പഴയ നിയമംMOV

ന്യായാധിപന്മാര്‍ 19

1യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്ത് എഫ്രയീംമലനാട്ടിൽ ഉള്‍പ്രദേശത്തു വന്നുപാര്‍ത്തിരുന്ന ഒരു ലേവ്യന്‍ ഉണ്ടായിരുന്നു; അവന്‍ യെഹൂദായിലെ ബേത്‍ലഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.

2അവന്‍റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്ത് അവനെ വിട്ടു യെഹൂദായിലെ ബേത്‍ലഹേമിൽ തന്‍റെ അപ്പന്‍റെ വീട്ടിൽ പോയി നാലു മാസത്തോളം അവിടെ പാര്‍ത്തു.

3അവളുടെ ഭര്‍ത്താവ് പുറപ്പെട്ട് അവളോടു നല്ല വാക്കു പറഞ്ഞ് കൂട്ടിക്കൊണ്ടുവരുവാന്‍ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവള്‍ അവനെ തന്‍റെ അപ്പന്‍റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പന്‍ അവനെ കണ്ടപ്പോള്‍ അവന്‍റെ വരവിങ്കൽ സന്തോഷിച്ചു.

4യുവതിയുടെ അപ്പനായ അവന്‍റെ അമ്മാവിയപ്പന്‍ അവനെ പാര്‍പ്പിച്ചു; അങ്ങനെ അവന്‍ മൂന്നു ദിവസം അവനോടുകൂടെ പാര്‍ത്തു. അവര്‍ തിന്നുകുടിച്ച് അവിടെ രാപാര്‍ത്തു.

5നാലാം ദിവസം അവന്‍ അതികാലത്ത് എഴുന്നേറ്റു യാത്ര പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ യുവതിയുടെ അപ്പന്‍ മരുമകനോട്: അല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.

6അങ്ങനെ അവര്‍ ഇരുന്നു രണ്ടുപേരുംകൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പന്‍ അവനോട്: ദയചെയ്തു രാപാര്‍ത്തു സുഖിച്ചുകൊള്‍ക എന്നു പറഞ്ഞു.

7അവന്‍ പോകേണ്ടതിന് എഴുന്നേറ്റപ്പോള്‍ അവന്‍റെ അമ്മാവിയപ്പന്‍ അവനെ നിര്‍ബന്ധിച്ചു; ആ രാത്രിയും അവന്‍ അവിടെ പാര്‍ത്തു.

8അഞ്ചാം ദിവസം അവന്‍ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോള്‍ യുവതിയുടെ അപ്പന്‍: അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊള്‍ക എന്നു പറഞ്ഞു. അവര്‍ രണ്ടു പേരും ഭക്ഷണം കഴിച്ചു.

9പിന്നെ അവനും അവന്‍റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോള്‍ യുവതിയുടെ അപ്പനായ അവന്‍റെ അമ്മാവിയപ്പന്‍ അവനോട്: ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാര്‍ത്തു സുഖിക്ക; നാളെ അതികാലത്ത് എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.

10എന്നാൽ അന്നും രാപാര്‍പ്പാന്‍ മനസ്സില്ലാതെ അവന്‍ എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിനു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്‍റെ വെപ്പാട്ടിയും അവനോടു കൂടെയുണ്ടായിരുന്നു.

11അവന്‍ യെബൂസിനു സമീപം എത്തിയപ്പോള്‍ നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരന്‍ യജമാനനോട്: നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാര്‍ക്കരുതോ എന്നു പറഞ്ഞു.

12യജമാനന്‍ അവനോട്: യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.

13അവന്‍ പിന്നെയും തന്‍റെ ബാല്യക്കാരനോട്: നമുക്ക് ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമായിലോ രാപാര്‍ക്കാം എന്നു പറഞ്ഞു.

14അങ്ങനെ അവര്‍ മുമ്പോട്ടു പോയി ബെന്യാമീന്‍ദേശത്തിലെ ഗിബെയയ്ക്കു സമീപം എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.

15അവര്‍ ഗിബെയയിൽ രാപാര്‍പ്പാന്‍ കയറി; അവന്‍ ചെന്നു നഗരവീഥിയിൽ ഇരുന്നു; രാപാര്‍ക്കേണ്ടതിനു അവരെ വീട്ടിൽ കൈക്കൊള്‍വാന്‍ ആരെയും കണ്ടില്ല.

16അനന്തരം ഇതാ, ഒരു വൃദ്ധന്‍ വൈകുന്നേരം വേല കഴിഞ്ഞിട്ടു വയലിൽനിന്നു വരുന്നു; അവന്‍ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്നുപാര്‍ക്കുന്നവനുമായിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യര്‍ ആയിരുന്നു.

17വൃദ്ധന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.

18അതിന് അവന്‍: ഞങ്ങള്‍ യെഹൂദായിലെ ബേത്‍ലഹേമിൽനിന്ന് എഫ്രയീംമലനാട്ടിൽ ഉള്‍പ്രദേശത്തേക്കു പോകുന്നു; ഞാന്‍ അവിടത്തുകാരന്‍ ആകുന്നു; ഞാന്‍ യെഹൂദായിലെ ബേത്‍ലഹേമിനോളം പോയിരുന്നു; ഇപ്പോള്‍ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊള്‍വാന്‍ ഇവിടെ ആരും ഇല്ല.

19ഞങ്ങളുടെ കഴുതകള്‍ക്കു വൈക്കോലും തീനും ഉണ്ട്; എനിക്കും നിന്‍റെ ദാസിക്കും അടിയങ്ങളോടു കൂടെയുള്ള ബാല്യക്കാരനും അപ്പവും വീഞ്ഞും കൈവശമുണ്ട്, ഒന്നിനും കുറവില്ല എന്നു പറഞ്ഞു.

20അതിനു വൃദ്ധന്‍: നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാന്‍ തരും; വീഥിയിൽ രാപാര്‍ക്ക മാത്രമരുത് എന്നു പറഞ്ഞു,

21അവനെ തന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകള്‍ക്കു തീന്‍ കൊടുത്തു; അവരും കാലുകള്‍ കഴുകി ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.

22ഇങ്ങനെ അവര്‍ സുഖിച്ചുകൊണ്ടിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര്‍ വീടുവളഞ്ഞു വാതിലിനു മുട്ടി: നിന്‍റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങള്‍ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.

23വീട്ടുടയവനായ പുരുഷന്‍ അവരുടെ അടുക്കൽ പുറത്തുചെന്ന് അവരോട്: അരുതേ, എന്‍റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആള്‍ എന്‍റെ വീട്ടിൽ വന്നിരിക്കകൊണ്ട് ഈ വഷളത്തം പ്രവര്‍ത്തിക്കരുതേ.

24ഇതാ, കന്യകയായ എന്‍റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെയുണ്ട്; അവരെ ഞാന്‍ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിന്‍; ഈ ആളോടോ ഈവക വഷളത്തം പ്രവര്‍ത്തിക്കരുതേ എന്നു പറഞ്ഞു.

25എന്നാൽ അവര്‍ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷന്‍ തന്‍റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവര്‍ അവളെ പുണര്‍ന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാൽക്കാരം ചെയ്തു; നേരം വെളുക്കാറായപ്പോള്‍ അവളെ വിട്ടുപോയി.

26പ്രഭാതത്തിങ്കൽ സ്ത്രീ വന്നു തന്‍റെ യജമാനന്‍ പാര്‍ത്ത ആ പുരുഷന്‍റെ വീട്ടുവാതിൽക്കൽ വീണുകിടന്നു.

27അവളുടെ യജമാനന്‍ രാവിലെ എഴുന്നേറ്റു വീട്ടിന്‍റെ വാതിൽ തുറന്നു തന്‍റെ വഴിക്കു പോകുവാന്‍ പുറത്തിറങ്ങിയപ്പോള്‍ ഇതാ, അവന്‍റെ വെപ്പാട്ടി വീട്ടുവാതിൽക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.

28അവന്‍ അവളോട്: എഴുന്നേല്ക്ക, നാം പോക എന്നു പറഞ്ഞു. അതിനു മറുപടി ഉണ്ടായില്ല. അവന്‍ അവളെ കഴുതപ്പുറത്തുവച്ചു പുറപ്പെട്ടു തന്‍റെ സ്ഥലത്തേക്കു പോയി,

29വീട്ടിലെത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്‍റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്‍റെ സകല ദിക്കുകളിലും കൊടുത്തയച്ചു.

30അതു കണ്ടവര്‍ എല്ലാവരും: യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു വന്ന നാള്‍മുതൽ ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ച് ആലോചിച്ച് അഭിപ്രായം പറവിന്‍ എന്നു പറഞ്ഞു.