സെഫാത്തിൽ പാര്‍ത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിര്‍മ്മൂലമാക്കി; ആ പട്ടണത്തിന് ഹോര്‍മ്മാ എന്നു പേരിട്ടു.
18യെഹൂദാ ഗസ്സയും അതിന്‍റെ അതിര്‍നാടും അസ്കലോനും അതിന്‍റെ അതിര്‍നാടും എക്രോനും അതിന്‍റെ അതിര്‍നാടും പിടിച്ചു.
19യഹോവ യെഹൂദായോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികള്‍ക്ക് ഇരുമ്പുരഥങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല.
20മോശെ കല്പിച്ചതുപോലെ അവര്‍ കാലേബിനു ഹെബ്രോന്‍ കൊടുത്തു; അവന്‍ അവിടെനിന്ന് അനാക്കിന്‍റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
21ബെന്യാമീന്‍മക്കള്‍ യെരൂശലേമിൽ പാര്‍ത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യര്‍ ഇന്നുവരെ ബെന്യാമീന്‍മക്കളോടുകൂടെ യെരൂശലേമിൽ പാര്‍ത്തുവരുന്നു.
22യോസേഫിന്‍റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
23യോസേഫിന്‍റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാന്‍ ആളയച്ചു; ആ പട്ടണത്തിനു മുമ്പേ ലൂസ് എന്നു പേരായിരുന്നു.
24പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാര്‍ കണ്ട് അവനോട്: പട്ടണത്തിൽ കടപ്പാന്‍ ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങള്‍ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.
25അവന്‍ പട്ടണത്തിൽ കടപ്പാനുള്ള വഴി അവര്‍ക്കു കാണിച്ചുകൊടുത്തു; അവര്‍ പട്ടണത്തെ വാളിന്‍റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു; ആ മനുഷ്യനെയും അവന്‍റെ സകല കുടുംബത്തെയും വിട്ടയച്ചു;
26അവന്‍ ഹിത്യരുടെ ദേശത്തു ചെന്ന് ഒരു പട്ടണം പണിത് അതിനു ലൂസ് എന്നു പേരിട്ടു; അതിന് ഇന്നുവരെ അതുതന്നെ പേര്‍.
27മനശ്ശെ ബേത്ത്-ശെയാനിലും അതിന്‍റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്‍റെ ഗ്രാമങ്ങളിലും ദോരിലും അതിന്‍റെ ഗ്രാമങ്ങളിലും യിബ്ലെയാമിലും അതിന്‍റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്ക് ആ ദേശത്തുതന്നെ പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു.
28എന്നാൽ യിസ്രായേലിനു ബലം കൂടിയപ്പോള്‍ അവര്‍ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ട് ഊഴിയവേല ചെയ്യിച്ചു.
29എഫ്രയീം ഗേസെരിൽ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഗേസെരിൽ അവരുടെ ഇടയിൽ പാര്‍ത്തു.
30സെബൂലൂന്‍ കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഊഴിയവേലക്കാരായിത്തീര്‍ന്ന് അവരുടെ ഇടയിൽ പാര്‍ത്തു.
31ആശേര്‍ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബായിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
32അവരെ നീക്കിക്കളയാതെ ആശേര്യര്‍ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാര്‍ത്തു.
33നഫ്താലി ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാര്‍ത്തു; എന്നാൽ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികള്‍ അവര്‍ക്ക് ഊഴിയവേലക്കാരായിത്തീര്‍ന്നു.
34അമോര്യര്‍ ദാന്‍മക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്വരയിലേക്ക് ഇറങ്ങുവാന്‍ അവരെ സമ്മതിച്ചതുമില്ല.
35അങ്ങനെ അമോര്യര്‍ക്കു ഹര്‍ഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു. എന്നാൽ യോസേഫിന്‍റെ ഗൃഹത്തിനു ബലം കൂടിയപ്പോള്‍ അവരെ ഊഴിയവേലക്കാരാക്കിത്തീര്‍ത്തു.
36അമോര്യരുടെ അതിര്‍ അക്രബ്ബീംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു.