പഴയ നിയമംMOV

യോനാ 2

1യോനാ മത്സ്യത്തിന്‍റെ വയറ്റിൽവച്ചു തന്‍റെ ദൈവമായ യഹോവയോടു പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാൽ:

2ഞാന്‍ എന്‍റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്ക് ഉത്തരം അരുളി; ഞാന്‍ പാതാളത്തിന്‍റെ വയറ്റിൽനിന്ന് അയ്യം വിളിച്ചു; നീ എന്‍റെ നിലവിളി കേട്ടു.

3നീ എന്നെ സമുദ്രമധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്‍റെ ഓളങ്ങളും തിരകളുമെല്ലാം എന്‍റെ മീതെ കടന്നുപോയി.

4നിന്‍റെ ദൃഷ്‍ടിയിൽനിന്ന് എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാന്‍ നിന്‍റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാന്‍ പറഞ്ഞു.

5വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ല് എന്‍റെ തലപ്പാവായിരുന്നു.

6ഞാന്‍ പര്‍വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്‍റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്ക് അടച്ചിരുന്നു. നീയോ, എന്‍റെ ദൈവമായ യഹോവേ, എന്‍റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു.

7എന്‍റെ പ്രാണന്‍ എന്‍റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍ യഹോവയെ ഓര്‍ത്ത് എന്‍റെ പ്രാര്‍ഥന നിന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്‍റെ അടുക്കൽ എത്തി.

8മിഥ്യാബിംബങ്ങളെ ഭജിക്കുന്നവര്‍ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.

9ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അര്‍പ്പിക്കും; നേര്‍ന്നിരിക്കുന്നതു ഞാന്‍ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.

10എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ട് അതു യോനായെ കരയ്ക്കു ഛര്‍ദിച്ചുകളഞ്ഞു.