പഴയ നിയമംMOV

യോശുവ 1

1യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്‍റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോട് അരുളിച്ചെയ്തത്:

2എന്‍റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോര്‍ദ്ദാനക്കരെ ഞാന്‍ യിസ്രായേൽമക്കള്‍ക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിന്‍.

3നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാന്‍ മോശെയോടു കല്പിച്ചതുപോലെ നിങ്ങള്‍ക്കു തന്നിരിക്കുന്നു.

4മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശമൊക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.

5നിന്‍റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്‍റെ നേരേ നില്ക്കയില്ല; ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.

6ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാന്‍ അവര്‍ക്കു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും.

7എന്‍റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണ്ടതിന് നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.

8ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്‍റെ വായിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്‍റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ഥനായും ഇരിക്കും.

9നിന്‍റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ.

10എന്നാറെ യോശുവ ജനത്തിന്‍റെ പ്രമാണികളോടു കല്പിച്ചത്:

11പാളയത്തിൽക്കൂടി കടന്ന് ജനത്തോട്: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന് നിങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞിട്ട് യോര്‍ദ്ദാനക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊള്‍വിന്‍ എന്നു കല്പിപ്പിന്‍.

12പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ:

13യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓര്‍ത്തുകൊള്‍വിന്‍; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.

14നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോര്‍ദ്ദാനിക്കരെ മോശെ നിങ്ങള്‍ക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവരൊക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാര്‍ക്കു മുമ്പായി കടന്നുചെന്ന്

15യഹോവ നിങ്ങള്‍ക്ക് എന്നപോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കു കൊടുക്കുന്ന ദേശം അവര്‍ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്‍റെശേഷം നിങ്ങള്‍ യഹോവയുടെ ദാസനായ മോശെ കിഴക്ക് യോര്‍ദ്ദാനിക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശദേ ശത്തേക്ക് മടങ്ങിവന്ന് അതിനെ അനുഭവിച്ചു കൊള്ളേണം.

16അവര്‍ യോശുവയോട് : നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള്‍ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നേടത്തൊക്കെയും ഞങ്ങള്‍ പോകും.

17ഞങ്ങള്‍ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്‍റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.

18ആരെങ്കിലും നിന്‍റെ കല്പന നിഷേധിക്കുകയും നീ കല്പിക്കുന്ന യാതൊന്നിലും നിന്‍റെ വാക്ക് അനുസരിക്കാതിരിക്കയും ചെയ്താൽ അവന്‍ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രം ഇരുന്നാലും എന്ന് ഉത്തരം പറഞ്ഞു.