പഴയ നിയമംMOV

ന്യായാധിപന്മാര്‍ 15

1കുറെക്കാലം കഴിഞ്ഞിട്ട് കോതമ്പു കൊയ്ത്തുകാലത്ത് ശിംശോന്‍ ഒരു കോലാട്ടിന്‍കുട്ടിയെയുംകൊണ്ടു തന്‍റെ ഭാര്യയെ കാണ്‍മാന്‍ ചെന്നു: ശയനഗൃഹത്തിൽ എന്‍റെ ഭാര്യയുടെ അടുക്കൽ ഞാന്‍ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാന്‍ സമ്മതിക്കാതെ:

2നിനക്ക് അവളിൽ കേവലം അനിഷ്ടമായി എന്നു ഞാന്‍ വിചാരിച്ചതുകൊണ്ട് അവളെ നിന്‍റെ തോഴനു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാള്‍ സുന്ദരിയല്ലോ? അവള്‍ മറ്റവള്‍ക്കു പകരം നിനക്ക് ഇരിക്കട്ടെ എന്നു പറഞ്ഞു.

3അതിനു ശിംശോന്‍: ഇപ്പോള്‍ ഫെലിസ്ത്യര്‍ക്ക് ഒരു ദോഷം ചെയ്താൽ ഞാന്‍ കുറ്റക്കാരനല്ല എന്നു പറഞ്ഞു.

4ശിംശോന്‍ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേര്‍ത്ത് പന്തം എടുത്ത് ഈരണ്ടു വാലിനിടയിൽ ഓരോ പന്തം വച്ചുകെട്ടി.

5പന്തത്തിനു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്ക് വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.

6ഇതു ചെയ്തത് ആര്‍ എന്നു ഫെലിസ്ത്യര്‍ അന്വേഷിച്ചാറെ തിമ്നാക്കാരന്‍റെ മരുമകന്‍ ശിംശോന്‍; അവന്‍റെ ഭാര്യയെ അവന്‍ എടുത്ത് തോഴനു കൊടുത്തുകളഞ്ഞു എന്ന് അവര്‍ക്ക് അറിവുകിട്ടി; ഫെലിസ്ത്യര്‍ ചെന്ന് അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.

7അപ്പോള്‍ ശിംശോന്‍ അവരോട്: നിങ്ങള്‍ ഈ വിധം ചെയ്യുന്നു എങ്കിൽ ഞാന്‍ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു.

8അവരെ കഠിനമായി അടിച്ചു തുടയും നടുവും തകര്‍ത്തുകളഞ്ഞു. പിന്നെ അവന്‍ ചെന്ന് ഏതാംപാറയുടെ ഗഹ്വരത്തിൽ പാര്‍ത്തു.

9എന്നാൽ ഫെലിസ്ത്യര്‍ ചെന്ന് യെഹൂദായിൽ പാളയമിറങ്ങി ലേഹിയിൽ എല്ലാം പരന്നു.

10നിങ്ങള്‍ ഞങ്ങളുടെ നേരേ വന്നിരിക്കുന്നത് എന്ത് എന്ന് യെഹൂദ്യര്‍ ചോദിച്ചു. ശിംശോന്‍ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങള്‍ അവനോടും ചെയ്യേണ്ടതിന് അവനെ പിടിച്ചുകെട്ടുവാന്‍ വന്നിരിക്കുന്നു എന്ന് അവര്‍ ഉത്തരം പറഞ്ഞു.

11അപ്പോള്‍ യെഹൂദായിൽനിന്ന് മൂവായിരം പേര്‍ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്ന് ശിംശോനോട്: ഫെലിസ്ത്യര്‍ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോട് ഈ ചെയ്തത് എന്ത് എന്നു ചോദിച്ചു. അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു എന്ന് അവന്‍ അവരോടു പറഞ്ഞു.

12അവര്‍ അവനോട്: ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് നിന്നെ പിടിച്ചുകെട്ടുവാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോന്‍ അവരോട്: നിങ്ങള്‍ തന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോടു സത്യം ചെയ്‍വിന്‍ എന്നു പറഞ്ഞു.

13അവര്‍ അവനോട്: ഇല്ല; ഞങ്ങള്‍ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏല്പിക്കേയുള്ളൂ എന്നു പറഞ്ഞു. അങ്ങനെ അവര്‍ രണ്ടു പുതിയ കയറുകൊണ്ട് അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി.

14അവന്‍ ലേഹിയിൽ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ അവനെ കണ്ടിട്ട് ആര്‍ത്തു. അപ്പോള്‍ യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്ന് അവന്‍റെ കൈ കെട്ടിയിരുന്ന കയര്‍ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്‍റെ ബന്ധനങ്ങള്‍ കൈമേൽനിന്നു ദ്രവിച്ചുപോയി.

15അവന്‍ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്ത് അതുകൊണ്ട് ആയിരം പേരെ കൊന്നുകളഞ്ഞു:

16കഴുതയുടെ താടിയെല്ലുകൊണ്ട് കുന്ന് ഒന്ന്, കുന്ന് രണ്ട്; കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരം പേരെ ഞാന്‍ സംഹരിച്ചു എന്നു ശിംശോന്‍ പറഞ്ഞു.

17ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ട് അവന്‍ താടിയെല്ല് കൈയിൽനിന്ന് എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിനു രാമത്ത്-ലേഹി എന്നു പേരായി.

18പിന്നെ അവന്‍ വളരെ ദാഹിച്ചിട്ട് യഹോവയോടു നിലവിളിച്ചു: അടിയന്‍റെ കൈയാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു മരിച്ച് അഗ്രചര്‍മികളുടെ കൈയിൽ വീഴേണമോ എന്നു പറഞ്ഞു.

19അപ്പോള്‍ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവന്‍ കുടിച്ചു ചൈതന്യം പ്രാപിച്ച് വീണ്ടും ജീവിച്ചു. അതുകൊണ്ട് അതിന് ഏന്‍-ഹക്കോരേ എന്നു പേരായി; അത് ഇന്നുവരെയും ലേഹിയിൽ ഉണ്ട്.

20അവന്‍ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിന് ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.