പുതിയ നിയമംMOV

യോഹന്നാന്‍ 6

1അനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്‍റെ അക്കരയ്ക്കു പോയി.

2അവന്‍ രോഗികളില്‍ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്‍റെ പിന്നാലെചെന്നു.

3യേശു മലയില്‍ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.

4യെഹൂദന്മാരുടെ പെസഹാപെരുന്നാള്‍ അടുത്തിരുന്നു.

5യേശു വലിയൊരു പുരുഷാരം തന്‍റെ അടുക്കല്‍ വരുന്നതു കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവര്‍ക്കു തിന്നുവാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും എന്നു ചോദിച്ചു.

6ഇത് അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താന്‍ എന്തു ചെയ്‍വാന്‍ പോകുന്നു എന്നു താന്‍ അറിഞ്ഞിരുന്നു.

7ഫിലിപ്പൊസ് അവനോട്: ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറു പണത്തിന് അപ്പം മതിയാകയില്ല എന്ന് ഉത്തരം പറഞ്ഞു.

8ശിഷ്യന്മാരില്‍ ഒരുത്തനായ ശിമോന്‍പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് അവനോട്:

9ഇവിടെ ഒരു ബാലകന്‍ ഉണ്ട്; അവന്‍റെ പക്കല്‍ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്; എങ്കിലും ഇത്രപേര്‍ക്ക് അത് എന്തുള്ളൂ എന്നു പറഞ്ഞു.

10ആളുകളെ ഇരുത്തുവിന്‍ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാര്‍ ഇരുന്നു.

11പിന്നെ യേശു അപ്പം എടുത്തുവാഴ്ത്തി, ഇരുന്നവര്‍ക്കു പങ്കിട്ടുകൊടുത്തു; അങ്ങനെതന്നെ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.

12അവര്‍ക്കു തൃപ്തിയായശേഷം അവന്‍ ശിഷ്യന്മാരോട്: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിന്‍ എന്നു പറഞ്ഞു.

13അഞ്ചു യവത്തപ്പത്തില്‍ തിന്നു ശേഷിച്ച കഷണം അവര്‍ ശേഖരിച്ചു; പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.

14അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ട്: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു.

15അവര്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.

16സന്ധ്യയായപ്പോള്‍ ശിഷ്യന്മാര്‍ കടല്പുറത്തേക്ക് ഇറങ്ങി

17പടകു കയറി കടലക്കരെ കഫര്‍ന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കല്‍ വന്നിരുന്നില്ല.

18കൊടുങ്കാറ്റ് അടിക്കയാല്‍ കടല്‍ കോപിച്ചു.

19അവര്‍ നാലഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേല്‍ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.

20അവന്‍ അവരോട്: ഞാന്‍ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.

21അവര്‍ അവനെ പടകില്‍ കയറ്റുവാന്‍ ഇച്ഛിച്ചു; ഉടനെ പടക് അവര്‍ പോകുന്ന ദേശത്ത് എത്തിപ്പോയി.

22പിറ്റന്നാള്‍ കടല്ക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും, യേശു ശിഷ്യന്മാരോടുകൂടെ പടകില്‍ കയറാതെ ശിഷ്യന്മാര്‍ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.

23എന്നാല്‍ കര്‍ത്താവ് വാഴ്ത്തിയിട്ട് അവര്‍ അപ്പം തിന്ന സ്ഥലത്തിനരികെ തിബെര്യാസില്‍നിന്നു ചെറുപടകുകള്‍ എത്തിയിരുന്നു.

24യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോള്‍ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫര്‍ന്നഹൂമില്‍ എത്തി.

25കടലക്കരെ അവനെ കണ്ടെത്തിയപ്പോള്‍: റബ്ബീ, നീ എപ്പോള്‍ ഇവിടെ വന്നു എന്നു ചോദിച്ചു.

26അതിന് യേശു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്.

27നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവര്‍ത്തിപ്പിന്‍; അതു മനുഷ്യപുത്രന്‍ നിങ്ങള്‍ക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.

28അവര്‍ അവനോടു ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവര്‍ത്തിക്കേണ്ടതിന് ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.

29യേശു അവരോട്: ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നതത്രേ എന്ന് ഉത്തരം പറഞ്ഞു.

30അവര്‍ അവനോട്: ഞങ്ങള്‍ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന് നീ എന്ത് അടയാളം ചെയ്യുന്നു? എന്തു പ്രവര്‍ത്തിക്കുന്നു?

31നമ്മുടെ പിതാക്കന്മാര്‍ മരുഭൂമി യില്‍ മന്ന തിന്നു; അവര്‍ക്കു തിന്നുവാന്‍ സ്വര്‍ഗത്തില്‍നിന്ന് അപ്പം കൊടുത്തു എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

32യേശു അവരോട്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗത്തില്‍നിന്നുള്ള അപ്പം മോശെയല്ല നിങ്ങള്‍ക്കു തന്നത് എന്‍റെ പിതാവത്രേ, സ്വര്‍ഗത്തില്‍നിന്നുള്ള സാക്ഷാല്‍ അപ്പം നിങ്ങള്‍ക്കു തരുന്നത്.

33ദൈവത്തിന്‍റെ അപ്പമോ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നത് ആകുന്നു എന്നു പറഞ്ഞു.

34അവര്‍ അവനോട്: കര്‍ത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങള്‍ക്കു തരേണമേ എന്നു പറഞ്ഞു.

35യേശു അവരോട് പറഞ്ഞത്: ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു; എന്‍റെ അടുക്കല്‍ വരുന്നവനു വിശക്കയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ഒരു നാളും ദാഹിക്കയുമില്ല.

36എന്നാല്‍ നിങ്ങള്‍ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ.

37പിതാവ് എനിക്കു തരുന്നതൊക്കെയും എന്‍റെ അടുക്കല്‍ വരും; എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളകയില്ല.

38ഞാന്‍ എന്‍റെ ഇഷ്ടമല്ല എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത്.

39അവന്‍ എനിക്കു തന്നതില്‍ ഒന്നും ഞാന്‍ കളയാതെ, എല്ലാം ഒടുക്കത്തെ നാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്‍റെ ഇഷ്ടം.

40പുത്രനെ നോക്കിക്കൊണ്ട് അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകേണമെന്നാകുന്നു എന്‍റെ പിതാവിന്‍റെ ഇഷ്ടം; ഞാന്‍ അവനെ ഒടുക്കത്തെ നാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കും.

41ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം എന്ന് അവന്‍ പറഞ്ഞതിനാല്‍ യെഹൂദന്മാര്‍ അവനെക്കുറിച്ചു പിറുപിറുത്തു:

42ഇവന്‍ യോസേഫിന്‍റെ പുത്രനായ യേശു അല്ലയോ? അവന്‍റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നു എന്ന് അവന്‍ പറയുന്നത് എങ്ങനെ എന്ന് അവര്‍ പറഞ്ഞു.

43യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങള്‍ തമ്മില്‍ പിറുപിറുക്കേണ്ടാ;

44എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചിട്ടല്ലാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ കഴികയില്ല; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും.

45എല്ലാവരും ദൈവത്താല്‍ ഉപദേശിക്കപ്പെട്ടവര്‍ ആകും എന്നു പ്രവാചകപുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവന്‍ എല്ലാം എന്‍റെ അടുക്കല്‍ വരും.

46പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ.

47ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ട്.

48ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു.

49നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്ന തിന്നിട്ടും മരിച്ചുവല്ലോ.

50ഇതോ തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടതിന് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങുന്ന അപ്പം ആകുന്നു.

51സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്‍റെ മാംസം ആകുന്നു.

52ആകയാല്‍ യെഹൂദന്മാര്‍: നമുക്കു തന്‍റെ മാംസം തിന്നേണ്ടതിനു തരുവാന്‍ ഇവന് എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മില്‍ വാദിച്ചു.

53യേശു അവരോടു പറഞ്ഞത്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ജീവന്‍ ഇല്ല.

54എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തംകുടിക്കയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ട്; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും.

55എന്‍റെ മാംസം സാക്ഷാല്‍ ഭക്ഷണവും എന്‍റെ രക്തം സാക്ഷാല്‍ പാനീയവും ആകുന്നു.

56എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

57ജീവനുള്ള പിതാവ് എന്നെ അയച്ചിട്ടു ഞാന്‍ പിതാവിന്മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന്‍ എന്മൂലം ജീവിക്കും.

58സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഇത് ആകുന്നു; പിതാക്കന്മാര്‍ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവന്‍ എന്നേക്കും ജീവിക്കും.

59അവന്‍ കഫര്‍ന്നഹൂമില്‍ ഉപദേശിക്കുമ്പോള്‍ പള്ളിയില്‍വച്ച് ഇതു പറഞ്ഞു.

60അവന്‍റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ട്: ഇത് കഠിനവാക്ക്; ഇത് ആര്‍ക്കു കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു.

61ശിഷ്യന്മാര്‍ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നില്‍ത്തന്നെ അറിഞ്ഞ് അവരോട്: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ച ആകുന്നുവോ?

62മനുഷ്യപുത്രന്‍ മുമ്പേ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങള്‍ കണ്ടാലോ?

63ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാന്‍ നിങ്ങളോടു സംസാരിച്ച വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു.

64എങ്കിലും വിശ്വസിക്കാത്തവര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ട് എന്നു പറഞ്ഞു. -വിശ്വസിക്കാത്തവര്‍ ഇന്നവര്‍ എന്നും തന്നെ കാണിച്ചുകൊടുക്കുന്നവന്‍ ഇന്നവന്‍ എന്നും യേശു ആദിമുതല്‍ അറിഞ്ഞിരുന്നു.-

65ഇതു ഹേതുവായിട്ടത്രേ ഞാന്‍ നിങ്ങളോട്: പിതാവ് കൃപ നല്കിയിട്ടല്ലാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ കഴികയില്ല എന്നു പറഞ്ഞത് എന്നും അവന്‍ പറഞ്ഞു.

66അന്നുമുതല്‍ അവന്‍റെ ശിഷ്യന്മാരില്‍ പലരും പിന്‍വാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല.

67ആകയാല്‍ യേശു പന്തിരുവരോട്: നിങ്ങള്‍ക്കും പൊയ്ക്കൊള്‍വാന്‍ മനസ്സുണ്ടോ എന്നു ചോദിച്ചു.

68ശിമോന്‍ പത്രൊസ് അവനോട്: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കല്‍ ഉണ്ട്.

69നീ ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.

70യേശു അവരോട്: നിങ്ങളെ പന്ത്രണ്ടു പേരെ ഞാന്‍ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളില്‍ ഒരുത്തന്‍ ഒരു പിശാച് ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇത് അവന്‍ ശിമോന്‍ ഈസ്കര്യോത്താവിന്‍റെ മകനായ യൂദായെക്കുറിച്ചു പറഞ്ഞു.

71ഇവന്‍ പന്തിരുവരില്‍ ഒരുത്തന്‍ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവന്‍ ആയിരുന്നു.