പഴയ നിയമംMOV

ന്യായാധിപന്മാര്‍ 18

1അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാന്‍ഗോത്രക്കാര്‍ അക്കാലം തങ്ങള്‍ക്കു കുടിപാര്‍പ്പാന്‍ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവര്‍ക്ക് അന്നുവരെ അവകാശം സ്വാധീനമായി വന്നിരുന്നില്ല.

2അങ്ങനെയിരിക്കെ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിനു ദാന്യര്‍ തങ്ങളുടെ ഗോത്രത്തിൽനിന്നു കൂട്ടത്തിൽ പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽനിന്നും അയച്ചു, അവരോട്: നിങ്ങള്‍ ചെന്നു ദേശം ശോധനചെയ്‍വിന്‍ എന്നു പറഞ്ഞു.

3അവര്‍ എഫ്രയീംമലനാട്ടിൽ മീഖാവിന്‍റെ വീടുവരെ എത്തി രാത്രി അവിടെ പാര്‍ത്തു. മീഖാവിന്‍റെ വീട്ടിനരികെ എത്തിയപ്പോള്‍ അവര്‍ ആ ലേവ്യയുവാവിന്‍റെ ശബ്ദം കേട്ടറിഞ്ഞ് അവിടെ കയറിച്ചെന്ന് അവനോട്: നിന്നെ ഇവിടെ കൊണ്ടുവന്നത് ആര്‍? നീ ഇവിടെ എന്തു ചെയ്യുന്നു? നിനക്ക് ഇവിടെ എന്തു കിട്ടും എന്നു ചോദിച്ചു.

4അവന്‍ അവരോട്: മീഖാവ് എനിക്ക് ഇന്നിന്നതു ചെയ്തിരിക്കുന്നു; അവന്‍ എന്നെ ശമ്പളത്തിനു നിര്‍ത്തി; ഞാന്‍ അവന്‍റെ പുരോഹിതന്‍ ആകുന്നു എന്നു പറഞ്ഞു.

5അവര്‍ അവനോട്: ഞങ്ങള്‍ പോകുന്ന യാത്ര ശുഭമാകുമോ എന്ന് അറിയേണ്ടതിനു ദൈവത്തോടു ചോദിക്കേണം എന്നു പറഞ്ഞു.

6പുരോഹിതന്‍ അവരോട്: സമാധാനത്തോടെ പോകുവിന്‍; നിങ്ങള്‍ പോകുന്ന യാത്ര യഹോവയ്ക്കു സമ്മതംതന്നെ എന്നു പറഞ്ഞു.

7അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിര്‍ഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവര്‍ക്കു ദോഷം ചെയ്‍വാന്‍ പ്രാപ്തിയുള്ളവന്‍ ദേശത്ത് ആരുമില്ല; അവര്‍ സീദോന്യര്‍ക്ക് അകലെ പാര്‍ക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവര്‍ക്കു സംസര്‍ഗവുമില്ല എന്നു കണ്ടു.

8പിന്നെ അവര്‍ സോരയിലും എസ്തായോലിലും തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാര്‍ അവരോട്: നിങ്ങള്‍ എന്തു വര്‍ത്തമാനം കൊണ്ടുവരുന്നു എന്നു ചോദിച്ചു.

9അതിന് അവര്‍: എഴുന്നേല്പിന്‍; നാം അവരുടെ നേരേ ചെല്ലുക; ആ ദേശം ബഹുവിശേഷം എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങള്‍ അനങ്ങാതിരിക്കുന്നത് എന്ത്? ആ ദേശം കൈവശമാക്കേണ്ടതിനു പോകുവാന്‍ മടിക്കരുത്.

10നിങ്ങള്‍ ചെല്ലുമ്പോള്‍ നിര്‍ഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അതു നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു; അതു ഭൂമിയിലുള്ള യാതൊന്നിനും കുറവില്ലാത്ത സ്ഥലം തന്നെ എന്നു പറഞ്ഞു.

11അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാന്‍ഗോത്രക്കാരിൽ അറുനൂറു പേര്‍ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.

12അവര്‍ ചെന്നു യെഹൂദായിലെ കിര്യത്ത്-യെയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെയും മഹനേ-ദാന്‍ എന്നു പേര്‍ പറയുന്നു; അതു കിര്യത്ത്-യെയാരീമിന്‍റെ പിന്‍വശത്ത് ഇരിക്കുന്നു.

13അവിടെനിന്ന് അവര്‍ എഫ്രയീംമലനാട്ടിലേക്കു ചെന്നു മീഖാവിന്‍റെ വീട്ടിനരികെ എത്തി.

14അപ്പോള്‍ ലയീശ്ദേശം ഒറ്റുനോക്കുവാന്‍ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോട്: ഈ വീടുകളിൽ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ട് എന്ന് അറിഞ്ഞുവോ? ആകയാൽ നിങ്ങള്‍ ചെയ്യേണ്ടത് എന്തെന്നു വിചാരിച്ചുകൊള്‍വിന്‍.

15അവര്‍ അങ്ങോട്ടു തിരിഞ്ഞു മീഖാവിന്‍റെ വീട്ടിനോടു ചേര്‍ന്ന ലേവ്യയുവാവിന്‍റെ വീട്ടിൽ ചെന്ന് അവനോടു കുശലം ചോദിച്ചു.

16യുദ്ധസന്നദ്ധരായ ദാന്യര്‍ അറുനൂറു പേരും വാതിൽക്കൽ നിന്നു.

17ദേശം ഒറ്റുനോക്കുവാന്‍ പോയിരുന്നവര്‍ അഞ്ചു പേരും അകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാര്‍പ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതന്‍ യുദ്ധസന്നദ്ധരായ അറുനൂറു പേരുടെ അടുക്കൽ നിന്നിരുന്നു.

18ഇവര്‍ മീഖാവിന്‍റെ വീട്ടിനകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാര്‍പ്പുപണിയായ വിഗ്രഹവും എടുത്തപ്പോള്‍ പുരോഹിതന്‍ അവരോട്: നിങ്ങള്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.

19അവര്‍ അവനോട്: മിണ്ടരുത്; നിന്‍റെ വായ് പൊത്തി ഞങ്ങളുടെകൂടെ വന്നു ഞങ്ങള്‍ക്കു പിതാവും പുരോഹിതനുമായിരിക്ക; ഒരുവന്‍റെ വീട്ടിനുമാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിനും കുലത്തിനും പുരോഹിതനായിരിക്കുന്നതോ ഏതു നിനക്കു നല്ലത് എന്നു ചോദിച്ചു.

20അപ്പോള്‍ പുരോഹിതന്‍റെ മനം തെളിഞ്ഞു; അവന്‍ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്തു പടജ്ജനത്തിന്‍റെ നടുവിൽ നടന്നു.

21ഇങ്ങനെ അവര്‍ പുറപ്പെട്ടു കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും സമ്പത്തുകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണംചെയ്തു.

22അവര്‍ മീഖാവിന്‍റെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പോള്‍ മീഖാവിന്‍റെ വീട്ടിനോടു ചേര്‍ന്ന വീടുകളിലുള്ളവര്‍ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടര്‍ന്നു.

23അവര്‍ ദാന്യരെ കൂകിവിളിച്ചപ്പോള്‍ അവര്‍ തിരിഞ്ഞുനോക്കി മീഖാവിനോട്: നീ ഇങ്ങനെ ആള്‍ക്കൂട്ടത്തോടുകൂടെ വരുവാന്‍ എന്ത് എന്നു ചോദിച്ചു.

24ഞാന്‍ ഉണ്ടാക്കിയ എന്‍റെ ദേവന്മാരെയും എന്‍റെ പുരോഹിതനെയും നിങ്ങള്‍ അപഹരിച്ചു കൊണ്ടുപോകുന്നു; ഇനി എനിക്ക് എന്തുള്ളൂ? നിനക്ക് എന്ത് എന്നു നിങ്ങള്‍ എന്നോടു ചോദിക്കുന്നത് എങ്ങനെ എന്ന് അവന്‍ പറഞ്ഞു.

25ദാന്യര്‍ അവനോട്: നിന്‍റെ ഒച്ച ഇവിടെ കേള്‍ക്കരുത്: അല്ലെങ്കിൽ ദ്വേഷ്യക്കാര്‍ നിങ്ങളോടു കയര്‍ത്തിട്ടു നിന്‍റെ ജീവനും നിന്‍റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാന്‍ നീ സംഗതി വരുത്തും എന്നു പറഞ്ഞു.

26അങ്ങനെ ദാന്യര്‍ തങ്ങളുടെ വഴിക്കു പോയി; അവര്‍ തന്നിലും ബലവാന്മാര്‍ എന്നു മീഖാവ് കണ്ട് വീട്ടിലേക്കു മടങ്ങിപ്പോന്നു.

27മീഖാവ് തീര്‍പ്പിച്ചവയെയും അവന് ഉണ്ടായിരുന്ന പുരോഹിതനെയും അവര്‍ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിര്‍ഭയവുമായിരുന്ന ജനത്തിന്‍റെ അടുക്കൽ എത്തി അവരെ വാളിന്‍റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവച്ചു ചുട്ടുകളഞ്ഞു.

28അതു സീദോന് അകലെ ആയിരുന്നു; മറ്റു മനുഷ്യരുമായി അവര്‍ക്കു സംസര്‍ഗം ഇല്ലായ്കയാൽ അവരെ വിടുവിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല. അതു ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു.

29അവര്‍ പട്ടണം വീണ്ടും പണിത് അവിടെ കുടിപാര്‍ക്കയും യിസ്രായേലിനു ജനിച്ച തങ്ങളുടെ പിതാവായ ദാന്‍റെ പേരിന്‍പ്രകാരം നഗരത്തിനു ദാന്‍ എന്നു പേരിടുകയും ചെയ്തു; പണ്ട് ആ പട്ടണത്തിനു ലയീശ് എന്നു പേര്‍ ആയിരുന്നു.

30ദാന്യര്‍ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേര്‍ശോമിന്‍റെ മകന്‍ യോനാഥാനും അവന്‍റെ പുത്രന്മാരും ആ ദേശത്തിന്‍റെ പ്രവാസകാലംവരെ ദാന്‍ഗോത്രക്കാര്‍ക്കു പുരോഹിതന്മാരായിരുന്നു.

31ദൈവത്തിന്‍റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവ് തീര്‍പ്പിച്ച വിഗ്രഹം അവര്‍ വച്ചു പൂജിച്ചുപോന്നു.